ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുന്‍ ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിന്റെ അഭാവം രാജസ്ഥാന്‍ റോയല്‍സിനെ കാര്യമായി ബാധിച്ചേക്കില്ലെന്നു മുന്‍ താരം മുഹമ്മദ് കൈഫ്. പക്ഷെ പരിശീലക സ്ഥനത്തു നിന്നും മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ മാറ്റിയത് തിരക്കിട്ട നീക്കമായി പോയെന്നും ഒരു അവസരം കൂടി അര്‍ഹിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രേഡിങ് വിന്‍ഡോയിലാണ് റോയല്‍സ് വിട്ട് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു സഞ്ജു ചേക്കേറിയത്. പകരം അവിടെ നിന്നും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെനും തിരികെ റോയല്‍സിലേക്കു വരികയും ചെയ്തിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലാണ് ഈ കൂടുമാറ്റങ്ങളെ കുറിച്ച് കൈഫ് വിശകലനം ചെയ്തത്.

എന്തോ സംഭവിച്ചു
രാജസ്ഥാന്‍ റോയല്‍സിനകത്തു കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും ഇതാണ് സഞ്ജു സാംസണും രാഹുല്‍ ദ്രാവിഡുമെല്ലാം ഫ്രാഞ്ചൈസി വിടുന്നതിലക്കു നയിച്ചതെന്നാണ് മുഹമ്മദ് കൈഫിന്റെ അഭിപ്രായം.
കുമാര്‍ സങ്കക്കാര, രാഹുല്‍ ദ്രാവിഡ്, സഞ്ജു സാംസണ്‍, ടീമുടമയായ മനോജ് ബദാല എന്നിവര്‍ക്കിടയില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അതു കാരണമാണ് ഇപ്പോള്‍ സഞ്ജുവും ദ്രാവിഡും റോയല്‍സിനൊപ്പമില്ലാത്തത്.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് അവരുടെ കഴിവിനൊത്ത പ്രകടനവും നടത്തിയിട്ടില്ല. തിടുക്കത്തില്‍ അവര്‍ ദ്രാവിഡിനെ ടീമില്‍ നിന്നും പോവാന്‍ അനുവദിക്കുകയും ചെയ്തു.
ഈ തരത്തിലുള്ള കോച്ചുമാരെ കണ്ടെത്തുകയെന്നതു വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഐപിഎല്‍ വളരെ ബുദ്ധിമുട്ടേറിയ ടൂര്‍ണമെന്റായതിനാല്‍ തന്നെ ചിലപ്പോള്‍ ടീമുകള്‍ക്കു നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞേക്കില്ലെന്നും കൈഫ് വിലയിരുത്തി.
എല്ലാ ഐപിഎല്‍ സീസണുകളിലും നിങ്ങള്‍ക്കു ടോപ്പ് ത്രീയില്‍ തന്നെ ഫിനിഷ് ചെയ്യാന്‍ സാധിച്ചേക്കില്ല. മെഗാ താരലേലം നടന്നപ്പോള്‍ ജോസ് ബട്‌ലറെ പോലെയുള്ളവര്‍ റോയല്‍സില്‍ ഇല്ലായിരുന്നു.
മാത്രമല്ല കുമാര്‍ സങ്കക്കാരയ്ക്കു ലഭിച്ചതു പോലെയൊരു ടീമിനെയും രാഹുല്‍ ദ്രാവിഡിനു കിട്ടിയില്ല. അതുകൊണ്ടു തന്നെ കഴിഞ്ഞ തവണത്തെ റോയല്‍സ് താരതമ്യേന ദുര്‍ബലരുമായിരുന്നെന്നും കൈഫ് ചൂണ്ടിക്കാട്ടി.
പ്രഥമ സീസണിലെ ചാംപ്യന്മാരായ റോയല്‍സ് കഴിഞ്ഞ തവണ പ്ലേഓഫ് പോലുമെത്താതെയാണ് പുറത്തായത്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കു അവര്‍ കൂപ്പുകുത്തുകയും ചെയ്തു. ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമേ റോയല്‍സിനു ജയിക്കാനുമായുള്ളൂ.

സഞ്ജുവിന്റെ അഭാവം
സഞ്ജു സാംസണിന്റെ അഭാവം ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ബാധിച്ചേക്കില്ലെന്ന അഭിപ്രായമാണ് മുഹമ്മദ് കൈഫിനുള്ളത്. പക്ഷെ രാഹുല്‍ ദ്രാവിഡിന്റെ കാര്യം അങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു.
രാജസ്ഥാന്‍ റോയല്‍സിന്റെ അണിയറയില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് നമുക്കറിയില്ല. ടീം മാനേജ്‌മെന്റിന്റെ ചില തീരുമാനങ്ങളില്‍ സഞ്ജു സാംസണ്‍ അസ്വസ്ഥനായിരിക്കാം. അദ്ദേഹത്തിനു രാഹുല്‍ ദ്രാവിഡുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായോ എന്നു നമുക്കറിയില്ല. ഉണ്ടായിരുന്നെങ്കില്‍ ദ്രാവിഡ് റോയല്‍സ് വിട്ടപ്പോള്‍ സഞ്ജു ടീമില്‍ തുടര്‍ന്നേനെ. അതുകൊണ്ടു തന്നെ അദ്ദേഹം ടീം വിട്ടത് മറ്റെന്തെങ്കിലും കാരണങ്ങളാലാവാം.
റോയല്‍സില്‍ ദ്രാവിഡ് ഒരു അവസരം കൂടി അര്‍ഹിച്ചിരുന്നുവെന്നതാണ് സത്യം. പക്ഷെ റോയല്‍സ് മൂന്നോട്ടു പോവുകയും കുമാര്‍ സങ്കക്കാരയെ പകരം കൊണ്ടു വരികയും ചെയ്തു. സഞ്ജു ടീം വിട്ടത് റോയല്‍സിനെ കാര്യമായി ബാധിക്കുമെന്നു എനിക്കു തോന്നുന്നില്ല.
പക്ഷെ ദ്രാവിഡ് പോയത് അവര്‍ക്കു വലിയ ക്ഷീണമുണ്ടാക്കും. വീണ്ടുമൊരിക്കല്‍ കൂടി റോയല്‍സിനൊപ്പം ദ്രാവിഡ് പ്രവര്‍ത്തിക്കില്ല. അദ്ദേഹം മറ്റെവിടെയെങ്കിലും കോച്ചാവും. കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചയാളാണ് ദ്രാവിഡ്.
വൈഭവ് സൂര്യവംശിയെ പോലെയൊരാളെയാണ് ദ്രാവിഡിന്റെ അഭാവം റോയല്‍സില്‍ ബാധിക്കുക. എങ്ങനെയൊരു ഓള്‍ ഫോര്‍മാറ്റ് താരമായി മാറാമെന്നതിലും ബാറ്റിങ് മെച്ചപ്പെടുത്തുന്നതിലുമെല്ലാം അവനെ ദ്രാവിഡ് സഹായിക്കുകയും ചെയ്‌തേനെയെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.