ഗുവാഹത്തി: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. തിങ്കളാഴ്ച (മാര്‍ച്ച് 30) രാത്രി ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് സിഎസ്‌കെയും രാജസ്ഥാന്‍ റോയല്‍സും കൊമ്പുകോര്‍ക്കുക.
കഴിഞ്ഞ സീസണ്‍ വരെ താന്‍ നയിച്ച അതേ ടീമിനെതിരേ തന്നെ സഞ്ജു സിഎസ്‌കെയില്‍ അരങ്ങേറുന്നുവെന്നതാണ് കൗതുകകരമായ കാര്യം. കരിയര്‍ ബെസ്റ്റ് ഫോമില്‍ നില്‍ക്കവെയാണ് അദ്ദേഹം ഈ മല്‍സരത്തിനായി കച്ചമുറുക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിലെ ഗംഭീര ഫോം ഇനി ഐപിഎല്ലിലും തുടരുകയാവും സഞ്ജുവിന്റെ ലക്ഷ്യം.

സിഎസ്‌കെയുടെ ജഴ്‌സിയില്‍ അദ്ദേഹം തുടക്കം മോശമാക്കാന്‍ സാധ്യതയില്ല. ഫിഫ്റ്റി പ്ലസ് സ്‌കോറോ, സെഞ്ച്വറിയോ തന്നെ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും നമുക്കു പ്രതീക്ഷിക്കാം. ഇതിന്റെ പ്രധാന കാരണമെന്താണെന്നു നമുക്കു നോക്കാം.

ഐപിഎല്ലിന്റെ അവസാനത്തെ ആറു സീസണുകളെടുത്താല്‍ എല്ലായ്‌പ്പോഴും ബാറ്റിങില്‍ ഗംഭീരമായി തന്നെ തുടങ്ങുന്നയാളാണ് സഞ്ജു സാംസണെന്നു കണക്കുകള്‍ പറയുന്നു. 2020 മുതല്‍ രാജസ്ഥാന്‍ റോയല്‍സിനായി അദ്ദേഹം കളിച്ചിട്ടുള്ള ഓരോ സീസണിലെയും ആദ്യ കളിയില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് കളിച്ചിട്ടുള്ളത്.
2020 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയെടുത്താല്‍ ഒരു സീസണിലും ആദ്യ കളിയില്‍ സഞ്ജു നിരാശപ്പെടുത്തിയിട്ടില്ല. ഫിഫ്റ്റി പ്ലസ് ഗ്യാരണ്ടിയാണെന്നു തന്നെയാണ് അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് 2020ല്‍ സഞ്ജു ആദ്യ മല്‍സരം കളിക്കാനിറങ്ങിയത്. വെറും 32 ബോളില്‍ 74 റണ്‍സുമായി റോയല്‍സിനു വേണ്ടി അദ്ദേഹം ബാറ്റിങില്‍ കസറി.
തൊട്ടടുത്ത സീസണില്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റനായും സഞ്ജു നിയമിക്കപ്പെട്ടു. സീസണിനു ശേഷം നായകസ്ഥാനത്തു നിന്നും ടീമില്‍ നിന്നുമെല്ലാം പുറത്താക്കപ്പെട്ട സ്റ്റീവ് സ്മിത്തിന്റെ പകരക്കാരനായിട്ടായിരുന്നു ഇത്.

കെഎല്‍ രാഹുല്‍ നയിച്ച പഞ്ചാബ് കിങ്‌സുമായിട്ടായിരുന്നു ആര്‍ആര്‍ ക്യാപ്റ്റനായുള്ള സഞ്ജുവിന്റെ അരങ്ങേറ്റം. കിടിലനൊരു സെഞ്ച്വറിയുമായി അദ്ദേഹം ഇതു അവിസ്മരണീയമാക്കുകയും ചെയ്തു.
വമ്പന്‍ റണ്‍ചേസില്‍ 119 റണ്‍സുമായാണ് സഞ്ജു മിന്നിച്ചത്. നിര്‍ഭാഗ്യവശാല്‍ റോയല്‍സിന് ഈ മല്‍സരം ജയിക്കാനായില്ല. വെറും നാലു റണ്‍സിനു സഞ്ജുവിന്റെ റോയല്‍സ് ടീം പൊരുതി വീഴുകയായിരുന്നു.
222 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് റോയല്‍സിനു പഞ്ചാബ് നല്‍കിയത്. പക്ഷെ ഏഴു വിക്കറ്റിനു 217 റണ്‍സില്‍ അവര്‍ പൊരുതി വീണു. വെറും 63 ബോളിലാണ് സഞ്ജു 119 റണ്‍സ് വാരിക്കൂട്ടിയത്. 12 ഫോറുകളും ഏഴു സിക്‌സറും ഇതിലുള്‍പ്പെടും. ടീം തോറ്റെങ്കിലും അന്നു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു.
ഒരു വമ്പന്‍ റെക്കോര്‍ഡ് കൂടിയാണ് സഞ്ജു തന്റെ പേരില്‍ അന്നു കുറിച്ചത്. ക്യാപ്റ്റനായി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയടിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് മലയാളി താരത്തെ തേടിയെത്തിയത്. അതു തകര്‍ക്കാന്‍ ഇപ്പോഴും ആര്‍ക്കും സാധിച്ചിട്ടുമില്ല.

2022ലെ ഐപില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദുമായാണ് സഞ്ജു ആദ്യ മല്‍സരം കളിച്ചത്. 27 ബോളില്‍ 55 റണ്‍സ് അടിച്ചെടുക്കാനും സാധിച്ചു. 2023ല്‍ വീണ്ടും എസ്ആര്‍എച്ചുമായാണ് ആദ്യ കളിയില്‍ റോയല്‍സ് കൊമ്പുകോര്‍ത്തത്. 32 ബോളില്‍ സഞ്ജു സ്‌കോര്‍ ചെയ്തു.
2024, 25 സീസണുകളിലും ആദ്യ കളിയില്‍ മിന്നിക്കുന്ന പതിവ് അദ്ദേഹം തെറ്റിച്ചില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായാണ് 2024ല്‍ റോയല്‍സ് കൊമ്പുകോര്‍ത്തത്. 52 ബോളില്‍ 82 റണ്‍സോടെ സഞ്ജു തുടക്കം ഗംഭീരമാക്കി. കഴിഞ്ഞ സീസണിലാവട്ടെ എസ്ആര്‍എച്ചായിരുന്നു റോയല്‍സിന്റെ ആദ്യ എതിരാളികള്‍. 37 ബോളില്‍ 66 റണ്‍സും അദ്ദേഹം അടിച്ചെടുത്തിരുന്നു.
ഇനി ഇത്തവണ റോയല്‍സില്‍ നിന്നും സിഎസ്‌കെയിലേക്കു മാറിയെങ്കിലും ഗംംഭീരമായി സീസണ്‍ തുടങ്ങുകയെന്ന ശീലം സഞ്ജു തുടരാനുള്ള സാധ്യതയും കൂടുതലാണ്. എന്താണ് സംഭവിക്കുകയെന്നു നമുക്കു കാത്തിരുന്നു നോക്കാം.