അന്താരാഷ്ട്ര കരിയറില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു സമയത്തിലൂടെ കടന്നുപോവുകയാണ് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍. ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമയതിന്റെ സന്തോഷം ഒരു ഭാഗത്തു നില്‍ക്കുമ്പോള്‍ മറുവശത്ത് അവസരമില്ലാതെ ബെഞ്ചിലാവുമോയെന്ന ഭയവുമുണ്ട്.
ന്യൂസിലാന്‍ഡിനെതിരേ അവസാനം കളിച്ച പരമ്പരയിലെ ദയനീയ പ്രകടനമാണ് ഫസ്റ്റ് ചോയ്‌സ് ഓപ്പണറും കീപ്പറുമായ സഞ്ജുവിനെ ഇപ്പോള്‍ വാട്ടര്‍ ബോയിയുടെ നിലയിലേക്ക് എത്തിച്ചിരിക്കുന്നത്. എങ്കിലും ലോകകപ്പില്‍ ചില മല്‍സരങ്ങളെങ്കിലും കളിക്കാനായേക്കുമെന്ന ശുഭപ്രതീക്ഷ അദ്ദേഹത്തിനുണ്ട്.

നേരത്തേ പ്രതിസന്ധി ഘട്ടങ്ങളില്‍ പല താരങ്ങളുടെയും രക്ഷകനായിട്ടുള്ള സഞ്ജു ഇപ്പോള്‍ ഈ തരത്തില്‍ വഴിമുട്ടിയെന്നത് ഏറെ ഖേദകരവുമാണ്. മുമ്പ് സഞ്ജു കാരണം കരിയര്‍ തിരിച്ചുപിടിച്ച താരങ്ങളിലൊരാളാണ് ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മ. മലയാളി താരത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും വൈറലായിരുന്നു.
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ കൂടിയായ തരുവാര്‍ കാലിയുടെ യൂട്യൂബ് ചാനലില്‍ അതിഥിയായി വന്നപ്പോഴായിരുന്നു കരിയര്‍ തിരിച്ചുപിടിക്കാന്‍ സഞ്ജു സാംസണ്‍ സഹായിച്ചതിനെ കുറിച്ച് സന്ദീപ് ശര്‍മ വെളിപ്പെടുത്തിയത്. ഐപിഎല്‍ ലേലത്തില്‍ അണ്‍സോള്‍ഡായി മാറിയതിന്റെ നിരാശയിലും ദുഖത്തലിലും നില്‍ക്കവെയായിരുന്നു സംഭവമെന്നും അദ്ദേഹം പറയുന്നു.
2023ലെ ഐപിഎല്‍ ലേലത്തില്‍ എന്നെ ആരും വാങ്ങാന്‍ തയ്യാറായില്ല.
ആ സമയത്ത് കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഞാന്‍ കടന്നു പോയ്‌ക്കൊണ്ടിരുന്നത്. അപ്പോഴാണ് എനിക്കു സഞ്ജു സാംസണിന്റെ കോള്‍ വരുന്നത്. ഞാന്‍ മാനസികമായി ഏറെ ഡൗണിരിക്കവെ വളരെ പോസിറ്റീവായിട്ടാണ് അദ്ദേഹം സംസാരിച്ചത്.
ലേലത്തില്‍ എന്നെ ആരും വാങ്ങാതെ പോയതനില്‍ തനിക്കും വിഷമമുണ്ടെന്നു സഞ്ജു എന്നോടു പറഞ്ഞു. പരിക്കുകളെല്ലാം ഗെയിമിന്റെ ഭാഗമാണെന്നു എന്നെ ഓര്‍മിപ്പിക്കുകയും ചെയ്തു. ഈ ഐപിഎല്ലില്‍ ഞാന്‍ കളിക്കുമെന്ന് ഉറപ്പ് നല്‍കിയ സഞ്ജു നല്ല പ്രകടനം നടത്താന്‍ സാധിക്കുമെന്ന് ആത്മവിശ്വാസം പകരുകയും ചെയ്തു.
ആ സമയത്ത് അത്രയും ഉറച്ച വിശ്വാസത്തോടെ എന്നെ സമീപിച്ച രേയൊരു വ്യക്തി സഞ്ജു മാത്രമാണ്. അതൊരു വ്യാജ പ്രചോദനമായിരുന്നില്ല, അദ്ദേഹത്തിന്റെ ഓരോ വാക്കിനും അത്രയും ആത്മാര്‍ഥതയുണ്ടായിരുന്നു. ഒരു യഥാര്‍ഥ സൂഹൃത്ത് എങ്ങനെയാണെന്നു ഞാന്‍ അന്നു തിരിച്ചറിയുകയുംചെയ്തു.
ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ നിങ്ങള്‍ക്കൊപ്പമുണ്ടാവുന്നവരാണ് ശരിക്കുള്ള സുഹൃത്തുക്കള്‍. പിന്നീട് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാംപിലേക്ക് സഞ്ജു എന്നെ വിളിക്കുകയും ചെയ്തു. പ്രസിദ്ധ് കൃഷ്ണയ്ക്കു പരിക്കേറ്റപ്പോള്‍ ടീമിനായി കളിക്കാനുള്ള അവസരവും ലഭിച്ചെന്നായിരുന്നു സന്ദീപിന്റെ വെളിപ്പെടുത്തല്‍.

ക്രിക്കറ്റ് കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്ന ഘട്ടത്തില്‍ നില്‍ക്കവെയാണ് 2023 മാര്‍ച്ച് 27ന് സന്ദീപ് ശര്‍മ ഇഞ്ചുറി റീപ്ലേസ്‌മെന്റായി രാജസ്ഥാന്‍ റോയല്‍സില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ കരിയറിലെ രണ്ടാം ജന്‍മമെന്ന് തന്നെ അതിനെ വിളിക്കാം. പിന്നീട് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഏറ്റവും വിശ്വസ്തനായ ബൗളറായി സന്ദീപ് മാറി.
കളിയുടെ ഏതു ഘട്ടത്തില്‍ പന്തേല്‍പ്പിച്ചാലും വിക്കറ്റുമായി നായകന്റെ പ്രതീക്ഷ കാക്കാനും അദ്ദേഹത്തിനായിട്ടുണ്ട് പുതിയ ഐപിഎല്‍ സീസണ്‍ തുടങ്ങാനിരിക്കവെ സഞ്ജു റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറിയപ്പോഴും സന്ദീപ് റോയല്‍സ് കൂടാരത്തില്‍ തന്നെയുണ്ട്.
അവസാന സീസണ്‍ അദ്ദേഹത്തിനു അത്ര സന്തോഷകരമായിരുന്നില്ല. പരിക്കു കാരണം 10 മല്‍സങ്ങളില്‍ മാത്രമേ റോയല്‍സിനായി പന്തെറിയാനായുള്ളൂ. ഇവയില്‍ വീഴ്ത്തിയതാവട്ടെ ഒമ്പതു വിക്കറ്റുകളുമാണ്.