ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍െ മഞ്ഞക്കുപ്പായത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റത്തിനു വേദിയൊരുങ്ങി. തന്റെ മുന്‍ ടീം കൂടിയായ രാജസ്ഥാന്‍ റോയല്‍സുമായാണ് അദ്ദേഹം അങ്കത്തിനൊരുങ്ങുന്നത്.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ രണ്ടു ടീമുകളാണ് റോയല്‍സും സിഎസ്‌കെയും. പോയിന്റ് പട്ടികയില്‍ അവസാന രണ്ടു സ്ഥാനങ്ങളിലേക്കു ഇരുടീമുകളും കൂപ്പുകുത്തിയിരുന്നു. റോയല്‍സ് ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കില്‍ സിഎസ്‌കെ പത്താമതുമായിരുന്നു. ഇത്തവണ കൂടുതല്‍ മികച്ച തയ്യാറെടുപ്പുകളോടെയായിരിക്കും രണ്ടു ടീമുകളുടെയും വരവ്.

ജയത്തോടെ തന്നെ ദൈര്‍ഘ്യമേറിയ സീസണിനു തുടക്കം കുറിക്കാന്‍ സിഎസ്‌കെയും റോയല്‍സും ശ്രമിക്കുമെന്നതും ഉറപ്പാണ്. മികവുറ്റ അഗ്രസീവ് ബാറ്റര്‍മാര്‍ രണ്ടു ടീമുകളിലും നമുക്കു കാണാം. ഈ കളിയില്‍ ഏറ്റവുമധികം റണ്‍സടിച്ചു കൂട്ടാന്‍ സാധ്യതയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന സഞ്ജു സാംസണ്‍ തന്നെയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കരിയര്‍ ബെസ്റ്റ് ഫോമില്‍ നില്‍ക്കവെയാണ് അദ്ദേഹത്തിന്റെ വരവ്. അവസാനമായി കളിച്ച ഐസിസി ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു സഞ്ജു.
അഞ്ചിന്നിങ്‌സുകളില്‍ നിന്നും 199.37 സ്‌ട്രൈക്ക്‌റേറ്റോടെ അദ്ദേഹം വാരിക്കൂട്ടിയത് 321 റണ്‍സാണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഫൈനലുള്‍പ്പെടെ അവസാന മൂന്നു കളിയിലും സഞ്ജു ടീമിന്റെ ഹീറോയായി മാറിയെന്നതാണ് ശ്രദ്ധേയമായ കാര്യം.
വെസ്റ്റ് ഇന്‍ഡീസിനെതിരേ 97*, ഇംഗ്ലണ്ടിനെതിരേ 89, ന്യൂസിലാന്‍ഡിനെതിരേ 89 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ലോകകപ്പിലെ ഈ പ്രകടനം സഞ്ജുവിനു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. അതുകൊണ്ടു തന്നെ കിടിലനൊരു ഇന്നിങ്‌സ് സിഎസ്‌കെയിലും അദ്ദേഹത്തില്‍ നിന്നുമുറപ്പിക്കാം.

ഐപിഎല്ലില്‍ ഇതിനകം 177 മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്ത് സഞ്ജുവിനുണ്ട്. 139.04 സ്‌ട്രൈക്ക് റേറ്റില്‍ 4704 റണ്‍സും അദ്ദേഹം അക്കൗണ്ടിലേക്കു ചേര്‍ത്തു കഴിഞ്ഞു. മൂന്നു സെഞ്ച്വറികളും 26 ഫിഫ്റ്റികളുമടക്കമാണിത്. പരിക്കുകള്‍ വലച്ച കഴിഞ്ഞ തവണ റോയല്‍സിനായി ഒമ്പതിന്നിങ്‌സുകള്‍ മാത്രമേ സഞ്ജു കളിച്ചിരുന്നുള്ളൂ. ഒരു ഫിഫ്റ്റിയടക്കം 140.39 സ്‌ട്രൈക്ക് റേറ്റില്‍ 285 റണ്‍സും നേടി.
ഈ ലിസ്റ്റിലെ അടുത്തയാളും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം തന്നെയാണ്. അവരുടെ ക്യാപ്റ്റന്‍ കൂടിയായ റുതുരാജ് ഗെയ്ക്വാദാണിത്. ഈ സീസണില്‍ സിഎസ്‌കയ്ക്കു ഓപ്പണറായാണ് താന്‍ കളിക്കുകയെന്നു അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. റുതുരാജിനെ സംബന്ധിച്ച് ഏറ്റവും ബെസ്റ്റ് പൊസിഷനും ഇതാണ്.
രാജസ്ഥാന്‍ റോയല്‍സിനെതിരേ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. എട്ടിന്നിങ്‌സുകളില്‍ നിന്നും അവര്‍ക്കെതിരേ 133.82 സ്‌ട്രൈക്ക് റേറ്റില്‍ 273 റണ്‍സ് റുതുരാജ് നേടിക്കഴിഞ്ഞു. 60 ബോളില്‍ പുറത്താവാതെ നേടിയ 101 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അവസാനമായി കളിച്ച മൂന്നിങ്‌സുകളിലും റോയല്‍സിനെതിരേ 40 പ്ലസ് റണ്‍സും അദ്ദേഹം അടിച്ചെടുത്തു.

ഓപ്പണറായി സിഎസ്‌കെയ്ക്കു വേണ്ടി റുതുരാജ് കളിച്ചത് 60 ഇന്നിങ്‌സുകളാണ്. രണ്ടു സെഞ്ച്വറികളും 17 ഫിഫ്റ്റികളുമടക്കം 2289 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഗുവാഹത്തിയില്‍ റോയല്‍സിനെതിരേ കളിച്ച മല്‍സരത്തില്‍ 44 ബോളില്‍ 63 റണ്‍സും റുതുരാജ് നേടി.

രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര ബാറ്റിങ് സെന്‍സേഷനും ഓപ്പണറുമായ വൈഭവ് സൂര്യവംശിയാണ് കൂടുതല്‍ റണ്‍സുമായി മിന്നിച്ചേക്കാവുന്ന മൂന്നാമത്തെ താരം. കഴിഞ്ഞ സീസണിലാണ് 15 കാരന്‍ ഐപിഎല്ലില്‍ അരങ്ങേറിയത്.
ആദ്യത്തെ ഏഴു മല്‍സരങ്ങള്‍ മിസായെങ്കിലും ശേഷിച്ച ഏഴില്‍ വൈഭവ് കത്തിക്കയറി. 206.55 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ അടിച്ചെടുത്തത് 252 റണ്‍സാണ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയില്‍ വെറും 35 ബോളില്‍ സെഞ്ച്വറിയുമായി വൈഭവ് ചരിത്രം കുറിക്കുകയും ചെയ്തു. അന്നു നിര്‍ത്തിയ ഇടത്തു നിന്നും ഈ കളിയില്‍ തുടങ്ങാനായിരിക്കും താരത്തിന്റെ ശ്രമം.