കോഴിക്കോട്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നാലാം റൗണ്ട് പോരാട്ടത്തിനു മുമ്പ് ഒരാഴ്ചയോളം ബ്രേക്ക് ലഭിച്ചപ്പോള്‍ ടീം വിട്ടിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ടീമും താനും ഒരുപോലെ കടുത്ത സമ്മര്‍ദ്ദത്തില്‍ നില്‍ക്കവെയാണ് അല്‍പ്പമൊന്നു റിലാക്‌സാവുന്നതിനു വേണ്ടി സഞ്ജു കേരളത്തിലേക്കു വന്നിരിക്കുന്നത്.
സിഎസ്‌കെയുടെ അടുത്ത പോരാട്ടം ശനിയാഴ്ച രാത്രി ഹോംഗ്രൗണ്ടായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായിട്ടാണ്. തുടര്‍ച്ചയായ മൂന്നു തോല്‍വികളോടെ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ അവസാ സ്ഥാനത്താണ് അഞ്ചു തവണ ചാംപ്യന്‍മാര്‍. ഡിസിയുമായുള്ള അടുത്ത കളിയെങ്കിലും ജയിച്ച് ചെക്കൈു ശക്തമായൊരു തിരിച്ചുവരവ് നടത്തിയേ തീരൂ.

Photocredit/X
ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ട ശേഷം സഞ്ജു സാംസണ്‍ ഇപ്പോള്‍ ജന്‍മനാടായ തിരുവനന്തപുരത്തല്ലയുള്ളത്. മറിച്ച് കോഴിക്കാട്ടാണ് അദ്ദേഹം ഇപ്പോഴെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ നിന്നും മനസിലാവുന്നത്.
കോഴിക്കോട്ടുള്ള മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഗ്രൗണ്ടില്‍ ചെറിയ കുട്ടികള്‍ക്കൊപ്പം സഞ്ജു ക്രിക്കറ്റ് കളിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. തോളില്‍ കൈയിട്ട് അവരുമായി സംസാരിച്ച അദ്ദേഹം ചില ഉപദേശങ്ങള്‍ നല്‍കാനും മറന്നില്ല.
കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന സഞ്ജു സാംസണ്‍. വീഡിയോ കാണാം
കൂടാതെ അവര്‍ക്കൊപ്പം അല്‍പ്പസമയം ക്രിക്കറ്റ് കളിക്കാനുള്ള സമയവും സഞ്ജു കണ്ടെത്തി. വിക്കറ്റിനു പിന്നില്‍ മാത്രമല്ല ബാറ്റിങിലും അദ്ദേഹം ഒരു കൈ നോക്കുകയും ചെയ്തു. ഇപ്പോഴത്തെ ഈ മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാനും പഴയ ആത്മവിശ്വാസവും ബാറ്റിങിലെ താളവുമെല്ലാം വീണ്ടെടുക്കാന്‍ ഈ ചെറിയൊരു ഇടവേള സഞ്ജുവിനെ സഹായിച്ചേക്കും.

അദ്ദേഹം ആഗ്രഹിക്കുന്നതും ഇതു തന്നെയായിരിക്കും. സഞ്ജുവിനെ സംബന്ധിച്ച് ഈ ഐപിഎല്ലില്‍ ഒന്നും തന്നെ ശരിയായി വരുന്നില്ല. രാജസ്ഥാന്‍ റോയല്‍സ് വിട്ട് സിഎസ്‌കെയിലേക്കു മാറിയ തീരുമാനം വലിയ അബദ്ധമായി മാറിയതു പൊലെയാണ് കാണപ്പെടുന്നത്.
ടീമിനായി ഈ സീസണില്‍ ഇതിനകം കളിച്ച മൂന്നിന്നിങ്‌സുകളില്‍ നിന്നും സഞ്ജുവിന്റെ സമ്പാദ്യം വെറും 22 റണ്‍സാണ്. മൂന്നു കളിയിലും രണ്ടക്കം തികയ്ക്കാതിരുന്ന അദ്ദേഹം ഒറ്റയക്ക സ്‌കോറുകള്‍ക്കു പുറത്താവുകയും ചെയ്തു. 6 (രാജസ്ഥാന്‍ റോയല്‍സ്), 7 (പഞ്ചാബ് കിങ്‌സ്), 9 (റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു) എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍.
മുന്‍ ടീം കൂടിയായ റോയല്‍സുമായുള്ള ആദ്യ മാച്ചില്‍ ക്ലീന്‍ ബൗള്‍ഡായ അദ്ദേഹം അതിനു ശേഷമുള്ള രണ്ടു മല്‍സരങ്ങളിലും ഏറെക്കുറെ സമാനമായ രീതിയില്‍ എഡ്ജായ ശേഷം വിക്കറ്റിനു പിന്നില്‍ അനായാസ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.
നേരത്തേ ന്യൂസിലാന്‍ഡുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയിലേതു പോലെ അനാവശ്യ ഫൂട്ട് മൂവ്‌മെന്റുകള്‍ സിഎസ്‌കെയിലും സഞ്ജു ആവര്‍ത്തിക്കുന്നതായാണ് കാണപ്പെടുന്നത്.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ഈ തരത്തിലുള്ള പിഴവുകളൊന്നും അദ്ദേഹം കാണിച്ചിരുന്നില്ല. കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിനെ സഹായിച്ചതും ഇതു തന്നെയാണ്.
വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചുള്ളൂവെങ്കിലും 321 റണ്‍സോടെ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 97*, 89, 89 എന്നിങ്ങനെയായിരുന്നു അവസാന മൂന്നു മല്‍സരങ്ങളിലെ സ്‌കോറുകള്‍. ഇതു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും സഞ്ജുവിനു സമ്മാനിച്ചിരുന്നു.