സഞ്ജു സാംസണിന്റെ ഐപിഎല്‍ ഭാവിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ കഴമ്പുണ്ടെന്നു ഒടുവില്‍ വ്യക്തമായിരിക്കുകയാണ്. ടീം വിടാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നു സഞ്ജു തന്നെ റോയല്‍സ് മാനേജ്‌മെന്റിനെ അറിയിച്ചുവെന്നാണ് ക്രിക്ക്ബസ് (Cricbuzz) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ റോയല്‍സും അദ്ദേഹവും തമ്മിലുള്ള ബന്ധത്തില്‍ വലിയ രീതിയിലുള്ള വിള്ളലുണ്ടായിട്ടുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്.
ട്രേഡിങ് വിന്‍ഡോയില്‍ തന്നെ വില്‍ക്കുകയോ, ലേലത്തിനു മുമ്പ് റിലീസ് ചെയ്യുകയോ വേണമെന്നു റോയല്‍സിനോടു സഞ്ജു ആവശ്യപ്പെട്ടു കഴിഞ്ഞതായാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷെ സഞ്ജുവിന്റെ ഈ തീരുമാനം റോയല്‍സിന്റെ ആരാധകരെ ശരിക്കും സ്തബ്ധരാക്കിയിരിക്കുകയാണ്.
ഇതിഹാസ താരം എംഎസ് ധോണിയെപ്പോലെ റോയല്‍സില്‍ തന്നെ അദ്ദേഹം ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. സഞ്ജുവിനെ കൈവിടരുതെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തു വരികയും ചെയ്തിരിക്കുകയാണ്.

സഞ്ജുവിനെ കൈവിടല്ലേ
സഞ്ജു സംസണിനെ എന്തൊക്കെ സംഭവിച്ചാലും കൈവിടല്ലേയെന്നാണ് രാജസ്ഥാന്‍ റോയല്‍സിനോടു ആരാധകര്‍ അഭ്യര്‍ഥിക്കുന്നത്. അദ്ദേഹത്തെ ടീം ഒഴിവാക്കിയാല്‍ റോയല്‍സിനുള്ള പിന്തുണ തങ്ങള്‍ പിന്‍വലിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് അവരുടെ ഹൃദയമിടിപ്പ് തന്നെയാണ് സഞ്ജു സാംസണ്‍. അദ്ദേഹമില്ലാത്ത ഒരു ടീമിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. സഞ്ജു കൈവിടുന്നതിലൂടെ ടീമിന്റെ ഐക്കണിനെ കൂടിയാണ് റോയല്‍സിനു നഷ്ടമാവുക. അത്തരമൊരു മണ്ടത്തരം ഒരിക്കലും കാണിക്കരുത്.
സഞ്ജു സാംസണിനെയല്ല രാജസ്ഥാന്‍ റോയല്‍സ് കൈവിണ്ടേത്. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡാണ് യഥാര്‍ഥത്തില്‍ ടീമിനു പുറത്തുപോവേണ്ടയാള്‍. കഴിഞ്ഞ സീസണിനു മുമ്പ് ദ്രാവിഡ് മുഖ്യ കോച്ചായി വന്ന ശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കം. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പരിശീലക സ്ഥാനത്തു നിന്നും മാറ്റി പകരം ടീം ഡയറക്ടര്‍ കൂടിയായ കുമാര്‍ സങ്കക്കാര വീണ്ടും കോച്ച് സ്ഥാനത്തേക്കു വരണം. എങ്കില്‍ സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്താം.
സഞ്ജു സാംസണ്‍ ഒരിക്കലും രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ ആഗ്രഹിച്ചിട്ടില്ലാത്തയാളാണ്. അല്ലായിരുന്നെങ്കില്‍ വളരെ മുമ്പ് തന്നെ അദ്ദേഹത്തിനു ടീം വിടാമായിരുന്നു. പല ഫ്രാഞ്ചൈസികളും വലിയ ഓഫറുകളുമായി തന്നെ സമീപിച്ചതായി സഞ്ജു തന്നെ നേരത്തേ പറയുകയും ചെയ്തിട്ടുള്ളതാണ്. പക്ഷെ റോയല്‍സിനെ ഒരു വലിയ ചാംപ്യന്‍ ടീമാക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം എല്ലാ ഓഫറുകളും തള്ളുകയായിരുന്നു. ഇങ്ങനെയൊരാള്‍ ഇപ്പോള്‍ തന്നെ റിലീസ് ചെയ്യണമെന്നു ആവശ്യപ്പെടുന്നുവെങ്കില്‍ കൃത്യമായ കാരണം തന്നെയുണ്ടാവു.
അടുത്ത സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോല്‍സിനൊപ്പം സഞ്ജു സാംസണിനെ കാണില്ലെന്നു കഴിഞ്ഞ എഡിഷന്റെ പകുതി ആയപ്പോള്‍ തന്നെ വ്യക്തമായ കാര്യമാണ്. കാരണം സഞ്ജുവും കോച്ച് രാഹുല്‍ ദ്രാവിഡും രണ്ടു വഴിക്കായിരുന്നു. നേരത്തേ കുമാര്‍ സങ്കക്കാരയുമായി ഉണ്ടായിരുന്നതു പോലെയൊരു മികച്ച കെമിസ്ട്രി ദ്രാവിഡിനൊപ്പം അദ്ദേഹത്തിനു ഇല്ലായിരുന്നു.
രാഹുല്‍ ദ്രാവിഡിന്റെ വരവാണ് എല്ലാം താറുമാറാക്കിയത്. അതുവരെ ഒരു കുടുംബമായാണ് സഞ്ജു സാംസണിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടു പോയത്. പക്ഷെ ദ്രാവിഡ് വന്നതു മുതല്‍ എല്ലാം താറുമാറായി. സഞജുവിന്റെ കൂടി അഭിപ്രായം ദ്രാവിഡ് പലപ്പോഴും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതാവാം ഇതിനു കാരണം- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ റോയല്‍സ് ഫാന്‍സിന്റെ പ്രതികരണങ്ങള്‍.

പിണക്കത്തിന് കാരണം?
രാജസ്ഥാന്‍ റോയല്‍സുമായുള്ള സഞ്ജു സാംസണിന്റെ പിണക്കത്തിന് യഥാര്‍ഥ കാരണം എന്താണെന്നു വ്യക്തമല്ല. എങ്കിലും റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സ്വന്തം ബാറ്റിങ് പൊസിഷന്‍ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിനു റോയല്‍സ് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നതാണ്.
ഇന്ത്യന്‍ ടീമിനുവേണ്ട നിലവില്‍ ഓപ്പണറായാണ് സഞ്ജു കളിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ റോയല്‍സിലും ഇതേ റോളില്‍ കളിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. കഴിഞ്ഞ സീസണിലെത തുടക്കത്തിലെ കുറച്ചു മല്‍സരങ്ങളില്‍ സഞ്ജു ഓപ്പണറാവുകയും ചെയ്തു.
എന്നാല്‍ അദ്ദേഹം പരിക്കേറ്റ് പുറത്തായപ്പോള്‍ പകരമെത്തിയ വൈഭവ് സൂര്യവംശി തീപ്പൊരി ബാറ്റിങിലൂടെ ഓപ്പണിങ് റോള്‍ തന്റെ പേരിലാക്കി. ഇതോടെ ടീമിലേക്കു മടങ്ങിയെത്തിയപ്പോള്‍ സഞ്ജുവിനു പഴയ പൊസിഷനായ മൂന്നിലേക്കു മാറേണ്ടിയും വന്നു. ഇതില്‍ അദ്ദേഹത്തിനു അതൃപ്തിയുണ്ടെന്നാണ് സൂചനകള്‍.