ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറുമോയെന്നതിനെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍. ഷാര്‍ജയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ ചോദത്തിനു അദ്ദേഹം മറുപടി നല്‍കിയത്.
കഴിഞ്ഞ സീസണ്‍ അവസാനിച്ചതു മുതല്‍ ചെന്നൈയിലേക്കു സഞ്ജു ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ നിരന്തരം വന്നു കൊണ്ടിരിക്കുകയാണ്. ഇതു ശരിവയ്ക്കുന്ന തരത്തിലുള്ള ചില സൂചനകള്‍ അദ്ദേഹം തന്നെ നല്‍കുകയും ചെയ്തിരുന്നു. മാത്രമല്ല ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജുവിനെ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്നു ചെന്നൈ ഔദ്യോഗികമായി പ്രതികരിക്കുകയം ചെയ്തതോടെ കാര്യങ്ങള്‍ ഒന്നു കൂടി ഉഷാറാവുകയും ചെയ്തു.

പക്ഷെ സഞ്ജുവോ, റോയല്‍സോ ഈ അഭ്യൂഹങ്ങളോടാന്നും നേരത്തേ പ്രതികരിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇതു നടക്കുമോ, ഇല്ലയോ എന്ന കാര്യത്തില്‍ അവ്യക്തതയുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ക്കൊക്കെ ഏറെക്കുറെ ഒരു തീരുമാനമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതികരണത്തില്‍ അതിനുള്ള ഉത്തരവും ഒൡഞ്ഞു കിടക്കുന്നുണ്ട്.
ചെന്നൈയിലേക്കു മാറുമോ?
രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറുകയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ഒന്നും പറയാനില്ല എന്നായിരുന്നു നിറഞ്ഞ ചിരിയോടെയുള്ള സഞ്ജു സാംസണിന്റെ മറുപടി. ഇതിലൂടെ ഭാവിയെക്കുറിച്ച് തീര്‍ച്ചയായും വലിയ സൂചന തന്നെയാണ് അദ്ദേഹം നല്‍കിയിരിക്കുന്നതെന്നു നിസംശയം പറയാം.
റോയല്‍സ് വിട്ട് സിഎസ്‌കെയിലേക്കു മാറുമെന്ന തരത്തില്‍ വരുന്ന അഭ്യൂഹങ്ങളില്‍ യാതൊരു കഴമ്പുമില്ലെങ്കില്‍ സഞ്ജുവിനു അക്കാര്യം തുറന്നു പറയാമായിരുന്നു. ഈ അഭ്യൂഹങ്ങളെ അദ്ദേഹം തള്ളിയില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇതുവവരെയുള്ള വാര്‍ത്തകളില്‍ കഴമ്പുണ്ടെന്നു തന്നെയാണ് സഞ്ജു പറയാതെ പറഞ്ഞിരിക്കുന്നത്.
ഇതാദ്യമായല്ല ചെന്നൈയുമായി ചേര്‍ത്ത് അദ്ദേഹത്തിന്റെ പേരില്‍ വാര്‍ത്തകള്‍ വരുന്നത്. കുറച്ചു വര്‍ഷങ്ങള്‍ മുമ്പും സഞ്ജു സിഎസ്‌കെയിലക്കു കൂടുമാറുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
പക്ഷെ അന്നു അദ്ദേഹം ഈ തരത്തിലായിരുന്നില്ല പ്രതികരിച്ചത്. അവയെല്ലാം പൂര്‍ണമായി തള്ളിക്കളഞ്ഞ സഞ്ജു തനിക്കു റോയല്‍സ് വിടാന്‍ യാതൊരു പ്ലാനുമില്ലെന്നും വ്യക്തമാക്കിയിരുന്നു. പക്ഷെ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രതികരണം അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.
അതേസമയം, ഈ ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജുവിനെ വാങ്ങണമെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിഫലമായ 18 കോടി രൂപ റോയല്‍സിനു ചെന്നൈ നല്‍കണം. പണം നല്‍കാന്‍ കഴിയില്ലെങ്കില്‍ ഇത്രയും മൂല്യമുള്ള താരത്തെയോ, താരങ്ങളേയോ റോല്‍സിനു പകരം നല്‍കിയേ തീരൂ. ഇതു റോയല്‍സും പിന്നീട് ബിസിസിഐയും അംഗീകരിച്ചാല്‍ മാത്രമേ കൂടുമാറ്റം സാധ്യമാവുകയുള്ളൂ.
എന്തുകൊണ്ട് റോയല്‍സ് വിടുന്നു?
രാജസ്ഥാന്‍ റോയല്‍സ് വിട്ട് പുതിയൊരു ടീമിലേക്കു മാറാന്‍ സഞ്ജു സാംസണിനെ പ്രേരിപ്പിക്കുന്നതിനു പിന്നില്‍ പല ഘടകങ്ങളുമുണ്ടായിരിക്കാം. ഇതില്‍ ആദ്യത്തേത് ടീമിനു മേല്‍ അദ്ദേഹത്തിനു നേരത്തേയുണ്ടായിരുന്ന നിയന്ത്രണം നഷ്ടപ്പെട്ടുവെന്നതാണ്. മുന്‍ കോച്ചും ടീം ഡയറക്ടറുമായ കുമാര്‍ സങ്കക്കാരയുമായി വളരെ നല്ല അടുപ്പവും ഒത്തിണക്കവുമാണ് സഞ്ജുവിനുണ്ടായിരുന്നത്.

ടീമിനെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഇരുവരും ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തിരുന്നത്. പക്ഷെ കഴിഞ്ഞ സീസണിനു മുമ്പ് സങ്കക്കാരയ്ക്കു പകരം രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ചായി എത്തിയതു മുതല്‍ കാര്യങ്ങള്‍ താളം തെറ്റിത്തുടങ്ങി. നേരത്തേ സഞ്ജുവിന്റെ തുറുപ്പുചീട്ടകളായിരുന്ന ജോസ് ബട്‌ലര്‍, യുസ്വേന്ദ്ര ചഹല്‍, ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍ തുടങ്ങിയവരെയെല്ലാം ദ്രാവിഡ് ഒഴിവാക്കി.
ഇതു കഴിഞ്ഞ സീസണില്‍ റോയല്‍സിന്റെ പ്രകടനത്തെയും സാരമായി ബാധിച്ചു. മാത്രമല്ല ദ്രാവിഡിന്റെ ചില തീരുമാനങ്ങളിലും സഞ്ജുവിനു അതൃപ്തിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു കളിക്കിടെ ഗ്രൗണ്ടിനരികെ ടീമിനു ദ്രാവിഡ് നിര്‍ദേശങ്ങള്‍ നല്‍കവെ അതു ഗൗനിക്കാതെ അദ്ദേഹം മാറി നടക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
ടീമിനകത്തു ക്യാപ്റ്റന്‍സിക്കായി വലിയ രീതിയിലുള്ള മല്‍സരം നടക്കുന്നുവെന്നതും വൈഭവ് സൂര്യവംശിയുടെ വരവോടെ ഓപ്പണിങ് സ്ഥാനം നഷ്ടമായതുമെല്ലാം റോയല്‍സ് വിടാന്‍ സഞ്ജുവിനെ പ്രേരിപ്പിക്കുന്ന മറ്റു കാര്യങ്ങളാണ്.