ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മലയാളി സൂപ്പര്‍ താരവും വിക്കറ്റ്കീപ്പറുമായ സഞ്ജു സാംസണിന്റെ ഏറ്റവും മികച്ച ബാറ്റിങ് പൊസിഷന്‍ ഏതാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പ. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ട്രേഡ് വിന്‍ഡോയിലാണ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ചെന്നൈയുടെ തട്ടകത്തിലേക്കു വന്നിരിക്കുന്നത്.
തന്റെ ആരാധനാപാത്രം കൂടിയായ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് അദ്ദേഹം. 2021 മുതല്‍ റോയല്‍സിനെ നയിച്ചു കൊണ്ടിരിക്കുന്ന സഞ്ജുവിനു പക്ഷെ റോയല്‍സില്‍ ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കില്ല. റുതുരാജ് ഗെയ്ക്വാദ് തന്നെ അടുത്ത സീസണിലും നായകനായി തുടരുമെന്നു സിഎസ്‌കെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

സഞ്ജു കളിക്കേണ്ടതെവിടെ?
രാജസ്ഥാന്‍ റോയല്‍സില്‍ കരിയറിന്റെ ഭൂരിഭാഗവും മൂന്നാം നമ്പറിലാണ് സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തിട്ടുള്ളതെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഇവിടെ കളിക്കരുതെന്നാണ് റോബിന്‍ ഉത്തപ്പയുടെ അഭിപ്രായം.
സഞ്ജു സാംസണിനെ ബാറ്റിങില്‍ താഴേകക്കു ഇറക്കുന്ന ഐഡിയയോടു എനിക്കു വെറുപ്പാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ചിലപ്പോള്‍ സഞ്ജുവും റുതുരാജ് ഗെയ്ക്വാദും അല്ലെങ്കില്‍ സഞ്ജുവും ഉര്‍വില്‍ പട്ടേലും ഓപ്പണ്‍ ചെയ്യുന്നതു നിങ്ങള്‍ക്കു കാണാനായേക്കും.
ഇന്ത്യന്‍ ടി20 ടീമില്‍ മുന്‍നിരയിലെ സ്ഥാനത്തിനു വേണ്ടി ശക്തമായ അവകാശവാദമുന്നയിക്കണമെങ്കില്‍ സിഎസ്‌കെയില്‍ സഞ്ജു ഓപ്പണറായി തന്നെ ബാറ്റ് ചെയ്യണം. അദ്ദേഹം അതിലും താഴെ എവിടെയെങ്കിലുമാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ അതു സ്വയം ചെയ്യുന്ന വലിയ ദ്രോഹം കൂടിയായിരിക്കും. സെലക്ടര്‍മാര്‍ അതു സഞ്ജുവിനെതിരേയുള്ള ഒഴികഴിവായി ഉപയോഗിക്കകയും ചെയ്യുമെന്നും സിഎസ്‌കെയുടെ മുന്‍ മൂന്നാം നമ്പര്‍ താരം കൂടിയായ ഉത്തപ്പ മുന്നറിയിപ്പും നല്‍കി.
നിലവില്‍ ദേശീയ ടീമില്‍ കൃത്യമായൊരു ബാറ്റിങ് പൊസിഷനില്ലാതെ വട്ടം കറങ്ങുകയാണ് സഞ്ജു. മൂന്നു മുതല്‍ താഴേക്ക് പല പൊസിഷനുകളിലും ആദ്ദേഹം മാറി മാറി ബാറ്റ് ചെയ്തു കഴിഞ്ഞു. പക്ഷെ എവിടെയും സഞ്ജുവിനു വലിയൊരു ഇംപാക്ടും സൃഷ്ടിക്കാനുമായിട്ടില്ല. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്ത്യയുടെ ടി20 ഓപ്പണറായി വിലസവെയാണ് കഴിഞ്ഞ ഏഷ്യാ കപ്പ് മുതല്‍ സഞ്ജുവിനെ കോച്ച് ഗൗതം ഗംഭീര്‍ താഴേക്കു ഇറക്കിയത്.
ഓപ്പണറായി നാട്ടിലും പുറത്തുമായി തുടര്‍ച്ചയായി 12 ടി20കളില്‍ സഞ്ജു ഓപ്പണറായി ബാറ്റ് വീശിയിരുന്നു. ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ പരമ്പരകളിലായിരുന്നു ഇത്. ഇവയില്‍ മൂന്നു സെഞ്ച്വറികളും അദ്ദേഹം അടിച്ചെടുത്തു. എല്ലാം കഴിഞ്ഞ വര്‍ഷമായിരുന്നു.
ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ മൂന്നു സെഞ്ച്വറികളടിച്ച ലോകത്തിലെ ആദ്യ ഓപ്പണറായും സഞ്ജു മാറിയിരുന്നു. പക്ഷെ ശുഭ്മന്‍ ഗില്‍ കഴിഞ്ഞ ഏഷ്യാ കപ്പില്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായി ടി20 ടീമില്‍ തിരിച്ചെത്തിയതോടെ സഞ്ജുവിനു ഈ റോള്‍ വിട്ടുകൊടുക്കേണ്ടിയും വന്നു.

ചെന്നൈയുടെ ടോപ്പ് ത്രീ
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത സീസണിലെ ടോപ്പ് ത്രീയില്‍ ആരൊക്കെയാണ് കളിക്കേണ്ടതെന്നു ചൂണ്ടിക്കാണിച്ചിരുക്കുകയാണ് റോബിന്‍ ഉത്തപ്പ. ടി20 ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് റുതുരാജ് ഗെയ്ക്വാദ് ആഗ്രഹിക്കുന്നത്. അതിനു പിന്നിലെ ലോജിക്ക് എനിക്കു മനസ്സലാവുന്നില്ല. നേരത്തേ വിരാട് കോലി ഈ പൊസിഷനില്‍ ഇന്ത്യക്കു വേണ്ടി കളിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പക്ഷെ ഇപ്പോള്‍ റുതുരാജ് ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും പൂര്‍ണമായും പുറത്താണ്. ഇനി തിരിച്ചുവരണമെങ്കില്‍ സിഎസ്‌കെയില്‍ ഓപ്പണറായി തന്നെ കളിക്കാന്‍ ശ്രമിക്കണം. റുതുരാജും സഞ്ജു സാസണും ഓപ്പണിങില്‍ കളിക്കുന്നതു കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഉര്‍വില്‍ പട്ടേല്‍ മൂന്നാം നമ്പറിലും കളിക്കട്ടെയെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.