രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനത്തു വിന്നും രാഹുല്‍ ദ്രാവിഡ് രാജിവച്ചതോടെ ടീം വിടാനുള്ള തീരുമാനത്തില്‍ നിന്നും നായകന്‍ സഞ്ജു സാംസണ്‍ പിന്‍മാറുമോ? റോയല്‍സിന്റെ ആരാധകര്‍ മുഴുവന്‍ വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണിത്. ദ്രാവിഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ടീം വിടാന്‍ സഞ്ജുവിനെ പ്രേരിപ്പിക്കുന്നതെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
പക്ഷെ യഥാര്‍ഥത്തില്‍ ഇതാണോ അദ്ദേഹത്തിന്റെ പിണക്കത്തിനു കാരണം? ദ്രാവിഡ് തലപ്പത്തില്ലെങ്കിലും സഞ്ജു ടീമില്‍ തുടരാന്‍ സാധ്യത കുറവാണെന്നു പറയേണ്ടി വരും. കാരണം, യഥാല്‍ഥ വില്ലന്‍ ഇപ്പോഴും റോയല്‍സിന്റെ കൂടാരത്തിലുണ്ട്. അതു ആരാണെന്നറിയാം.

വില്ലന്‍ പരാഗ്
യുവ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെ ഏറ്റവും വലിയ വില്ലന്‍. നിലവില്‍ റോയല്‍സിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. സഞ്ജു സാംസണുള്‍പ്പെടെ റോയല്‍സിലെ മറ്റു താരങ്ങളെ അപേക്ഷിച്ച് ടീം മാനേജ്‌മെന്റില്‍ വലിയ സ്വാധീനുമുള്ള താരമാണ് പരാഗ്. ഇതിനു പ്രധാന കാരണം അദ്ദേഹത്തിന്റെ അമ്മാവന്‍ കൂടിയായ രഞ്ജിത് ബര്‍താക്കൂറാണ്.
നിലവില്‍ റോയല്‍സ് ടീമിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ റോയല്‍സിന്റെ തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കാനും ബര്‍താക്കൂറിനു സാധിക്കാറുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പരിക്കു കാരണം സഞ്ജുവിനു ചില മല്‍സരങ്ങള്‍ നഷ്ടമായപ്പോള്‍ നായകനായി നറുക്കുവീണത് പരാഗിനാണ്.
സഞ്ജു കഴിഞ്ഞാല്‍ ടീമിലെ കൂടുതല്‍ സീനിയറായ താരം യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെയും അവിഭാജ്യ ഘടകമാണ് അദ്ദേഹം. ഇവയെല്ലാം റോയല്‍സിന്റെ അടുത്ത ക്യാപ്റ്റനാക്കാന്‍ ജയ്‌സ്വാളിനു പ്ലസ് പോയിന്റായി മാറുന്ന കാര്യങ്ങളാണ്. പക്ഷെ അദ്ദേഹത്തെ ഓവര്‍ടേക്ക് ചെയ്ത് പരാഗിനു ക്യാപ്റ്റനായി അവസരം ലഭിച്ചതിനു പിന്നില്‍ അമ്മാവന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അണിയറയിലെ സംസാരം.
സഞ്ജുവില്ലെങ്കില്‍ നായകനായി പരാഗ് മതിയെന്നു രഞ്ജിത് ബര്‍ത്താക്കൂര്‍ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്നു മുഖ്യ കോച്ചായിരുന്ന രാഹുല്‍ ദ്രാവിഡിനു പോലും ഇതിനോടു അനുകൂല നിലപാട് ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പരാഗിനെ സ്ഥിരം ക്യാപ്റ്റനാക്കി പുതിയ ലുക്കിലുള്ള ഒരു റോയല്‍സ് ടീമിനെ വാര്‍ത്തെടുക്കാനുള്ള പ്ലാനാണ് ബര്‍താക്കൂര്‍ അണിയറയില്‍ നടത്തുന്നത്. ഇതിനെക്കുറിച്ചു സഞ്ജുവിനും വ്യക്തമായി അറിയാമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇനിയും റോയല്‍സില്‍ തുടര്‍ന്നാല്‍ അതു തന്റെ കരിയറിനെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

ഐപിഎല്ലിലെ മികച്ച ക്യാപ്റ്റന്‍സിയുടെ പേരിലാണ് സഞ്ജു പലപ്പോഴും കൈയടി നേടാറുള്ളത്. ഇനി പരാഗ് സ്ഥിരം നായകസ്ഥാനത്തേക്കു വരികയും അദ്ദേഹത്തിനു കീഴില്‍ സഞ്ജുവിനു കളിക്കേണ്ടി വരികയും ചെയ്താല്‍ അതു കരിയറിനു വലിയ ക്ഷീണമുണ്ടാക്കും.
കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുടെ വരവോടെ ഓപ്പണിങ് സ്ഥാനം അദ്ദേഹത്തിനു നഷ്ടമായിക്കഴിഞ്ഞു. ഇനി ക്യാപ്റ്റന്‍സി കൂടി കൈവിട്ടാല്‍ അതു സഞ്ജുവിനു വലിയ തിരിച്ചടിയായി മാറും.
പരാഗ് ഇനിയും ദീര്‍ഘകാലം റോയല്‍സിന്റെ ഭാഗമായി തുടരുമെന്നുറപ്പാണ്. തലപ്പത്ത് അമ്മാവന്‍ കൂടിയുള്ളുപ്പോള്‍ അദ്ദേഹത്തിനു എല്ലായ്‌പ്പോഴും പിന്തുണയും ലഭിച്ചുകൊണ്ടിരിക്കും. അതിനാല്‍ തന്നെ റോയല്‍സ് വിടുകയെന്നതു മാത്രമാണ് സഞ്ജുവിനു മുന്നിലുള്ള ഏക ഓപ്ഷന്‍. അത്തരമൊരു തീരുമാനത്തിലേക്കു എത്തിച്ചേരാന്‍ അേേദ്ദഹത്തെ പ്രേരിപ്പിച്ചതിനു പിന്നിലെ പ്രധാനപ്പെട്ട ഘടകവും ഇതു തന്നെയാവാം.