ഈ സീസണിലെ ഐപിഎല്ലില്‍ ആറാം ട്രോഫിയെന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോഹം പൂവണിയാന്‍ സാധ്യത തീരെയില്ല. നിലവിലെ താരങ്ങളും അവരുടെ ഫോമുമെല്ലാം പരിഗണിക്കുമ്പോള്‍ പ്ലേഓഫില്‍ എത്താനായാല്‍ തന്നെ അതു സിഎസ്‌കെയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയായിരിക്കും. കാരണം വളരെ കുറച്ചു താരങ്ങളുടെ പ്രകടനം മാത്രം ആശ്രയിച്ചാണ് ടീമിന്റെ മുന്നോട്ടുള്ള യാത്ര.
അടുത്ത വര്‍ഷത്തെ ഐപിഎല്ലിനു ശേഷം എങ്ങനെ ശക്തമായ തിരിച്ചവരവ് നടത്താം എന്നതിനെ കുറിച്ചായിരിക്കണം സിഎസ്‌കെ മാനേജ്‌മെന്റ് ഇപ്പോള്‍ പ്ലാന്‍ ചെയ്യേണ്ടത്. നിലവിലെ സ്‌ക്വാഡില്‍ അടിമുടി അഴിച്ചുപണി ആവശ്യമായി വന്നിരിക്കുകയാണ്.

2028ലെ സീസണു മുന്നോടിയായി അടുത്തവര്‍ഷം അവസാനത്തോടെ മുമ്പ് മെഗാ ലേലവും നടക്കാനിരിക്കുന്നതിനാല്‍ ഇതിനുള്ള സുവര്‍ണാവസരം കൂടി ചെന്നൈയ്ക്കു മുന്നിലുണ്ട്.
നിലവിലെ ഐപിഎല്‍ നിയമപ്രകാരം മെഗാ ലേലത്തിനു മുന്നോടിയായി പരമാവധി അഞ്ചു കളിക്കാരെ മാത്രമേ ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ, ബാക്കിയുള്ളവരെയെല്ലാം ലേലത്തിന്റെ പുൂളിലേക്കു റിലീസ് ചെയ്യുകയും വേണം. ലേലത്തിനു മുമ്പ് സിഎസ്‌കെ നിലനിര്‍ത്തേണ്ടത് ആരൊക്കെയാവണമെന്നു പരിശോധിക്കാം.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറ്റവുമാദ്യം നിലനിര്‍ത്തേണ്ടയാള്‍ നിലവിലെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദല്ല, മറിച്ച് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. സഞ്ജുവിനെ കേന്ദ്രീകരിച്ചുള്ള ഒരു സ്‌ക്വാഡിനെയാവണം 2028-30 സൈക്കളിലേക്കു സിഎസ്‌കെ വാര്‍ത്തെടുക്കേണ്ടത്. ടീമിന്റെ പുതിയ ക്യാപ്റ്റനും അദ്ദേഹമായിരിക്കും.
അതിനുശേഷം ക്യാപ്ഡ് താരമായി സിഎസ്‌കെ നിലനിര്‍ത്തണ്ടത് സൗത്താഫ്രിക്കയുടെ ഭാവി സൂപ്പര്‍ താരമെന്നു വിളിക്കപ്പെടുന്ന ഡെവാള്‍ഡ ബ്രെവിസിനെയാണ്. ദീര്‍ഘകാലം സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ ബേബി എബിയെന്നു വിളിപ്പേരുള്ള അദ്ദേഹത്തിനു സാധിക്കും.
അണ്‍ക്യാപ്ഡ് താരങ്ങളില്‍ നിലനിര്‍ത്താവുന്ന രണ്ട് ഇന്ത്യക്കാര്‍ യുവ ബാറ്റര്‍ ആയുഷ് മാത്രെയും ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറുമാണ്. മാത്രെ തീര്‍ച്ചയായം സിഎസ്‌കെയുടെ നേതൃനിരയിലേക്കു വരേണ്ടയാളാണ്. സഞ്ജുവിന്റെ വലംകൈയായി മാത്രെയെ വൈസ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാം.
ജൂനിയര്‍ ക്രിക്കറ്റില്‍ നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് 18 കാരന്‍. ഈ വര്‍ഷം ഐസിസിയുടെ അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായതും അദ്ദേഹത്തിനു കീഴിലാണ്. ഭാവിയില്‍ സീനിയര്‍ ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരാവുന്നയാളാണ് മാത്രെ. ഇവയെല്ലാം മുന്നില്‍ കണ്ട് സിഎസ്‌കെ യുവതാരത്തെ വളര്‍ത്തിയെടുക്കേണ്ടതും ആവശ്യമാണ്.
ഈ സീസണില്‍ ഇനിയും കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും ഭാവിയില്‍ മാച്ച് വിന്നറായി മാറാനിടയുള്ള താരമാണ് ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ പ്രശാന്ത്. അതിനാല്‍ അദ്ദേഹത്തെയും ഭാവി പ്ലാനുകളില്‍ സിഎസ്‌കെയ്ക്കു ഉള്‍പ്പെടുത്തുകയും ചെയ്യാം.

ഇനി ആര്‍ടിഎം കാര്‍ഡ് ഉപയോഗിച്ച് ഒരു താരത്തെ മെഗാ ലേലത്തില്‍ തിരികെ വാങ്ങാനും സിഎസ്‌കെയ്ക്കു ശ്രമിക്കാം. വമ്പനടിക്കാരനായ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെ, ബാറ്റിങും വശമുള്ള പേസര്‍ അന്‍ഷുല്‍ കംബോജ് ഇവരിലൊരാളെയാവണം ആര്‍ടിഎം ഉപയോഗിച്ച് നിലനിര്‍ത്തേണ്ടത്.
ദുബെ ബാറ്റിങില്‍ കിടിലനാണെങ്കിലും ഫീല്‍ഡിങിലും ക്യാച്ചിങിലും ശോകമാണ്. ക്യാച്ചുകള്‍ കൈവിടുന്നത് താരത്തിന്റെ ഹോബിയുമാണ്. ഐപിഎല്‍ പോലെ ഇത്രയും കടുപ്പമേറിയ ഒരു ടൂര്‍ണമെന്റി്ല്‍ ഇതു അംഗീകരിക്കാവുന്ന കാര്യവുമല്ല.
അതിനാല്‍ ബൗളിങില്‍ കൂടുതല്‍ മെച്ചപ്പെടുന്ന കംബോജാണ് കൂടുതല്‍ മികച്ച ഓപ്ഷന്‍. പവര്‍പ്ലേയിലും ഡെത്തിലും ഒരുപോലെ മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. അതിനാല്‍ കംബോജിനെയാണ് ലേലത്തില്‍ സിഎസ്‌കെ തിരികെ വാങ്ങുകയും ചെയ്യേണ്ടതെന്നു ഉറപ്പിച്ച് പറയാം.