ഐപിഎല്ലിന്റെ ട്രേഡ് വിന്‍ഡോ തുറക്കാനിരിക്കെ ചില വമ്പന്‍ കൂടുമാറ്റങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ട്രേഡ് വിന്‍ഡോയില്‍ സജീവമായി തന്നെ ഇറങ്ങാന്‍ പോവുന്ന ടീമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും നായകന്‍ സഞ്ജു സാംസണിനെ റാഞ്ചാനുള്ള നീക്കത്തിന്റെ അവസാന ഘട്ടത്തിലാണ് സിഎസ്‌കെയെന്നാണ് വിവരം.
എന്നാല്‍ സഞ്ജുവിനെ സ്വന്തമാക്കുന്നതിനു മുമ്പ് മറ്റൊരു ട്രേഡ് ചെന്നൈ ടീം നടത്താനൊരുങ്ങുകയാണ് ഏറ്റവും പുതിയ വിവരം. ഒരു ഓള്‍റൗണ്ടറെയാണ് അവര്‍ അടുത്ത സീസണിലേക്കു നോട്ടമിടുന്നതെന്നും അതാരാണെന്നു ഉറപ്പിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുകയാണ്.

ചെന്നൈ നോട്ടമിടുന്നതാരെ?
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ട്രേഡ് വിന്‍ഡോയില്‍ റെയ്ഡിനൊരുങ്ങുന്നത്. അവരുടെ അഫ്ഗാനിസ്താന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയയാണ് ചെന്നൈയ്ക്കു നോട്ടം. ബാറ്റ് കൊണ്ടു മാത്രമല്ല, ബോള്‍ കൊണ്ടും മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുന്നയാളാണ് അദ്ദേഹം.
കഴിഞ്ഞ മെഗാ ലേലത്തില്‍ 2.4 കോടി രൂപയ്ക്കാണ് ഒമര്‍സായിയെ പഞ്ചാബ് വാങ്ങിയത്. അവര്‍ക്കു വേണ്ടി അധികം മല്‍സരങ്ങളലില്‍ കളിക്കാനായില്ലെങ്കിലും അവസരം കിട്ടിയപ്പോള്‍ ഭേദപ്പെട്ട പ്രകടനം അദ്ദേഹം പുറത്തെടുക്കുകയും ചെയ്തു.
ഒമ്പതു മല്‍സരങ്ങളിലാണ് സമാപിച്ച സീസണില്‍ ഒമര്‍സായ് കളിച്ചത്. 139.02 സ്‌ട്രൈക്ക് റേറ്റില്‍ 57 റണ്‍സും സ്‌കോര്‍ ചെയ്തു. ബൗളിങിലേക്കു വന്നാല്‍ 10.33 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകളും അഫ്ഗാന്‍ താരം സ്വന്തമാക്കി. 33 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തതാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം.
ചെന്നൈ ടീമിനെ സംബന്ധിച്ച് മികച്ചൊരു സീം ബൗളിങ് ഓള്‍റൗണ്ടറുടെ കുറവ് ഇപ്പോഴുണ്ട്. വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെ ടീമിലുണ്ടെങ്കിലും അദ്ദേഹത്തെ ബൗളിങില്‍ ഉപയോഗിക്കാറില്ല. ബാറ്ററുടെ റോളില്‍ മാത്രമാണ് ദുബെ ഇറങ്ങാറുള്ളത്.
അതിനാല്‍ ഒമര്‍സായിയുടെ വരവ് തങ്ങള്‍ക്കു മുതല്‍ക്കൂട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് ചെന്നൈ ടീം മാനേജ്‌മെന്റ്. കൡയുടെ ഏതു ഘട്ടത്തിലും അദ്ദേഹത്തെ ബൗളിങില്‍ പരീക്ഷിക്കാം. കൂടാതെ ഫിനിഷറുടെ റോളും കൈകാര്യം ചെയ്യാന്‍ ഒമര്‍സായിക്കു കഴിയുമെന്നതു മറ്റൊരു വലിയ പ്ലസ് പോയിന്റാണ്.
സഞ്ജുവിന്റെ കൂടുമാറ്റം
ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള സഞ്ജു സാംസണിന്റെ കൂടുമാറ്റം ഏറെക്കുറെ ഉറപ്പായിട്ടുണ്ടെന്നും ഇനി ഔ്‌ദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതു ശരിവയ്ക്കുന്ന പല സൂചനകളും ഇതിനകം പുറത്തു വരികയും ചെയ്തിട്ടുണ്ട്. ഈ ട്രാന്‍സ്ഫര്‍ സംഭവിച്ചാല്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂടുമാറ്റങ്ങളിലൊന്നായി ഇതു മാറുമെന്നതില്‍ സംശയമില്ല.

2023ലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും തങ്ങളുടെ മുന്‍ താരവുമായ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് തിരികെ വാങ്ങിയതാണ് ഇതുവരെയുള്ളതില്‍ ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ച കൂടുമാറ്റം. ഇനി രാജസ്ഥാന്‍ റോയല്‍സ് വിട്ട് സഞ്ജു ചെന്നൈയിലേക്കു മാറിയാല്‍ മറ്റൊരു മറ്റൊരു വമ്പന്‍ സര്‍പ്രൈസായി മാറുമെന്നുറപ്പാണ്.
സഞ്ജുവിനെ വാങ്ങാന്‍ പ്രധാനമായും രണ്ടു ഓപ്ഷനുകളാണ് ഇപ്പോള്‍ ചെന്നൈ പരിഗണിക്കുന്നത്. ആദ്യത്തേത് വെറ്ററന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനോടൊപ്പം പണവും നല്‍കി സഞ്ജുവിനെ റാഞ്ചുകയെന്നതാണ്. എന്നാല്‍ ഈ ഓഫര്‍ റോയല്‍സ് അംഗീകരിച്ചില്ലെങ്കില്‍ അടുത്തത് താരക്കൈമാറ്റമില്ലാതെ മുഴുവന്‍ പണവും നല്‍കി സഞ്ജുവിനെ സ്വന്തമാക്കുകയെന്നതാവും.