രാജസ്ഥാന്‍ റോയല്‍സിന്റെ ഭൂരിഭാഗം ആരാധകരും ആഗ്രഹിച്ചതു തന്നെ ഒടുവില്‍ സംഭവിച്ചിരിക്കുകയാണ്. ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ടീമിന്റെ മുഖ്യ പരിശീലകന്റെ റോളില്‍ ഇനി രാഹുല്‍ ദ്രാവിഡിനെ കാണില്ല. കഴിഞ്ഞ സീസണിന മുമ്പ് സൂപ്പര്‍ താരങ്ങളായ ജോസ് ബട്‌ലറടക്കമുള്ള ചില മാച്ച് വിന്നര്‍മാരെ കൈവിട്ടതിന്റെ പേരില്‍ ദ്രാവിഡ് ആരാധകരുടെ പഴി കേട്ടിരുന്നു. പിന്നീട് ഐപിഎല്ലില്‍ റോയല്‍സിനു വലിയ തിരിച്ചടി നേരിടുകയും ഒമ്പതാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തതോടെ ആരാധകരോഷം ശക്തമായി.
ഒടുവില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അടുത്തിടെ ടീം വിടുകയാണെന്ന റിപ്പോര്‍ട്ടുകളും കൂടി വന്നതോടെ ഇതിനു പിന്നിലും ദ്രാവിഡാണെന്നു എല്ലാവരും കുറ്റപ്പെടുത്തി. സഞ്ജുവല്ല, മറിച്ച് ദ്രാവിഡാണ് പുറത്തു പോവേണ്ടതെന്നുമാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. ഒടുവില്‍ അതു തന്നെ സംഭവിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ ടീം വിടുന്നതിനു മുമ്പ് തന്നെ കോച്ച് പടിയിറങ്ങി.
ദ്രാവിഡിന്റെ ഈ രാജിക്കു പിന്നില്‍ സഞ്ജുവിനും വൈസ് ക്യാപ്റ്റനുമായ റിയാന്‍ പരാഗിനും നിര്‍ണായക റോളുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മാത്രമല്ല, റോയല്‍സ് ടീം മാനേജ്‌മെന്റിന്റെ ഒരു സുപ്രധാന നീക്കവും ദ്രാവിഡിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേക്കുറിച്ചു പരിശോധിക്കാം.

സഞ്ജുവും പരാഗും വില്ലന്‍മാരായതെങ്ങനെ?
ടീം ഇന്ത്യയെ കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കിയതിനു ശേഷം വലിയ പ്രതീക്ഷയോടയാണ് രാഹുല്‍ ദ്രാവിഡ് പഴയ തട്ടകമായ രാജസസ്ഥാന്‍ റോയല്‍സിന്റെ കോച്ചിങ് റോളിലേക്കു വരുന്നത്. പക്ഷെ പരിശീലകനായുള്ള രണ്ടാം വരവില്‍ വലിയ തിരിച്ചടികളും ആരാധകരോഷവും ഏറ്റുവാങ്ങി അദ്ദേഹത്തിനു പടിയിറങ്ങേണ്ടിയും വന്നിരിക്കുകയാണ്.
സഞ്ജു സാംസണും റിയാന്‍ പരാഗുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ദ്രാവിഡിനെ ഇപ്പോള്‍ ടീം വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ടിലുള്ളത്. അടുത്ത സീസണില്‍ റോയല്‍സില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും ടീം വിടാന്‍ അനുവദിക്കണമെന്നും സഞ്ജു ഫ്രാഞ്ചൈസിയെ അറിയിച്ചിരുന്നു. ഇതു ദ്രാവിഡിനെ മാനസികമായി തകര്‍ത്തതായും പരിശീലക സ്ഥാനമൊഴിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൂടാതെ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സഞ്ജുവിനു പരിക്കു കാരണം ചില മല്‍സരങ്ങള്‍ നഷ്ടമായപ്പോള്‍ യുവതാരം റിയാന്‍ പരാഗിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിലും ദ്രാവിഡ് ഹാപ്പിയായിരുന്നില്ല. പരാഗിനു ഈ റോള്‍ നല്‍കുന്നതിനോടു അദ്ദേഹത്തിനു താല്‍പ്പര്യമില്ലായിരുന്നു. ഇതും ഇപ്പോള്‍ ദ്രാവിഡിന്റെ രാജിക്കു പിന്നിലെ കാരണങ്ങളിലൊന്നാണെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആ റോളും ദ്രാവിഡിനെ ചൊടിപ്പിച്ചു
അടുത്ത ഐപിഎല്‍ സീസണില്‍ രാഹുല്‍ ദ്രാവിഡിനു രാജസ്ഥാന്‍ റോയല്‍സില്‍ കൂടുതല്‍ വലിയ റോള്‍ നല്‍കാനുള്ള നീക്കത്തിലായിരുന്നു ടീം മാനേജ്‌മെന്റ്. പക്ഷെ അദ്ദേഹം അതു നിരസിക്കുകയായിരുന്നുവെന്നു റോയല്‍സ് തന്നെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

എന്നാല്‍ ഈ സ്ഥാനക്കയറ്റം യഥാര്‍ഥത്തില്‍ ദ്രാവിഡിനെ ശിക്ഷിക്കുന്നതിനു തുല്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണം പുതിയ റോളിലേക്കു വരുന്നതോടെ അദ്ദേഹത്തിനു ടീമിലെ റോള്‍ കുറയും. ടീമിനെ വാര്‍ത്തെടുക്കുന്ന പ്രക്രിയകളില്‍ അദ്ദേഹത്തിനു കാര്യമായ റോളുണ്ടാവില്ല.
നിങ്ങള്‍ ഏതെങ്കിലുമൊരു ഐപിഎല്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഒരു കാര്യമറിയണം. ടീമിന്റെ മുഖ്യ കോച്ചിനു ഒരു വ്യാപ്തിയുള്ള റോള്‍ ഓഫര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതൊരു ശിക്ഷ പോലെയുള്ള പ്രൊമോഷനാണ്. നിങ്ങള്‍ക്കു ടീമിനെ രൂപികരിക്കാനുള്ള കാര്യങ്ങളില്‍ പിന്നീട് വലിയ റോളില്ലെന്നാണ് അതിന്റെ അര്‍ഥമെന്നും ഒരു ഐപിഎല്‍ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫ് പിടിഐയോടു പറഞ്ഞു.