ഐപിഎല്ലിന്റെ 18ാം സീസണില്‍ ഏറ്റവും വലിയ നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്നവരാണ് അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി അവര്‍ക്കു അവസാന സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനേറ്റ പരിക്കും മെഗാ ലേലത്തില്‍ സംഭവിച്ച വലിയ പാളിച്ചകളുമെല്ലാം സിഎസ്‌കെയെ വലിയ നാണക്കേടിലേക്കു തള്ളിയിട്ടു.
അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ ഒരു രാജകീയ തിരിച്ചുവരവ് തന്നെയായും മഞ്ഞപ്പട ലക്ഷ്യമിടുക. ഇതിന്റെ ആദ്യപടിയായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ ട്രേഡിങ് വിന്‍ഡോയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് ചെന്നൈ. ഇതു കൂടാതെ വേറെയും ചില പുതിയ കളിക്കാരെ അടുത്ത സീസണില്‍ സിഎസ്‌കെയില്‍ പ്രതീക്ഷിക്കാം. സഞ്ജുവിനെ റാഞ്ചാനായാല്‍ സിഎസ്‌കെയുടെ ഡ്രീം 11 എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

സഞ്ജു വൈസ് ക്യാപ്റ്റന്‍?
രാജസ്ഥാന്‍ റോയല്‍സിലേതു പോലെ ചെന്നൈ സൂപ്പര്‍ കിങ്‌സിലും സഞ്ജു സാംസണിനു ക്യാപ്റ്റന്‍സി ലഭിച്ചേക്കില്ലെന്നാണ് വിവരം. പകരം വൈസ് ക്യാപ്റ്റന്‍സിയാവും അദ്ദേഹത്തിനു നല്‍കുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. റുതുരാജ് ഗെയ്ക്വാദിനെ തന്നെ നായകസ്ഥാനത്തു നിലനിര്‍ത്താമാണ് ടീം മാനേജ്‌മെന്റിനു താല്‍പ്പര്യം.
മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി അടുത്ത ഐപിഎല്ലിലും കളിക്കുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. ശരീരം അനുവദിച്ചാല്‍ അടുത്ത സീസണിലും അദ്ദേഹത്തെ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ പ്രതീക്ഷിക്കാം. ധോണി കളിക്കുകയാണെങ്കില്‍ വിക്കറ്റ് കീപ്പിങും അദ്ദേഹം തന്നെ നിര്‍വഹിക്കും. അങ്ങനെ വന്നാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും സഞ്ജുവിനെ കാണാന്‍ സാധിക്കുക.
കഴിഞ്ഞ സീസണില്‍ പകരക്കാരനായി വന്ന ശേഷം ശ്രദ്ധേയമായ പ്രകടനം നടത്തിയ 17 കാരനായ ഓപ്പണര്‍ ആയുഷ് മാത്രെയ്ക്കു ചെന്നൈ സ്ഥിരം കരാര്‍ നല്‍കുമെന്നു ഉറപ്പായിരിക്കുകയാണ്. ടീമിന്റെ ഭാവി സൂപ്പര്‍ താരമായാണ് മാത്രെയെ ചെന്നൈ കാണുന്നത്. റുതുരാജും മാത്രെയുമായിരിക്കും അടുത്ത സീസണില്‍ ചെന്നൈയ്ക്കു വേണ്ടി ഓപ്പണിങില്‍ കളിക്കുക.
വണ്‍ഡൗണായി ക്രീസിലെത്തുക സഞ്ജുവായിരിക്കും. അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷനും ഐപിഎല്ലില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ളതും മൂന്നാം നമ്പറിലാണ്. സമാപിച്ച സീസണില്‍ പരിക്കേറ്റ് ടീമിനു പുറത്താവും വരെ ഓപ്പണറായാണ് സഞ്ജു ബാറ്റ് വീശിയത്. പിന്നീട് വൈഭവ് സൂര്യവംശി ഓപ്പണിങില്‍ സീറ്റുറപ്പിച്ചതോടെ ടീമിലേക്കു മടങ്‌റങിയെത്തിയ ശേഷം സഞ്ജു പഴയ പൊസിഷനായ മൂന്നിലേക്കു മാറുകയും ചെയ്തു.

മധ്യനിര, ബൗളര്‍മാര്‍
സഞ്ജു സാംസണിനു ശേഷം നാല്, അഞ്ച് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുക വമ്പനടിക്കാരായ ശിവം ദുബെയും ജൂനിയര്‍ എബിഡിയെന്നു വിളിപ്പേരുള്ള ഡെവാള്‍ജ് ബ്രെവിസുമായിരിക്കും. ദുബൈ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈവിടാനുള്ള സാധ്യത തീരെ കുറവാണ്. അവരെ സംബന്ധിച്ച് സ്പിന്നര്‍മാര്‍ക്കെതിരേയുള്ള തുറുപ്പുചീട്ടാണ് അദ്ദേഹം.
ബ്രെവിസാവട്ടെ കഴിഞ്ഞ സീസണിന്റെ പകുതിയോടെ പകരക്കാരനായിട്ടാണ് ടീമിനൊപ്പം ചേര്‍ന്നത്. മധ്യനിരയില്‍ ചില തീപ്പൊരി ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ബ്രെവിസിനെയും ചെന്നൈ തങ്ങളുടെ സംഘത്തിലെ സ്ഥിരം താരമാക്കി മാറ്റുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.
ആറാം നമ്പറില്‍ ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്‍, ഓസ്‌ട്രേലിയയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരിലൊരാളെ അടുത്ത ലേലത്തില്‍ ചെന്നൈ സ്വന്തമാക്കിയേക്കും. ഇവരില്‍ ബ്രേസ്വെല്ലായിരിക്കും കൂടുതല്‍ ചീപ്പെന്നതിനാല്‍ സാധ്യത കൂടുതലും അദ്ദേഹത്തിനാണ്.
ഏഴാം നമ്പറില്‍ കളിക്കുക സ്റ്റാര്‍ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരിക്കും. അതിനു ശേഷം എട്ടാമനായിട്ടാവു എംഎസ് ധോണിയുടെ വരവ്. തുടര്‍ന്നു ബൗളര്‍മാരുടെ ഊഴമായിരിക്കും.
കഴിഞ്ഞ സീസണിലെ ബൗളിങ് ലൈനപ്പില്‍ വലിയ അഴിച്ചുപണികള്‍ ചെന്നൈ നടത്താന്‍ സാധ്യതയില്ല. ഖലീല്‍ അഹമ്മദ്, മതീശ പതിരാന, എന്നിവരായിരിക്കും ചെന്നൈയുടെ പേസ് ജോടി. ഇംപാക്ട് പ്ലെയറായി പേസര്‍ അന്‍ഷുല്‍ കാംബോജും കളിക്കും. ഏക സ്പിന്നറായി അഫ്ഗാനിസ്താന്‍ സെന്‍സേഷന്‍ നൂര്‍ അഹമ്മദിനെയും ടീമില്‍ കാണാം.
2026ല്‍ ചെന്നൈയുടെ ഡ്രീം ഇലവന്‍
റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, സഞ്ജു സാംസണ്‍ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, മൈക്കല്‍ ബ്രേസ്വെല്‍ / കാമറൂണ്‍ ഗ്രീന്‍, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്, മതീശ പതിരാന, അന്‍ഷുല്‍ കാംബോജ് (ഇംപാക്ട് പ്ലെയര്‍).