ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെ റാഞ്ചാന്‍ പുതിയൊരു ടീം കൂടി രംഗത്തു വന്നിരിക്കുകയാണ്. ഇതു വരെ ഐപിഎല്ലില്‍ കിരീട ഭാഗ്യമുണ്ടായിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് അദ്ദേഹത്തിനായി താല്‍പ്പര്യം കാണിച്ചിരിക്കുന്നത്.
സഞ്ജു റോയല്‍സ് വിടുകയാണെങ്കില്‍ ഇരുകൈകളു നീട്ടി സ്വീകരിക്കുമെന്നു ഡിസിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ന്യൂസ് 24നോടു തുറന്നു പറഞ്ഞിരിക്കുകയാണ്. ട്രേഡിങ് വിന്‍ഡോയിലോ, വരാനിരിക്കുന്ന മിനി താരലേലത്തിലോ അദ്ദേഹത്തെ റാഞ്ചാനാണ് ഡിസിയുടെ പ്ലാന്‍. അടുത്ത സീസണില്‍ ഡിസിലിലേക്കു സഞ്ജു ചേക്കേറുകയാണെങ്കില്‍ അവരുടെ ശക്തമായ പ്ലെയിങ് 11 എങ്ങനെയായിരിക്കുമെന്നു നമുക്കു പരിശോധിക്കാം.

സഞ്ജുവിനു മൂന്ന് റോള്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം ചേരുകയാണെങ്കില്‍ മൂന്നു റോളുകളായിരിക്കും സഞ്ജു സാംസണിനെ കാത്തിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്യാപ്റ്റന്‍സിയായിരിക്കും. കാരണം കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ ക്യാപ്റ്റന്‍സിയില്‍ ഡിസി മാനേജ്‌മെന്റ് സംതൃപ്തരല്ല. ഇതേ തുടര്‍ന്നു അദ്ദേഹത്തെ നായകസ്ഥാനത്തു നീക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍.
അക്ഷറിനെ മാറ്റിയാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു സഞ്ജുവിനേക്കാള്‍ ബെസ്റ്റായ മറ്റൊരു ഓാപ്ഷന്‍ ഡിസിക്കില്ല. മലയാളി താരത്തിന്റെ വരവ് തങ്ങളുടെ തലവര തന്നെ മാറ്റുമെന്ന വിശ്വാസത്തിലായിരിക്കും അവര്‍. രാജസ്ഥാന്‍ റോയല്‍സിനെ റണ്ണറപ്പാക്കി ക്യാപ്റ്റന്‍സി മികവ് തെളിയിച്ച താരമാണ് സഞ്ജു. കന്നി ഐപിഎല്‍ കിരീടത്തിനായുള്ള തങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ സഞ്ജുവിനു കഴിഞ്ഞേക്കുമെന്ന ശുഭപ്രതീക്ഷയും അദ്ദേഹത്തിനുണ്ടാവും.
ഡിസിയില്‍ ഓപ്പണിങ് റോളിലാവും സഞ്ജു ബാറ്റിങിനു ഇറങ്ങുക. ടി20യില്‍ അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷനായി ഇതു മാറിക്കഴിഞ്ഞു. ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ മൂന്നു സെഞ്ച്വറികളുമായി കസറിയ സഞ്ജു ഇപ്പോള്‍ കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനൊപ്പവും മാജിക്കല്‍ ഫോം തുടരുകയാണ്. ഓപ്പണറായി ഇറങ്ങി നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് അദ്ദേഹം കുറിച്ചത്. ഇതിലൊരു സെഞ്ച്വറിയും ഉള്‍പ്പെടും.
സഞ്ജുവിന്‍ ഓപ്പണിങ് പങ്കാളിയായി ഡിസിയില്‍ ഇറങ്ങുക ഇന്ത്യയുടെ മറ്റൊരു സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലായിരിക്കും. കഴിഞ്ഞ മെഗാ ലേലത്തില്‍ ഡിസിക്കൊപ്പം ചേര്‍ന്ന ശേഷം ഗംഭീര ബാറ്റിങാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. ടീമിനായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് രഹുലായിരുന്നു. പോയിന്റ് പട്ടികയില്‍ ഡിസി ടോപ്പ് ഫൈവലില്‍ ഫിനിഷ് ചെയയ്യാനുളള പ്രധാന കാരണങ്ങളിലൊന്ന് അദ്ദേത്തിന്റെ സാന്നിധ്യമാണ്.
സഞ്ജു- രാഹുല്‍ ഓപ്പണിങ് സഖ്യത്തിനു ശേഷം മൂന്നാം നമ്പറില്‍ കളിക്കുക യുവ ഇടംകൈയന്‍ ബാറ്റര്‍ അഭിഷേക് പൊറെലായിരിക്കും. ഏറെ പ്രതീക്ഷ നല്‍കുന്ന ഭാവി താരങ്ങളിലൊരാളാണ് അദ്ദേഹം. അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാനും മല്‍സരഗത മാറ്റാനുമുള്ള മിടുക്ക് പൊറേലിനുണ്ട്.

നാലാം നമ്പറില്‍ കളിക്കുക മറ്റൊരു അറ്റാക്കിങ് ബാറ്ററായ സമീര്‍ റിസ്വിയാണ്. അണ്‍ക്യാപ്ഡ് താരമായ അദ്ദേഹം കഴിഞ്ഞ സീസണില്‍ ഭേദപ്പെട്ട ചില പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ റിസ്വിയെ ഡിസി ഒഴിവാക്കാനിടയില്ല.
അഞ്ചാം നമ്പറില്‍ സൗത്താഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സായിരിക്കും. അതു കഴിഞ്ഞാല്‍ ആറില്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും കളിക്കുക. ആവശ്യമെങ്കില്‍ ടോപ്പ് ഫൈവിലേക്കും അദ്ദേഹത്തെ പ്രൊമോട്ട് ചെയ്യാം.
ഏഴാമനായി കഴിഞ്ഞ സീസണിലെ കണ്ടെത്തലുകളിലൊരാളായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വിപ്രാജ് നിഗമിന്റെ ഊഴമായിരിക്കും. എട്ടാം നമ്പറില്‍ തകര്‍പ്പന്‍ ഫിനിഷറായ അശുതോഷ് ശര്‍മയാണ് ബാറ്റ് ചെയ്യുക.
ഒമ്പതാമന്‍ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. തുടര്‍ന്നു രണ്ടു ഫാസ്റ്റ് ബൗളര്‍മാരുമുണ്ടാവും. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മിച്ചെല്‍ സ്റ്റാര്‍ക്കാവും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. മറ്റൊരു ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറുമായിരിക്കും.
ഡിസിയുടെ അടുത്ത 11
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, അഭിഷേക് പൊറേല്‍, സമീര്‍ റിസ്വി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍, വിപ്രാജ് നിഗം, അശുതോഷ് ശര്‍മ, കുല്‍ദീപ് യാവ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, മുകേഷ് കുമാര്‍.