ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ശക്തമായ തിരിച്ചുവരവിനു കച്ചമുറുക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മിനി താരലേലത്തില്‍ 45.5 കോടിയുമായാണ് അവര്‍ ഇറങ്ങിയത് കാമറൂണ്‍ ഗ്രീന്‍, ലിയാം ലിവിങ്‌സ്്റ്റണ്‍, രവി ബിഷ്‌നോയ് എന്നിവരെ വന്‍ തുകയ്ക്കു ചെന്നൈ വാങ്ങുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
പകരം ആരുമറിയാത്ത രണ്ട് ഇന്ത്യന്‍ യുവതാരങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ ഏറ്റവുമധികം പണം വാരിയെറിഞ്ഞത്. ഐപിഎല്ലില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍ എന്നിവര്‍ക്കായി 14.2 കോടി രൂപ വീതം അവര്‍ മുടക്കുകയായിരുന്നു.

ഐപിഎല്‍ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ അണ്‍ക്യാപ്ഡ് താരങ്ങളായും ഇവര്‍ മാറുകയായിരുന്നു. ലേലത്തിനു ശേഷം ചെന്നൈയുടെ അടുത്ത സീസണിലെ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു ചിത്രം തെളിഞ്ഞിരിക്കുകയാണ്. സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നമുക്കു പരിശോധിക്കാം.
ഇലവനില്‍ ആരൊക്കെ?
ഐപിഎല്‍ ലേലത്തിനു മുമ്പ് തന്നെ ട്രേഡ് വിന്‍ഡോയില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജ, സാം കറെന്‍ എന്നിവരെ പകരം നല്‍കിയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനെ അവര്‍ റാഞ്ചിയത്. ചെന്നൈക്കായി അടുത് സീസണില്‍ ഓപ്പണറായിട്ടാവും സഞ്ജു കളിക്കുക.
കഴിഞ്ഞ തവണ ഇഞ്ചുറി സബായി എത്തിയ കൗമാര താരം ആയുഷ് മാത്രെയായിരിക്കും അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി. ഇന്ത്യയുടെ അണ്ടര്‍ 19 ്ക്യാപ്റ്റന്‍ കൂടിയായ മാത്രെ വലംകൈയന്‍ അഗ്രവീസ് ബാറ്ററാണ്. മാത്രെ- സഞ്ജു ഒാപ്പണിങ് കോമ്പിനേഷന്‍ മികച്ച വിജയമായി മാറുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ.
മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനെ കാണാം. ചെന്നൈ നായകനായി അദ്ദേഹത്തിന്റെ രണ്ടാം സീസണായിരിക്കും ഇത്. കഴിഞ്ഞ തവണ പരിക്കു കാരണം സീസണിന്റെ പകുതിയോടെ റുതുരാജ് പിന്‍മാറിയിരുന്നു. പകരം എംഎസ് ധോണിയായിരുന്നു ശേഷിച്ച മല്‍സരങ്ങളില്‍ ടീമിന നയിച്ചത്.
റുതുവിനു ശേഷം നാലാമനായി ബാറ്റ് ചെയ്‌തേക്കുക വമ്പനടിക്കാരനായ ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെയാവും. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ബൗളിങിലും ഇംപാക്ടുണ്ടാക്കുന്ന അദ്ദേഹത്തെ ചെന്നൈയും ഇനി ബൗളിങില്‍ കൂടുതല്‍ പ്രയോജനപ്പെടുത്തിയേക്കും.
അഞ്ചാം നമ്പറില്‍ കളിക്കുക ബേബി എബിയെന്നറിയപ്പെടുന്ന സൗത്താഫ്രിക്കയുടെ യുവ വെടിക്കട്ട് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസായിരിക്കും. മാത്രെയെപ്പോലെ കഴിഞ്ഞ സീസണിന്റെ പകുതിയോടെ ഇഞ്ചുറി സബായി വന്ന മറ്റൊരു താരമാണ് ബ്രെവിസ്.
മികച്ച പ്രകടനം നടത്തിയതോടെ അദ്ദേഹവുമായി ചെന്നൈ സ്ഥിരം കരാര്‍ ഒപ്പിടുകയായിരുന്നു. ദുബെയും ബ്രെവിസും ചേരുന്നതോടെ ചെന്നൈയുടെ മധ്യനിരയ്ക്കു അതു കൂടുതല്‍ കരുത്താവുകയും ചെയ്യും.

ജഡേജയും ആര്‍ അശ്വിനുമെല്ലാം പോയ ഒഴിവുകളിലേക്കു രണ്ടു യുവതാരങ്ങളെ കൊണ്ടു വന്നിരിക്കുകയാണ് ചെന്നൈ. ആറ്, ഏഴ് നമ്പറുകളില്‍ പ്രശാന്ത് വീറും കാര്‍ത്തിക് ശര്‍മയും കളിക്കും. വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. ഇതു ചെന്നൈയുടെ ഫിനിഷിങിന് കൂടുതല്‍ മൂര്‍ച്ചയും നല്‍കും. എട്ടാം നമ്പറിലായിരിക്കും എംഎസ് ധോണി കളിച്ചേക്കുക.
ചെന്നൈയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക ഓസ്‌ട്രേലിയയുടെ നതാന്‍ എല്ലിസായിരിക്കും. കൂട്ടിനു ഖലീല്‍ അഹമ്മദുണ്ടാവും. സ്പിന്‍ ബൗളിങിന്റെ ചുമതല അഫ്ഗാനിസ്താന്‍ യുവതാരം നൂര്‍ അഹമ്മദിനായിരിക്കും.
ചെന്നൈയുടെ സാധ്യതാ പ്ലെയിങ് 11
ആയുഷ് മാത്രെ, സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, നഥാന്‍ എല്ലിസ്.
ഇംപാക്ട് പ്ലെയര്‍- രാഹുല്‍ ചാഹര്‍.