ഐപിഎല്ലില്‍ ഇത്തവണ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനാവാതെ വലയുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്തു നിന്നും റുതുരാജ് ഗെയ്ക്വാദിനെ നീക്കണമെന്നാവശ്യം. മുന്‍ സിഎസ്‌കെ താരം കൂടിയായ എസ് ബദ്രിനാഥാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ് അഞ്ചു തവണ ചാംപ്യന്‍മാരായ സിഎസ്‌കെ ടീം.
ആറു മല്‍സരങ്ങളില്‍ കളിച്ച അവര്‍ക്കു ജയിക്കാനായത് വെറും രണ്ടെണ്ണത്തില്‍ മാത്രം. ശേഷിച്ച നാലിലും പരാജയപ്പെടുകയും ചെയ്തു. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ ഫ്‌ളോപ്പായിരിക്കുകയാണ് റുതുരാജ്്. ഇതേ തുടര്‍ന്ന് ആരാധകരും മുന്‍ താരങ്ങളുമെല്ലാം അദ്ദേഹത്തിനെതിരേ രംഗത്തു വന്നു കഴിഞ്ഞു.

സ്വന്തം യൂട്യൂബ് ചാനലിലാണ് റുതുരാജ് ഗെയ്ക്വാഗിനെതിരേ എസ് ബദ്രിനാഥ് ആഞ്ഞടിച്ചിരിക്കുകയാണ്. മോശം ക്യാപ്റ്റന്‍സിയാണ് ഇതിനകം നടന്ന മല്‍സരങ്ങളില്‍ അദ്ദേഹം കാഴ്ചവച്ചതെന്ന അഭിപ്രായമാണ് ബദ്രിനാഥിനുള്ളത്.
'റുതുരാജ് ഗെയ്ക്വാദിനെ നായകസ്ഥാനത്തു നിന്നും മാറ്റി സഞ്ജു സാംസണിലേക്കു പോവണമോയെന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റ് ആലോചിക്കേണ്ട കാര്യം തന്നെയാണ്. ക്യാപ്റ്റനെന്ന നിലയില്‍ റുതു സമ്പൂര്‍ണ പരാജയമായി മാറിയെന്നതല്ല ഇതിന്റെ കാരണം.
പക്ഷെ ക്യാപ്റ്റന്‍സി ഭാരം അദ്ദേഹത്തിന്റെ ബാറ്റിങിലും വളരെ പ്രകടമായിരിക്കുകയാണ്. വലിയ സമ്മര്‍ദ്ദത്തിലാണ് റുതുരാജ് ഇപ്പോഴുള്ളതെന്നു അദ്ദേഹത്തിന്റെ മുഖത്ത് നിങ്ള്‍ക്കു കാണാനും കഴിയും. ഈ സമ്മര്‍ദ്ദം ഒഴിവാക്കുന്നുതിനു വേണ്ടി മാത്രം റുതുരാജിനു പകരം സഞ്ജുവിനെ ക്യാപ്റ്റമാക്കുമോ സിഎസ്‌കെ?- ബദ്രിനാഥ് ചോദിക്കുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഈ സീണില്‍ മുന്നേറണമെങ്കില്‍ റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റില്‍ നിന്നും മികച്ച ഇന്നിങ്‌സുകള്‍ ഉടന്‍ വരേണ്ടത് ആവശ്യമാണെന്നു എസ് ബദ്രിനാഥ് ചൂണ്ടിക്കാട്ടി.
റുതുരാജിന്റെ ബാറ്റ് ഫയര്‍ ചെയ്‌തേ തീരുകയുള്ളൂ. ഓപ്പണറാവുകയും പവര്‍പ്ലേയില്‍ കളിക്കുകയും ചെയ്തിട്ടും തുടര്‍ച്ചയായി ആറു മല്‍സരങ്ങളില്‍ പരാജയപ്പെട്ടത് ഒരുപാട് കൂടുതല്‍ തന്നെയാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റസി മികച്ചതല്ലെങ്കിലും കുഴപ്പമില്ലെന്നു തന്നെ പറയാം റണ്‍ചേസുകളില്‍ റുതുരാജ് ഇനിയും ഫോമിലേക്കു വന്നിട്ടില്ലെന്നും ബദ്രിനാഥ് വിശദമാക്കി.

ഈ സീസണില്‍ ഒരു മികച്ച ഇന്നിങ്‌സ് പോലും റുതുരാജിനു എടുത്തു കാണിക്കാനില്ല. ആറിന്നിങ്‌സുകളില്‍ നിന്നും 13.67 എന്ന ദയനീയ ശരാശരിയില്‍ നേടാനായത് വെറും 28 റണ്‍സ് മാത്രമാണ്. സ്‌ട്രൈക്ക് റേറ്റിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.
112.33 മാത്രമാണ് ഈ സീസണിലെ പ്രഹരശേഷി. കഴിഞ്ഞ ഐപിഎല്‍ സീസണിലും റുതുരാജിന്റെ ബാറ്റിങ് ശരാശരി 30ല്‍ താഴെയായിരുന്നു. പരിക്കുകള്‍ കാരണം വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ ടീമിനെ നയിക്കാനുമായുള്ളൂ.
മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു നിര്‍ബന്ധമായും ആവശ്യമുള്ള സമയമാണിതെന്നു എസ് ബദ്രിനാഥ് അഭിപ്രായപ്പെട്ടു.
ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ഈ സീസണില്‍ ഒരു മല്‍സരം പോലും ധോണി കളിച്ചിട്ടില്ല. ഇനി അദ്ദേഹം എന്നു പ്ലെയിങ് ഇലവന്റെ ഭാഗമാവുമെന്നതു പോലും അവ്യക്തമാണ്.
'എംഎസ് ധോണിക്കു എന്തു തരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങളുണ്ടെങ്കിലും സിഎസ്‌കെയ്ക്കു ഡെത്ത് ഓവറുകളില്‍ തീര്‍ച്ചയായും ആവശ്യമാണ്. കാരണം അവസാന ഓവറുകളില്‍ ബാറ്റിങില്‍ ശരിക്കും ബുദ്ധിമുട്ടുകയാണ് ടീം.
18ാം ഓവറില്‍ ഇപ്പോഴാണ് ധോണി കളിക്കുന്നതെങ്കില്‍ പോലും എതിര്‍ ടീം ബൗളര്‍ സമ്മര്‍ദ്ദത്തിലാവും. ഇതു കാരണം ലെങ്ത്തും യോര്‍ക്കറുകളുമെല്ലാം അവര്‍ മിസ് ചെയ്യും. ധോണിയാവട്ടെ ഹെലികോപ്റ്റര്‍ ഷോട്ടുകളും കളിക്കും. അവസാന ഓവറില്‍ ചെന്നൈക്കു ജയിക്കാന്‍ 16 റണ്‍സ് വേണ്ടി വന്നാലും ധോണി ക്രീസിലുണ്ടെങ്കില്‍ ബൗളര്‍ സമ്മര്‍ദ്ദത്തിലാവുമെന്നും ബദ്രിനാഥ് കൂട്ടിച്ചേര്‍ത്തു.