ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറാന്‍ സഞ്ജു സാംസണ്‍ തയ്യാറെടുക്കവെ ഇതേക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്. സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റം അദ്ദേഹം വളരെ നേരത്തേ തന്നെ ആഗ്രഹിച്ചിരുന്നതായും ഇതേക്കുറിച്ച് തന്നോടു മുമ്പ് ചോദിച്ചിരുന്നുവെന്നുമാണ് റുതു തുറന്നു പറഞ്ഞിരിക്കുന്നത്.
സിഎസ്‌കെയുടെ പോഡ്കാസ്റ്റില്‍ മുന്‍ ഇന്ത്യന്‍ താരം കൂടിയായ അഭിനവ് മുകുന്ദുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മിനി താരലേലത്തിനു മുന്നോടിയായുള്ള ട്രേഡിലാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായിരുന്ന സഞ്ജുവിനെ സിഎസ്‌കെ റാഞ്ചിയത്. പകരം ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും സാം കറെനെയും വിട്ടു നല്‍കുകയും ചെയ്തു.

സഞ്ജു സാംസണുമായി തനിക്കു വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും പല കാര്യങ്ങളും പരസ്പരം പങ്കു വയ്ക്കാറുണ്ടെന്നുമാണ് റുതുരാജ് ഗെയ്ക്വാദ് പറയുന്നത്. സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റത്തിന് ഏറെ മുമ്പ് തന്നെ ടീമിനകത്തെ അന്തരീക്ഷത്തെ കുറിച്ചും മറ്റും തന്നോടു ചോദിച്ചു മനസിലാക്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

'രണ്ട്- മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടില്‍ വച്ച് സഞ്ജു സാംസണുമായി സംസാരിച്ച കാര്യങ്ങള്‍ ഓര്‍മയുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്നും ടീമിനകത്തെ അന്തരീക്ഷം എങ്ങനെയാണെന്നുമെല്ലാം അദ്ദേഹം എന്നോടു ചോദിച്ചിരുന്നു.
സൗത്തില്‍ നിന്നുള്ള ആളായതിനാല്‍ നീ അവസരം മുതലാക്കണമെന്നും ഇവിടെ (സിഎസ്‌കെ) ഉണ്ടാവണമെന്നുമെല്ലാം സഞ്ജുവിനോടു അന്നു പറഞ്ഞിരുന്നതായും റുതുരാജ് വ്യക്തമാക്കി.
ഇന്ത്യന്‍ ടീമിനു അകത്തും പുറത്തുമായി തുടരുന്ന നിര്‍ഭാഗ്യവാന്‍മാരായ താരങ്ങളെന്ന നിലയില്‍ സഞ്ജു സാംസണുമായി പല കാര്യങ്ങളിലും തനിക്കു സാമ്യതകളുണ്ടെന്നാണ് റുതുരാജ് ഗെയ്ക്വാദിന്റെ അഭിപ്രായം.
ക്യാപ്റ്റന്‍സി മോഹങ്ങളൊന്നും മലയാളി താരത്തിനു ഒരിക്കലുമുണ്ടായിട്ടില്ലെന്നും അതിനേക്കാള്‍ ഒരു ഫ്രാഞ്ചൈസിയുടെ സംസ്‌കാരത്തിനാണ് പ്രാധാന്യം നല്‍കാറുള്ളതെന്നും അദ്ദേഗഹം ചൂണ്ടിക്കാട്ടി.
ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറുന്നതുമായി ബന്ധപ്പെട്ട് സഞ്ജു സാംസണുമായി ആദ്യം സംസാരിച്ചത് ഞാനാണോ, അല്ലയോ എന്നൊന്നും അറിയില്ല. ഞങ്ങള്‍ ഒരുപാട് കാലങ്ങളായി സുഹൃത്തുക്കളാണ്. മാത്രമല്ല, ഇന്ത്യന്‍ ടീമിനു അകത്തും പുറത്തുമായി തുടരുന്ന താരങ്ങളും കൂടിയാണ് ഞങ്ങള്‍. ഒരേ പോലെയുള്ള യാത്രയും ബുദ്ധിമുട്ടകളുമാണ് ഞങ്ങളുടേത്.

ഞാന്‍ ഇതേ കുറിച്ചെല്ലാം സഞ്ജുവുമായി സംസാരിക്കാറുണ്ട്. സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റനായ മാറുമോയെന്നു മുമ്പ് അദ്ദേഹം എന്നോടു ചോദിച്ചിരുന്നു. എനിക്കു അതേ കുറിച്ചൊന്നും അറിയില്ല, ക്യാപ്റ്റന്‍സി ഞാന്‍ അത്ര വലിയ കാര്യമാക്കുകയും ചെയ്യുന്നില്ല.
എനിക്കു സിഎസ്‌കെയില്‍ കളിക്കാന്‍ ഇഷ്ടമാണ്, ഇവിടുത്തെ അന്തരീക്ഷവും ആസ്വദിക്കുന്നുവെന്നാണ് ഞാന്‍ അന്നു സഞ്ജുവിനു നല്‍കിയ മറുപടിയെന്നും റുതുരാജ് വിശദമാക്കി.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനാവുകയെന്ന ഒരു ആഗ്രഹവും സഞ്ജു സാംസണിനു ഒരിക്കലുമുണ്ടായിട്ടില്ലെന്നാണ് റുതുരാജ് ഗെയ്ക്വാദിന്റെ വെളിപ്പെടുത്തല്‍. ഒരു കളിക്കാരനെന്ന നിലയില്‍ ടീമിനായി പൂര്‍ണമായും സമര്‍പ്പിക്കാനാഗ്രഹിക്കുന്ന ക്രിക്കറ്ററാണ് അദ്ദേഹമെന്നും റുതു പറയുന്നു.

സിഎസ്‌കെയിലെ ടീം കള്‍ച്ചര്‍ എനിക്കിഷ്ടമാണ്. ഒരു താരമെന്ന നിലയിലും ഞാന്‍ വളരെ സന്തോഷവാനാണെന്നു സഞ്ജുവിനോടു പറഞ്ഞു. അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
ചെന്നൈയില്‍ എനിക്കു ക്യാപ്റ്റനായി മാറണമെന്ന സാഹചര്യത്തിലേക്കൊന്നും പോവാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കു നിങ്ങളുടെ കീഴില്‍ കളിച്ചാല്‍ മതി. ഇതു നിങ്ങുടെ ടീമാണ്, നിങ്ങളുടെ ഫ്രാഞ്ചൈസിയാണ്.
ഒരു താരമെന്ന നിങ്ങള്‍ക്കു കീഴില്‍ കളിക്കുന്നതില്‍ സന്തോഷവാനുമാണ്. പക്ഷെ ഈ ടീമിലേക്കു വരാന്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അതു ആഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു സഞ്ജുവിന്റെ വാക്കുകളെന്നും റുതുരാജ് കൂട്ടിച്ചേര്‍ത്തു.