ഐപിഎല്ലിന്റെ മിനി താരലേലം അടുത്ത മാസം 16നു അബുദാബിയില്‍ നടക്കാനിരിക്കുകയാണ്. റിലീസ് ചെയ്യെപ്പട്ട താരങ്ങളടക്കം നിരവധി പേരെ ലേലത്തിന്റെ പൂളില്‍ നമുക്കു കാണാന്‍ സാധിക്കും. പത്തു ഫ്രാഞ്ചൈസികളും അടുത്ത സീസണിലേക്കു നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് ഔദ്യോഗികമായി പുറത്തു വിട്ടു കഴിഞ്ഞു.
ചില താരങ്ങള്‍ റിലീസ് ചെയ്യപ്പെടുമെന്നു നേരത്തേ തന്നെ എല്ലാവരും ഉറപ്പിച്ചതാണ്. എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത ചില മികച്ച കളിക്കാരും റിലീസ് ചെയ്യപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. പക്ഷെ ലേലത്തില്‍ ഈ താരങ്ങളെ മുന്‍ ഫ്രാഞ്ചൈസി തന്നെ കുറഞ്ഞ വിലയ്ക്കു തിരികെ വാങ്ങാനുള്ള സാധ്യതയ കൂടുതലാണ്. പഴയ തട്ടകത്തിലേക്കു തിരികെ എത്തിയേക്കാവുന്ന ഈ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ആന്ദ്രെ റസ്സല്‍
ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെടിക്കെട്ട് ബാറ്ററും സീം ബൗളിങ് ഓള്‍റൗണ്ടറുമായ ആന്ദ്രെ റസ്സലാണ്. ദീര്‍ഘകാലമായി കെകെആറിനൊപ്പമുള്ള അദ്ദേഹം റിലീസ് ചെയ്യപ്പെടുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ കെകെആറിന്റെ ആരാധകരെ സംബന്ധിച്ച് ഇതു ശരിക്കു ഷോക്ക് തന്നെയായിരുന്നു.
2014ല്‍ കെകെആറിനൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ ശേഷം റസ്സലിനെ മറ്റൊരു ഫ്രാഞ്ചൈസിക്കൊപ്പവും കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സംബന്ധിച്ച് ഹോം ഫ്രാഞ്ചൈസി പോലെയാണ് കെകെആറെന്നു ഉറപ്പിച്ചു പറയാം. ടീമിനായി വിവിധ സീസണുകളിലായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും റസ്സല്‍ കാഴ്ചവച്ചിട്ടുണ്ട്. ആരാധകര്‍ക്കും ഏറെ പ്രിയങ്കരനുമാണ് അദ്ദേഹം.
്‌റസ്സലിനെ കെകെആര്‍ റിലീസ് ചെയ്യാനുള്ള പ്രധാന കാരണം നിലവിലെ ഉയര്‍ന്ന പ്രതിഫലമായിരിക്കും. 12 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ കഴിഞ്ഞ സീസണില്‍ അവര്‍ നിലനിര്‍ത്തിയത്. പക്ഷെ സമീപകാല പ്രകടനങ്ങളും പ്രായവുമെല്ലാം പരിഗണിക്കുമ്പോള്‍ ഈ തുക കൂടുതലാണെന്നു കെകെആറിനു ബോധ്യമായിട്ടുണ്ടാവും.
കഴിഞ്ഞ സീസണില്‍ 163.72 സ്‌ട്രൈക്ക് റേറ്റില്‍ 167 റണ്‍സാണ് റസ്സല്‍ സ്‌കോര്‍ ചെയ്തത്. അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരിയില്‍ വലിയ ഇടിവാണ് (18.55) സംഭവിച്ചിട്ടുള്ളത്. 12നടുത്ത് ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകളും വെസ്റ്റ് ഇന്‍ഡീസ് താരം നേടി.
കരിയറിന്റെ അസ്തമയത്തിലാണെങ്കിലും ലേലത്തില്‍ റസ്സലിനെ തിരികെ വാങ്ങാന്‍ കെകെആര്‍ ശ്രമിച്ചേക്കും. ഫ്രാഞ്ചൈസിക്കായി 111 ഇന്നിങ്‌സുകളില്‍ അദ്ദേഹം ഇതിനകം കളിച്ചിട്ടുണ്ട്. 2593 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനൊപ്പം 122 വിക്കറ്റുകളും സ്വന്തം പേരിലാക്കാന്‍ സാധിക്കുകയും ചെയ്തു.
രവി ബിഷ്‌നോയ്
ഇന്ത്യന്‍ യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ലേലത്തില്‍ മുന്‍ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്കു തിരികെ എത്തിയേക്കാവുന്ന രണ്ടാമത്തെയാള്‍. ബിഷ്‌നോയിയെ എല്‍എസ്ജി റിലീസ് ചെയ്യുമെന്നു ആരും തന്നെ പ്രതീക്ഷിച്ചതല്ല.
കഴിഞ്ഞ സീസണില്‍ അത്ര മികച്ച പ്രകടനം നടത്തിയില്ലെങ്കിലും മികച്ച ഭാവിയുള്ള ഭാവി സൂപ്പര്‍ താരങ്ങളിലൊരാളാണ് ബിഷ്‌നോയ്. 11 കോടി രൂപയ്ക്കായിരുന്നു കഴിഞ്ഞ സീസണിനു മുമ്പ് അദ്ദേഹത്തെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയത്. പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ബിഷ്‌നോയിക്കായില്ല.
11 ഇന്നിങ്‌സുകളില്‍ വീഴ്ത്തിയത് വെറും ഒമ്പതു വിക്കറ്റുകളാണ്. 10.84 എന്ന മോശം ഇക്കോണമി റേറ്റിലാണിത്. ഇതാവാം ബിഷ്നോയിയെ എല്‍എസ്ജി റിലീസ് ചെയ്യാനുള്ള പ്രധാന കാരണമെന്നാണ് കരുതപ്പെടുന്നത്.
പക്ഷെ ഫ്രാഞ്ചൈസിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ഓവറോള്‍ റെക്കോര്‍ഡ് വളരെ മികച്ചതാണ്. 77 മല്‍സരങ്ങളില്‍ നിന്നും 8.2 ഇ്‌ക്കോണമി റേറ്റില്‍ 72 വിക്കറ്റുകള്‍ ബിഷ്‌നോയ് വീഴ്ത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ലേലത്തില്‍ അദ്ദേഹത്തെ എല്‍എസ്ജി തന്നെ തിരികെ വാങ്ങാനുള്ള സാധ്യതയും കൂടുതലാണ്.

മതീശ പതിരാന
ശ്രീലങ്കന്‍ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫാസ്റ്റ് ബൗളറുമായ മതീശ പതിരാനയാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. അദ്ദേഹം റിലീസ് ചെയ്യപ്പെട്ടതും വലിയ സര്‍പ്രൈസായിരുന്നു. 2022ലെ ലേലത്തില്‍ സിഎസ്‌കെയ്‌ക്കൊപ്പം ചേര്‍ന്നയാളാണ് പരിരാന. ഡെത്ത് ഓവറുകളില്‍ ടീമിന്റെ ഏറ്റവും വിശ്വസ്തനും കൂടിയായിരുന്നു താരം.
നാലു സീസണുകളുലായി 32 മല്‍സരങ്ങളില്‍ പതിരാന കളിച്ചിട്ടുണ്ട്. 21.62 ശരാശരിയില്‍ 47 വിക്കറ്റുകളടുക്കുകയും ചെയ്തു. ഇതില്‍ ഭൂരിഭാഗവും അവസാന ഓവറുകളിലുമായിരുന്നു. 13 കോടി രൂപയ്ക്കാണ് കഴിഞ്ഞ തവണ പതിരാനയെ സിഎസ്‌കെ നിലനിര്‍ത്തിയത്. വരാനിരിക്കുന്ന ലേലത്തില്‍ ഇതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കു അദ്ദേഹത്തെ തിരികെ വാങ്ങാനായിരിക്കും ചെന്നൈയുടെ പ്ലാന്‍.