IPL 2026: മഴ, പിന്നാലെ റോയല്‍സിന്റെ റണ്‍മഴ!! മുംബൈയെ മുക്കി റോയല്‍സ്
ഗുവാഹത്തി: ആദ്യം മഴയും പിന്നാലെ റണ്‍മഴയും കണ്ട ഐപിഎല്ലിലെ ആവേശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിനെയും തകര്‍ത്തെറിഞ്ഞ് രാജസ്ഥാന്‍ റോയല്‍സിന്റെ പടയോട്ടം. 27 റണ്‍സിന്റെ വിജയമാണ് റിയാന്‍ പരാഗും സംഘവും സ്വന്തമാക്കിയത്. ഹാട്രിക് ജയത്തോടെ പോയിന്റ് പട്ടികയില്‍ റോയല്‍സ് തലപ്പത്തേക്കും കയറി.
മഴ കാരണം 11 ഓവര്‍ വീതമായി വെട്ടിക്കുറച്ച മല്‍സരത്തില്‍ 151 റണ്‍സിന്റെ പടുകൂറ്റന്‍ ലക്ഷ്യമാണ് മുംബൈയ്ക്കു മുന്നില്‍ റോയല്‍സ് വച്ചത്. എന്നാല്‍ മൂന്നോവറിനിടെ തന്നെ മൂന്നു വിക്കറ്റിനു 22ലേക്കു വീണ മുംബൈ റണ്‍ചേസില്‍ ഒരിക്കല്‍പ്പോലും ചിത്രത്തില്‍ ഇല്ലായിരുന്നു.

11 ഓവറില്‍ 9 വിക്കറ്റിനു 123 റണ്‍സുമായി അവര്‍ മല്‍സരവും അടിയറവച്ചു. മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. 25 റണ്‍സ് വീതമെടുത്ത നമാന്‍ ധിറും ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡുാണ് മുംബൈയുടെ പ്രധാന സ്‌കോറര്‍മാര്‍.
റയാന്‍ റിക്കെല്‍റ്റണ്‍ (8), രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (6), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (9), തിലക് വര്‍മ (14) തുടങ്ങി ടോപ്പ് ഫൈവിലെ ആരും തന്നെ ബാറ്റിങില്‍ ക്ലിക്കായില്ല. ഇംപാക്ട് പ്ലെയറായെത്തിയ സ്പിന്നര്‍ രവി ബിഷ്നോയ്‌ക്കൊപ്പം നാന്ദ്രെ ബര്‍ഗര്‍, സന്ദീപ് ശര്‍മ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
ജയ്‌സ്വാളിന്റെ അഴിഞ്ഞാട്ടം
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് വെറും മൂന്നു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 11 ഓവറില്‍ 150 റണ്‍സ് അടിച്ചെടുത്തത്. അതിനു അവരെ സഹായിച്ചതാവട്ടെ യശസ്വി ജയ്‌സ്വാളിന്റെ (77*) വെടിക്കെട്ട് ഫിഫ്റ്റിയും വൈഭവ് സൂര്യവംശിയുടെ (39) തീപ്പൊരി ഇന്നിങ്‌സുമാണ്. നായകന്‍ റിയാന്‍ പരാഗ് 20 റണ്‍സും നേടി.
വെറും 32 ബോളിലാണ് ജയ്‌സ്വാള്‍ 77 റണ്‍സ് വാരിക്കൂട്ടിയത്. 10 ഫോറുകളും നാലു സിക്‌സറുമടക്കമായിരുന്നു ഇത്. വൈഭവ് കേവലം 14 ബോളിലാണ് 39ലെത്തിയത്. അഞ്ച കൂറ്റന്‍ സിക്‌സറും ഒരു ഫോറും ഇതിലുണ്ടായിരുന്നു. ആദ്യമായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ നേരിട്ട വൈഭവ് സിക്‌സര്‍ പായിച്ചാണ് ഇതാഘോഷിച്ചത്. ഇതേ ഓവറില്‍ മറ്റൊരു സിക്‌സര്‍ കൂടി 15കാരന്‍ പായിച്ചു.

പ്രതീക്ഷിക്കപ്പെട്ടതു പോലെ സ്‌ഫോടനാത്മക തുടക്കമാണ് ജയ്‌സ്വാള്‍-വൈഭവ് ജോടി റോയല്‍സിനു നല്‍കിയത്. പവര്‍പ്ലേയില്‍ മുംബൈുടെ ഒരു ബൗളറെയും ഇരുവരും നിലത്തുനിര്‍ത്തിയില്ല. ഓപ്പണിങ് വിക്കറ്റില്‍ വെറും അഞ്ചോവറില്‍ ഇവര്‍ വാരിക്കൂട്ടിയത് 80 റണ്‍സാണ്. മുംബൈില്‍ നിന്നും കളി വഴുതിപ്പോയതും ഇതോടെയാണ്.
മൂന്നു മണിക്കൂറോളം മഴയെടുത്ത ഐപിഎല്‍ പോരാട്ടത്തില്‍ ടോസിനു ശേഷം മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്ക് ഭേദമായി ഹാര്‍ദിക് തിരിച്ചെത്തിയതാണ് മുംബൈയെ സംബന്ധിച്ച് ഏറ്റവും വലിയ പ്ലസ് പോയിന്റ്. അഫ്ഗാന്‍ സ്പിന്നര്‍ അല്ലാ ഗസന്‍ഫറിനെയും അവര്‍ തിരികെ വിളിച്ചു. എന്നാല്‍ റോയല്‍സ് കഴിഞ്ഞ കളിയിലെ അതേ 11 നിലനിര്‍ത്തി.
അതേസമയം, സകല പ്രവചനങ്ങളും തെറ്റിക്കുന്ന രീതിയിലാണ് റോയല്‍സ് ഇത്തവണ തുടങ്ങിയത്. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആദ്യ കളിയില്‍ ആര്‍ആര്‍ എട്ടു വിക്കറ്റിനു മുക്കുകയായിരുന്നു. രണ്ടാമങ്കത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയവും അവര്‍ സ്വന്തമാക്കി.
എന്നാല്‍ ഹോംഗ്രൗണ്ടായ വാംഖഡെയിലെ ആദ്യ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ആറു വിക്കറ്റിനു തുരത്തിയായിരുന്നു സീസണിന് മുംബൈ തുടക്കമിട്ടത്. പക്ഷെ രണ്ടാം റൗണ്ടില്‍ അവര്‍ക്കു അടിതെറ്റി. അക്ഷര്‍ പട്ടേല്‍ നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ആറു വിക്കറ്റിന്റെ ഞെട്ടിക്കുന്ന തോല്‍വിയും നേരിട്ടു.
പ്ലെയിങ് 11
രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡൊണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ, നാന്ദ്രെ ബര്‍ഗര്‍.
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, റയാന്‍ റിക്കെള്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, അല്ലാ ഗസന്‍ഫര്‍, ഷര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ദീപക് ചാഹര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications