ക്രിക്കറ്റ് ലോകം ഇപ്പോള്‍ ടി20 ലോകകപ്പ് ലഹരിയിലാണങ്കിലും ഈ ടൂര്‍ണമെന്റിനു പിന്നാലെ ഐപിഎല്‍ പൂരത്തിന് കൊടിയേറുകയാണ്. ഐപിഎല്ലിന്റെ ഫിക്‌സചര്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത മാസം അവസാനത്തോടെയാവും ആരംഭിക്കുകയെന്നാണ് വിവരം. ടൂര്‍ണമെന്റിനായി ഇതിനകം തന്നെ ചില ടീമുകള്‍ പടയൊരുക്കവും തുടങ്ങിക്കഴിഞ്ഞു.
അക്കൂട്ടത്തില്‍ പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സുമുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ ടീം വിട്ടതോടെ പുതയ ക്യാപ്റ്റനും യുവ ഓള്‍റൗണ്ടറുമായ റിയാന്‍ പരാഗിനു കീഴിലാണ് റോയല്‍സ് ഇത്തവണയിറങ്ങുക. പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ പുതിയൊരു തുടക്കമായിരിക്കും റോയല്‍സിന്റെ പിങ്ക് ആര്‍മി സ്വപ്‌നം കാണുന്നത്.

photocredit/Rajasthanroyals
മുന്‍ നായകന്‍ സഞ്ജുവിനെപ്പോലെ തന്നെ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലുമെല്ലാം പരാഗില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ ടീം മാനേജ്‌മെന്റും ആരാധകരുമെല്ലാം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ ബാറ്റിങില്‍ ഇത്തവണ താന്‍ കസറുക തന്നെ ചെയ്യുമെന്ന സൂചനയാണ് റോയല്‍സ് ക്യാംപില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ അദ്ദേഹം നല്‍കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച പരിശീന വീഡിയയോയില്‍ ഗംഭീര ഫോമിലാണ് റിയാന്‍ പരാഗ് ബാറ്റ് വീശുന്നത്. അദ്ദേഹന്റെ ടൈമിങാണ് എടുത്തു പറയേണ്ടത്.
വളരെ വ്യത്യസ്തമായ ഷോട്ടുകളും മികച്ച രീതിയില്‍ പരാഗ് കളിക്കുന്നത് വീഡിയോയില്‍ കാണാം. റിവേഴ്‌സ് പാഡ്ല്‍ സ്വീപ്പ്, ഷോര്‍ട്ട് ആം ജാബ്, പുള്‍ ഷോട്ട്, ഇന്‍സൈഡ് ഔട്ട് ഷോട്ടുകളടക്കം കളിച്ച് താരം നിറഞ്ഞാടുക തന്നെ ചെയ്തു.
പരാഗിന്റെ നോ ലുക്ക് സിക്‌സറുകളും എടുത്തു പറയേണ്ടതാണ്. ഷോട്ട് കളിച്ച ശേഷം ബോളിലേക്കു നോക്കുക പോലും ചെയ്യാതെയുള്ള അദ്ദേഹത്തിന്റെ പോസ് ആരാധകരെയും ശരിക്കും ത്രില്ലടിപ്പിച്ചിട്ടുണ്ട്. ഈ ഫോം ഇനി ഐപിഎല്ലിലും ആവര്‍ത്തക്കാനായാല്‍ പരാഗിന്റെ ബാറ്റില്‍ നിന്നും ഒരുപാട് റണ്‍സ് തീര്‍ച്ചയായും പ്രതീക്ഷിക്കാം.
റിയാന്‍ പരാഗിന്റെ ബാറ്റിങ് പരിശീലനം, വീഡിയോ കാണാം
പരാഗിനെ അവസാനായി കളിക്കളത്തില്‍ കണ്ടത് യുഎസ്എ, നമീബിയ എന്നിവര്‍ക്കെതിരായ ടി20 ലോകകപ്പിലെ സന്നാഹ മല്‍സരങ്ങളിലായിരുന്നു. ഇന്ത്യന്‍ എ ടീമിനു വേണ്ടിയാണ് അദ്ദേഹം കളിക്കാനിറങ്ങിയത്. ഇതില്‍ നമീബിയയുമായുള്ള കളിയില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയും പരാഗ് കുറിച്ചിരുന്നു. 39 ബോളില്‍ 176 സ്‌ട്രൈക്ക് റേറ്റില്‍ 69 റണ്‍സാണ് താരം അടിച്ചെടുത്തത്. അഞ്ചു ഫോറുകളും ആറു സിക്‌സറും ഇതിലുള്‍പ്പെടും.
കഴിഞ്ഞ ഐപിഎല്‍ ലേലത്തിനു മുമ്പ് ട്രേഡ് വിന്‍ഡോയില്‍ ഫ്രാഞ്ചൈസിയുടെ ഐക്കണ്‍ താരവും ക്യാപ്റ്റനുായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ചേക്കേറിയതോടെയാണ് റിയാന്‍ പരാഗിന് നായകനായി നറുക്കുവീണത്.

യുവ സൂപ്പര്‍ താരവും ഓപ്പണറുമായ യശസ്വി ജയ്‌സ്വാള്‍, സഞ്ജുവിനു പകരം റോയല്‍സിലേക്കു വന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടെയെല്ലാം പേരുകള്‍ പുതിയ ക്യാപ്റ്റന്റെ സ്ഥാനത്തേക്കു ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പരാഗാണ് ഈ റോളിലേക്കു കൂടുതല്‍ അനുയോജ്യനെന്നു കോച്ച് സ്ഥാനത്തേക്കു മടങ്ങിയെത്തിയ കുമാര്‍ സങ്കക്കാര തീരുമാനിക്കുകയായിരുന്നു.
നേരത്തേ റോയല്‍സിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു പരാഗ്. കഴിഞ്ഞ സീസണില്‍ പരിക്കു കാരണം സഞ്ജുവിനു കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായപ്പോള്‍ ടീമിനെ നയിക്കുകയും ചെയ്തിരുന്നു.
2019 മുതല്‍ റോയല്‍സിന്റെ ഭാഗമാണ് പരാഗ്, തുടക്കത്തില്‍ കാര്യമായ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവിലുള്ള വിശ്വാസം കാരണം റോയല്‍സ് നിലനിര്‍ത്തി വരികയായിരുന്നു.