ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തെ കുറിച്ച് സൂചനകള്‍ പുറത്തു വന്നതോടെ ഫ്രാഞ്ചൈസികളെല്ലാം കരുനീക്കങ്ങള്‍ ആരംഭിക്കാനൊരുങ്ങുകയാണ്. ലേലത്തിനു മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി അടുത്ത മാസം 15 ആയേക്കുമെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ തവണ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ കിരീടമുയര്‍ത്താനായില്ലെങ്കിലും മികച്ച പുറത്തെടുത്ത ടീമുകളിലൊന്നാണ് അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫ് വരെയെത്താന്‍ അവര്‍ക്കു സാധിക്കുകയും ചെയ്തു. തൊട്ടുമുമ്പത്തെ ചില സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ ബാലന്‍സുള്ള ടീമായിരുന്നു കഴിഞ്ഞ തവണ മുംബൈയുടേത്.

എങ്കിലും ചില വീക്ക്‌നെസുകള്‍ അവര്‍ക്കു വരും സീസണിനു മുമ്പ് പരിഹരിക്കേണ്ടതുണ്ട്. ലേലത്തില്‍ ഇതിനു സാധിക്കുമെന്ന പ്രതീക്ഷയിലാവും മുംബൈ. ലേലത്തിനു മുമ്പ് മുംബൈ നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്‌തേക്കുക ഏതൊക്കെ താരങ്ങളെയാവുമെന്നു നോക്കാം.
നിലനിര്‍ത്തുക ഇവരെ
കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത് അഞ്ചു പേരെയായിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം മുന്‍ നായകന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരായിരുന്നു ഈ അഞ്ചു പേര്‍.
അടുത്ത സീസണിലും ഈ ബിഗ് ഫൈവിനെ മുംബൈയ്‌ക്കൊപ്പം കാണാം. കാരണം മുംബൈ ടീമിന്റെ നട്ടെല്ലെന്നു വിളിക്കാവുന്നവര്‍ ഈ അഞ്ചു പേരാണ്. ഇവരെ കേന്ദ്രീകരിച്ചാണ് മുംബൈ അവരുടെ ഗെയിം പ്ലാന്‍ തയ്യാറാക്കുന്നത്. രോഹിത്കരിയറിന്റെ അവസാനത്തോടു അടുക്കുകയാണെങ്കിലും അദ്ദേഹത്തെ കൈവിടുകയെന്ന മണ്ടത്തരം ഒരിക്കലും കാണിക്കില്ല. ഒന്നോ, രണ്ടോ സീസണുകള്‍ കൂടി മുംബൈയ്ക്കായി കളിച്ച ശേഷം വിരമിക്കാനായിരിക്കും ഹിറ്റ്മാന്റെ പ്ലാന്‍.
ഈ അഞ്ചു പേരെ ഒഴിച്ചു നിര്‍ത്തിയാല്‍ മുംബൈ നിലനിര്‍ത്തുന്ന കളിക്കാര്‍ നമാന്‍ ധിര്‍, വില്‍ ജാക്ക്‌സ്, രാജ് ബവ, മിച്ചെല്‍ സാന്റ്‌നര്‍, അശ്വിനി കുമാര്‍, ട്രെന്റ് ബോള്‍ട്ട്, കരണ്‍ ശര്‍മ എന്നിവരായേക്കും. കഴിഞ്ഞ സീസണിലൂടെ അരങ്ങറിയ മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെയും മുംബൈ കൈവിട്ടേക്കില്ല. കാരണം ഏറെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് കഴിഞ്ഞ തവണ വിഘ്‌നേഷ് കാഴ്ചവച്ചത്. അഞ്ചു കളിയില്‍ നിന്നും ആറു വിക്കറ്റുകളെടുക്കാന്‍ അദ്ദേഹത്തിനായിരുന്നു.
പ്രതിഭയുള്ള യുവതാരങ്ങള്‍ക്കു എല്ലായ്‌പ്പോഴും അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കാറുള്ള ടീമാണ് മുംബൈ. വിഘേനേഷിന്റെ പ്രതിഭ തിരിച്ചറിഞ്ഞു കഴിഞ്ഞതിനാല്‍ അദ്ദേഹത്തെയും അവര്‍ കൈവിട്ടേക്കില്ല.
മറ്റുള്ളവരിലേക്കു വന്നാല്‍ ഫിനിഷിങില്‍ മുംബൈയ്ക്കായി മിന്നിച്ച താരമാണ് ധിര്‍. വലിയൊരു ഭാവി തീര്‍ച്ചയായും അദ്ദേഹത്തിനുണ്ട്. വരും സീസണുകളില്‍ മുംബൈയുടെ സൂപ്പര്‍ താരങ്ങളിലൊരാളായി മാറിയേക്കാവുന്ന ബാറ്ററാണ് ധിര്‍. മുമ്പ് കരെണ്‍ പൊള്ളാര്‍ഡ് കസറിയ റോളില്‍ അദ്ദേഹത്തെ ദീര്‍ഘകാലം മുംബൈയുടെ കുപ്പായത്തില്‍ കാണാന്‍ സാധിച്ചേക്കുകയും ചെയ്യും.

രാജ് ബവയ്ക്കു വേണ്ടത്ര അവസരങ്ങള്‍ കഴിഞ്ഞ തവണ ലഭിച്ചില്ലെങ്കിലും പ്രതിഭാശാലിയായ യുവ ഓള്‍റൗണ്ടറാണ് താരം. അതുകൊണ്ടു തന്നെ മുംബൈ അദ്ദേഹത്തെ കൈവിടാന്‍ സാധ്യതയില്ല.
വിഘ്‌നേഷിനെ പോലെ കഴിഞ്ഞ സീസണില്‍ അരങ്ങേറുകയും കൈയടി വാങ്ങുകയും ചെയ്തയാളാണ് ഫാസ്റ്റ് ബൗളര്‍ അശ്വിനി. അദ്ദേഹത്തെയും മുംബൈ അവരുടെ ഭാവി പ്ലാനുകളുടെ ഭാഗമായി നിലനിര്‍ത്തിയേക്കും.
ആരെല്ലാം പുറത്താവും?
മുംബൈ ഇന്ത്യന്‍സ് കൈവിടാന്‍ സാധ്യതയുള്ള കളിക്കാര്‍ ഓള്‍റൗണ്ടര്‍ ബെവന്‍ ജേക്കബ്‌സ്, ചരിത് അസലെങ്ക, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, കൃഷ്ണന്‍ ശ്രീജിത്ത്, റോബിന്‍ മിന്‍സ്, ജോണി ബെയര്‍സ്‌റ്റോ, റീസ്സ് ടോപ്പ് ടോപ്ലെ, സത്യനാരായണ്‍ രാജു, ദീപക് ചാഹര്‍, മുജീബുര്‍ റഹ്മാന്‍, രഘു ശര്‍മ, റിച്ചാര്‍ഡ് ഗ്ലീസന്‍ എന്നിവരാണ്.