IPL 2026: ഇടിവെട്ട് ഡേവിഡ്!! ചിന്നസ്വാമിയിലും നാണംകെട്ട് സിഎസ്‌കെ, സൂപ്പര്‍ ആര്‍സിബി
ബംഗളൂരു: ഐപിഎല്ലില്‍ ഹാട്രിക് തോല്‍വിയുമായി തകര്‍ന്നടിഞ്ഞിരിക്കുകയാണ് അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു 43 റണ്‍സിനാണ് ഹോംഗ്രൗണ്ടായ ചിന്നസ്വാമിയില്‍ സിഎസ്‌കെയെ മുക്കിയത്. തുടര്‍ച്ചയായ രണ്ടാം ജയവുമായി ആര്‍സിബി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കേും കയറി.
251 റണ്‍സെന്ന പടുകൂറ്റന്‍ ലക്ഷ്യം ആര്‍സിബി മുന്നില്‍ വച്ചപ്പോള്‍ തന്നെ സിഎസ്‌കെയുടെ പരാജയമുറപ്പായിരുന്നു. ആര്‍സിബിയുടെ വിജയമാര്‍ജിന്‍ മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. 19.4 ഓവറില്‍ 207 റണ്‍സുമായി സിഎസ്‌കെ മല്‍സരം കൈവിടുകയായിരുന്നു.

മുന്‍നിര തകര്‍ന്ന ശേഷം സിഎസ്‌കെയുടെ പരാജയഭാരം കുറച്ചത് സര്‍ഫറാസ് ഖാന്റെയും (50) പ്രശാന്ത് വീറിന്റെയും (43) ഇന്നിങ്‌സുകളാണ്. ജാമി ഒവേര്‍ട്ടനും (37) ബാറ്റിങില്‍ ഭേദപ്പെട്ട സംഭാവന നല്‍കി. 25 ബോളില്‍ എട്ടു ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് സര്‍ഫറാസിന്റെ ഇന്നിങ്‌സ്.
കന്നി ഐപിഎല്‍ സീസണ്‍ കളിക്കുന്ന പ്രശാന്ത് 29 ബോളില്‍ ആറു ഫോറും ഒരു സിക്‌സറും നേടി. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് (7), സഞ്ജു സാംസണ്‍ (9), ആയുഷ് മാത്രെ (1) എന്നിവര്‍ വന്‍ ഫ്‌ളോപ്പായതാണ് സിഎസ്‌കെയെ തുടക്കത്തില്‍ തന്നെ ബാക്ക്ഫൂട്ടിലാക്കിയത്.
വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും സിഎസ്‌കെ സ്‌കോര്‍ഡ് ചലിച്ചുകൊണ്ടേയിരുന്നു. ഒരു ഫിഫ്റ്റി പ്ലസ് റണ്‍സ് കൂട്ടുകെട്ടാണ് അവരുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ഏഴാം വിക്കറ്റില്‍ പ്രശാന്ത്്- ഒവേര്‍ട്ടന്‍ ജോടിയാണ് 32 ബോളില്‍ 57 റണ്‍സ് ടീം ടോട്ടലിലേക്കു ചേര്‍ത്തത്. നാലാം വിക്കറ്റില്‍ സര്‍ഫറാസ്- കാര്‍ത്തിക് ജോടി 20 ബോളില്‍ 47 റണ്‍സുമെടുത്തിരുന്നു. ആര്‍സിബിക്കായ ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റുകളെടുത്തു.
കൊടുങ്കാറ്റായി ഡേവിഡ്
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ബാറ്റിങ് കൊടുങ്കാറ്റ് തന്നെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കണ്ടത്. വെറും മൂന്നു വിക്കറ്റിനാണ് 250 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ ആര്‍സിബി അടിച്ചെടുത്തത്. സിഎസ്‌കെയ്‌ക്കെതിരേ അവരുടെ എക്കാലത്തെയും ഉയര്‍ന്ന ടീം ടോട്ടല്‍ കൂടിയാണിത്.

ആര്‍സിബി ഇന്നിങ്‌സില്‍ പല തീപ്പൊരി ഇന്നിങ്‌സുകളും കണ്ടു. എങ്കിലും എടുത്തു പറയേണ്ടത് ടിം ഡേവിഡിന്റെ വെടിക്കെട്ടാണ്. വെറും 25 ബോളില്‍ ഓസീസ് താരം പുറത്താവാതെ വാരിക്കൂട്ടിയത് 70 റണ്‍സാണ്. എട്ടു കൂറ്റന്‍ സിക്‌സറും മൂന്നു ഫോറുമടക്കമായിരുന്നു ഇത്. ദേവ്ദത്ത് പടിക്കല്‍ (50) തുടരെ രണ്ടാം ഫിഫ്റ്റി കുറിച്ചപ്പോള്‍ ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ പുറത്താവാതെ 48 റണ്‍സുമെടുത്തു.
29 ബോളില്‍ അഞ്ചു ഫോറും പണ്ടു സിക്‌സറുമടങ്ങുന്നതാണ് ദേവ്ദത്തിന്റെ ഇന്നിങ്‌സ്. പാട്ടിധാര്‍ വെറും 19 ബോളിലാണ് 48ലേക്കു കുതിച്ചത്. ആറു സിക്‌സറും ഒരു ഫോറും ഇതിലുള്‍പ്പെടും. ഫില്‍ സാള്‍ട്ട് (30 ബോളില്‍ 46), വിരാട് കോലി (18 ബോളില്‍ 28) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.
ടോസ് ഭാഗ്യം സിഎസ്‌കെയ്‌ക്കൊപ്പം നിന്നപ്പോള്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുടീമുകളും കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവന്‍ തന്നെ ഈ കളിയിലും നിലനിര്‍ത്തി.
സീസണിലെ ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനോടു എട്ടു വിക്കറ്റിന്റെ വന്‍ പരാജയമാണ് സിഎസ്‌കെയ്ക്കു നേരിട്ടത്. ബാറ്റിങിലും ബൗളിങിലുമെല്ലാം അവര്‍ക്കു ഒരുപോലെ പാളിയ മല്‍സരമാണിത്.
ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ശക്തമായൊരു തിരിച്ചുവരവിന് സിഎസ്‌കെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പഞ്ചാബ് കിങ്‌സിനോടു അഞ്ചു വിക്കറ്റിനു അവര്‍ കീഴടങ്ങുകയായിരുന്നു. ഈ മല്‍സരത്തില്‍ ബാറ്റിങ് ക്ലിക്കായെങ്കിലും ബൗളിങ് നിര ദുരന്തമായി തീര്‍ന്നു,
അതേസമയം, ആര്‍സിബിയുടെ രണ്ടാമത്തെ മല്‍സരമാണിത്. ഉദ്ഘാടന മല്‍സരത്തില്‍ സണ്‍ഫൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിനു തകര്‍ത്ത് ആര്‍സിബി തുടക്കം ഗംഭീരമാക്കിയിരുന്നു.
പ്ലെയിങ് 11
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ടിം ഡേവിഡ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ഡഫി, അഭിനന്ദന്‍ സിംഗ്, സുയാഷ് ശര്‍മ.
ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് മാത്രെ, കാര്‍ത്തിക് ശര്‍മ, ശിവം ദുബെ, സര്‍ഫറാസ് ഖാന്‍, ജാമി ഒവേര്‍ട്ടന്‍, പ്രശാന്ത് വീര്‍, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കാബോജ്, മാറ്റ് ഹെന്‍ട്രി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications