ഐപിഎല്ലിന്റെ 18ാം സീസണ്‍ അവസാനിച്ചതോടെ ഇനി അടുത്ത വര്‍ശത്തെ ടൂര്‍മെന്റിനായുള്ള കാത്തിരിപ്പാണ്. അതിനു മുന്നോടിയായ മിനി താരലേലവും വരാനിരിക്കുന്നുണ്ട്. ലേലത്തിനു മുമ്പ് പല ഫ്രാഞ്ചൈസികള്‍ തമ്മിലും ചില താരകൈമാറ്റങ്ങള്‍ നമുക്കു പ്രതീക്ഷിക്കാം. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണുള്‍പ്പെടെയുള്ളവര്‍ കൂടുമാറാന്‍ സാധ്യതയുള്ള കളിക്കാരുടെ ലിസ്റ്റില്‍ ഇപ്പോഴുണ്ട്,
ലേലത്തിനു മുന്നോടിയായി പത്തു ഫ്രാഞ്ചൈസികളും തങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ ലിസ്റ്റ് ബിസിസിഐയ്ക്കു സമര്‍പ്പിക്കേണ്ടതുണ്ട്. ഈ താരങ്ങളെ പിന്നീട് നമുക്കു ലേലത്തിനുള്ള പൂളിലും കാണാന്‍ സാധിക്കും. ഓരോ ഫ്രാഞ്ചൈസിയും ഒഴിവാക്കാനിടയുള്ള കളിക്കാരുടെ സാധ്യതാ ലിസ്റ്റ് പരിശോധിക്കാം.

ആര്‍സിബി
ഐപിഎല്‍ ലേലത്തിനു മുമ്പ് ഏറ്റവും കുറച്ചു താരങ്ങളെ ഒഴിവാക്കാനിടയുള്ള ടീം നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. വെറും മൂന്നു കളിക്കാരെ മാത്രമേ അവര്‍ കൈവിടുകയുള്ളൂ.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടയാള്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ലിയാം ലിവിങ്‌സ്റ്ററാണ്. അദ്ദേഹത്തെ കൂടാതെ ടീമില്‍ നിന്നും തെറിച്ചേക്കുക അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളായ അഭിനന്ദന്‍ സിങും മോഹിത് റാട്ടിയുമയിരിക്കും.
എല്‍എസ്ജി
കഴിഞ്ഞ സീസണില്‍ പ്ലേഓഫിലെത്താതെ പുറത്തായ ടീമുകളിലൊന്നാണ് റിഷഭ് പന്ത് നയിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഏഴു കളിക്കാരെയാവും ലേലത്തിനു മുമ്പ് എല്‍എസ്ജി കൈവിട്ടേക്കുക. ഇതില്‍ രണ്ടു പേര്‍ വിദേശ കളിക്കാരുമാണ്.
സൗത്താഫ്രിക്കയുടെ മാത്യു ബ്രീസ്‌കെ, വെസ്റ്റ് ഇന്‍ഡീസിന്റെ ഷമാര്‍ ജോസഫ് എന്നിവരാണ് ലിസ്റ്റിലെ വിദേശ കളിക്കാര്‍. ഇവരെക്കൂടാതെ ആര്യന്‍ ജുയാല്‍,യ യുവരാജ് ചൗധരി, എം സിദ്ധാര്‍ഥ്, പേസര്‍മാരായ മായങ്ക് യാദവ്, മൊഹ്‌സിന്‍ ഖാന്‍ എന്നിവരെയും എല്‍എസ്ജി കൈവിട്ടേക്കും.
ആര്‍ആര്‍
സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് വേണ്ടെന്നു വയ്ക്കുക ആറു താരങ്ങളെയാവും. ഇക്കൂട്ടത്തില്‍ വിദേശികള്‍ മൂന്നു പേരാണ്. സൗത്താഫ്രിക്കന്‍ പേസര്‍ ക്വെന മഫാക്ക, വിക്കറ്റ് കീപ്പര്‍ ലുവാന്‍ ഡെ പ്രെട്ടോറിയസ്, അഫ്ഗാനിസ്താന്‍ പേസര്‍ ഫസല്‍ഹഖ് ഫറൂഖി എന്നിവരാണിത്.
ഇവര്‍ക്കൊപ്പം അശോക് ശര്‍മ, കുനാല്‍ റാത്തോഡ്, കുമാര്‍ കാര്‍ത്തികേയ എന്നിവരെയും റോയല്‍സ് ഒഴിവാക്കുകയോ, ട്രേഡിങ് വിന്‍ഡോയില്‍ വില്‍ക്കുകയോ ചെയ്‌തേക്കും.
ജിടി
മുന്‍ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനു കഴിഞ്ഞ സീസണ്‍ മികച്ചതായിരുന്നു. ശുഭ്മന്‍ ഗില്‍ നയിച്ച ജിടി പ്ലേഓഫില്‍ തോറ്റാണ് പുറത്തായത്. ടീം സെറ്റായിക്കഴിഞ്ഞെങ്കിലും എട്ടു കളിക്കാരെ ലേലത്തിനു മുമ്പ് ജിടി പുറത്താക്കാനിടയുണ്ട്. ഇതില്‍ പകുതിയും വിദേശ താങ്ങളുമുണ്.
ശ്രീലങ്കയുടെ ദസുന്‍ ഷനക, ന്യൂസിലാന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സ്, അഫ്ഗാനിസ്താന്റെ കരീം ജന്നത്ത്, സൗത്താഫ്രിക്കയുടെ കാഗിസോ റബാഡ എന്നിവരാണ് തെറിക്കാനിടയുള്ള വിദേശകള്‍. ഇവര്‍ക്കൊപ്പം കുമാര്‍ കുശാഗ്ര, ജയന്ത് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, ഇഷാന്ത് ശര്‍മ എന്നിവരെയും ഇനി ജിടിയില്‍ കണ്ടേക്കില്ല.

കെകെആര്‍
ഏഴു കളിക്കാരെയാവും മൂന്നു തവണ ഐപിഎല്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒഴിവാക്കിയേക്കുക. ഇതില്‍ രണ്ടു പേര്‍ വിദേശ താരങ്ങളാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ റോവ്മന്‍ പവെല്‍, ഓ്‌സ്‌ട്രേലിയയുടെ സ്‌പെന്‍സര്‍ ജോണ്‍സണ്‍ എന്നിവരാണ് പുറത്താവാനിടയുള്ള വിദേശികള്‍.
ഇവര്‍ക്കൊപ്പം വെങ്കടേഷ് അയ്യര്‍, മനീഷ് പാണ്ഡെ, ലുവ്‌നിത് സിസോദിയ, ചേതന്‍ സക്കാരിയ, ശിവം ശുക്ല എന്നിവരുടെയും ചീട്ട് കീറിയേക്കും.
പിബികെഎസ്
കഴിഞ്ഞ തവണത്തെ സര്‍പ്രൈസ് ഫൈനലിസ്റ്റുകളായിരുന്നു ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സ്. ആറു കളിക്കാരെ ലേലത്തിനു മുമ്പ് ഒഴിക്കാനായിരിക്കും പഞ്ചാബിന്റെ പ്ലാന്‍.
വിദേശ താരങ്ങളായ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍, ആരോണ്‍ ഹാര്‍ഡി, മൈക്കല്‍ ഓവന്‍, സാവിയര്‍ ബര്‍ലെറ്റ് എന്നിവര്‍ക്കൊപ്പം ഹര്‍നൂര്‍ പന്നു, മലയാളി വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദ് എന്നിവരെയും പഞ്ചാബ് കൈവിടാനിടയുണ്ട്.
ഡിസി
ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ വലിയ അഴിച്ചുപണി പ്രതീക്ഷിക്കാം. പത്തു കളിക്കാരെ അവര്‍ ഒഴിവാക്കാനിടയുണ്ട്. സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസിക്കൊപ്പം കരുണ്‍ നായര്‍, അജയ് മണ്ഡല്‍, ദര്‍ശന്‍ നല്‍ക്കാണ്ഡെ, മാധവ് തിവാരി, മന്‍വന്ത് കുമാര്‍, ത്രിപുരണ വിജയ്, ദുഷ്മന്ത ചമീര, മോഹിത് ശര്‍മ, ടി നടരാജന്‍ എന്നിവരുടെയും ടീമിലെ പേര് വെട്ടിയേക്കും.
സിഎസ്‌കെ
കഴിഞ്ഞ സീസണില്‍ പത്താം സ്ഥാനത്തേക്കു കൂപ്പകുത്തി നാണംകെട്ട ചൈന്നൈ സൂപ്പര്‍ കിങ്‌സ് പത്തു കളിക്കാരെയാണ് പുറത്താക്കിയേക്കുക. രാഹുല്‍ ത്രിപാഠി, ഡെവോണ്‍ കോണ്‍വേ, ദീപക് ഹൂഡ, രാമകൃഷ്ണ ഘോഷ്, ആര്‍ അശ്വിന്‍, വിജയ് ശങ്കര്‍, ഗുര്‍ജപ്‌നീത് സിങ്, ശ്രേയസ് ഗോപാല്‍, കമലേഷ് നാഗര്‍കോട്ടി, ജാമി ഒവേര്‍ട്ടന്‍ തുടങ്ങിയവരാണ് സ്ഥാനം ഭീഷണിയിലുള്ള കളിക്കാര്‍.

എംഐ
അഞ്ചു തവണ ചാംപ്യന്മാരായ ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സ് ആറു താരങ്ങളെയാവും ലേലതിനു മുമ്പ് വേണ്ടെന്നു വച്ചേക്കുക. ശ്രീജിത്ത് കൃഷ്ണന്‍, ലിസാര്‍ഡ് വില്ല്യംസ്, മുജീബുര്‍ റഹ്മാന്‍, റീസ് ടോപ്പ്‌ലെ, രഘു ശര്‍മ, സത്യനാരായണ രാജു എന്നിവരാണ് സാധ്യതാ ലിസ്റ്റിലുള്ളത്.
എസ്ആര്‍എച്ച്
സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ വലിയ അഴിച്ചുപണി നടന്നേക്കില്ല. അഞ്ചു കളിക്കാരെ മാത്രമേ അവര്‍ കൈവിടാനിടയുള്ളൂ. സാധ്യതാ ലിസ്റ്റില്‍ മലയാളി താരം സച്ചിന്‍ ബേബിക്കൊപ്പം ആദം സാംപ, മുഹമ്മദ് ഷമി, രാഹുല്‍ ചാഹര്‍, വിയാന്‍ മുള്‍ഡര്‍ എന്നിവരാവും.