ഐപിഎല്ലിന്റെ പുതിയ സീസണിനു ഇനി മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും രാജസ്ഥാന്‍ റോയല്‍സ് വന്‍ പൊട്ടിത്തെറിയുടെ വക്കിലെന്നു റിപ്പോര്‍ട്ടുകള്‍. പ്രശ്‌ന പരിഹാരത്തിനായി വീണ്ടും കോച്ച് സ്ഥാനത്തേക്കു വന്ന കുമാര്‍ സങ്കക്കാര ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അതു അത്ര എളുപ്പമായിരിക്കില്ലെന്നാണ് വ്യക്തമാവുന്നത്.
എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പോംവഴി കണ്ടെത്താനാണ് സങ്കക്കാരുയെ ശ്രമം. ഇതില്‍ വിജയിച്ചില്ലെങ്കില്‍ അതു അടുത്ത സീസണില്‍ ടീമിന്റെ പ്രകടനത്തെയും അതു സാരമായി ബാധിക്കുമെന്നുറപ്പാണ്. റോയല്‍സിനെ ധര്‍മസങ്കടത്തിലാക്കിയിരിക്കുന്ന ഈ സംഭവമെന്താണെന്നു നോക്കാം.

ക്യാപ്റ്റന്‍സി പോര്
രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സിസുമായി ബന്ധപ്പെട്ടാണ് ടീമിനകത്ത് തര്‍ക്കം രൂക്ഷമാവുന്നത്. ടീം വിട്ട മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണില്‍ നിന്നും ക്യാപ്റ്റന്റെ തൊപ്പി ആര് ഏറ്റുവാങ്ങും എന്ന കാര്യത്തിലാണ് പിടിവലി. ഒന്നും രണ്ടുമല്ല, മറിച്ച് നാലു പേരാണ് ഈ റോളിനായി ഇപ്പോള്‍ പോരടിക്കുന്നത്.
ട്രേഡ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും റോയല്‍സിലേക്കു എത്തിയ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജേേഡജ പുതിയ ക്യാപ്റ്റനാവാനുള്ള ആഗ്രഹം ഇതിനകം അറിയിച്ചു കഴിഞ്ഞതാണ്. എന്നാല്‍ നേരത്തേ ടീമിന്റെ ഭാഗമായ യുവതാരങ്ങളായ റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍ എന്നീ മൂന്നു പേരും ക്യാപ്റ്റന്‍സി തന്നെയാണ് സ്വപ്‌നം കാണുന്നത്.
സിഎസ്‌കെ വിട്ട് തന്റെ ആദ്യ തട്ടകമായ റോയല്‍സിലേക്കു ജഡേജ വരാനുള്ള പ്രധാന കാരണം നായകനാവാനുള്ള മോഹമാണ്. റോയല്‍സിലേക്കു കൂടുമാറുന്നതിനു മുമ്പുള്ള ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ പ്രധാന ഡിമാന്റും ക്യാപ്റ്റണ്‍സി നല്‍കണമെന്നായിരുന്നു. ഇക്കാര്യം ഫ്രാഞ്ചൈസി ഉറപ്പ് നല്‍കിയതോടെയാണ് ജഡ്ഡു കൂടുമാറ്റത്തിനും തയ്യാറായത്.
പക്ഷെ ഇപ്പോള്‍ റോയല്‍സ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ കഴിയാതെ പെട്ടിരിക്കുകയാണ്. ടീമിലെ മറ്റു മൂന്നു യുവതാരങ്ങളുടെയും ഭാഗത്തു നിന്നുമുള്ള സമ്മര്‍ദ്ദമാണ് ഇതിനു കാരണം. മുറ പ്രകാരം നോക്കിയാല്‍ സഞ്ജുവില്ലെങ്കില്‍ പകരം ക്യാപ്റ്റനാവേണ്ടയാള്‍ പരാഗാണ്. കാരണം ടീമിന്റെ നിലവിലെ വൈസ് ക്യാപ്റ്റന്‍ അദ്ദേഹമാണ്.
കഴിഞ്ഞ സീസണില്‍ പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം സഞ്ജുവിനു മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ പകുതിയോളം മല്‍സരങ്ങളില്‍ ടീമിനെ നയിച്ചത് പരാഗാണ്. അതിനാല്‍ തന്നെ സഞ്ജു ഇപ്പോള്‍ ടീമില്‍ നിന്നും പടിയിറങ്ങിയ സാഹചര്യത്തില്‍ ക്യാപ്റ്റന്‍സി കിട്ടേണ്ടതും പരാഗിനാണ്.
അതിനിടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി ട്രേഡ് വിന്‍ഡോയില്‍ ടീമിലെത്തിയ ജഡേജ ഈ റോള്‍ ഡിമാന്റ് ചെയ്തിരിക്കുന്നത്. ജയ്‌സ്വാളാവട്ടെ കഴിഞ്ഞ ഐപിഎല്‍ സീസണ്‍ മുതല്‍ തന്നെ റോയല്‍സുമായി അല്‍പ്പം പിണക്കത്തിലാണ്. കാരണം സഞ്ജു കഴിഞ്ഞാല്‍ ടീമിലെ അടുത്ത സീനിയര്‍ താരം അദ്ദേഹമാണ്.
കൂടുതല്‍ അന്താരാഷ്ട മല്‍സരങ്ങളില്‍ കളിച്ച അനുഭവമ്പത്തും ജയ്‌സ്വാളിനു തന്നെ. അതിനാല്‍ സഞ്ജുവില്ലെങ്കില്‍ നായകസ്ഥാനം തനിക്കാവുമെന്നും അദ്ദേഹം ഉറപ്പിച്ചിരുന്നു. അതിനിടെയാണ് പരാഗിനു താല്‍ക്കാലിക ക്യാപ്റ്റമായി നറുക്കുവീണത്.

ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തില്‍ ജയ്‌സാളിനു കടുത്ത രോഷവും നിരാശയുമുണ്ടായിരുന്നു. ഇതേ തുടര്‍ന്നു ടീം വിടുമെന്നു കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ താരം ഭീഷണി മുഴക്കുകയും ചെയ്തു. ഒടുവില്‍ അടുത്ത ക്യാപ്റ്റനാക്കാമെന്നു റോയല്‍സ് ഉറപ്പ് നല്‍കിയതോടൊണ് ജയ്‌സ്വാള്‍ അയഞ്ഞത്.
ജുറേലിന്റെ കാര്യത്തിലേക്കു വന്നാല്‍ കഴിഞ്ഞ ഐപിഎല്‍ സീസണിനു ശേഷമാണ് റോയല്‍സിന്റെ ക്യാപ്റ്റനാവാനുള്ള താല്‍പ്പര്യം താരം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദുലീപ് ട്രോഫിയില്‍ സെന്‍ട്രല്‍ സോണ്‍ കിരീടം നേടിയത് ജുറേലിനു കീഴിലായിരുന്നു.
കൂടാതെ 2019ലെ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിച്ചതും അദ്ദേഹമാണ്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ എ ടീമിന്റെ വൈസ് ക്യാപ്റ്റനായും ജുറേല്‍ പ്രവര്‍ത്തിച്ചിരുന്നു.
ഈ നാലു പേരില്‍ ആരെ പുതിയ ക്യാപ്റ്റനാക്കിയാലും ശേഷിച്ച മൂന്നു പേരും ഉടക്കും. അതുകൊണ്ടു തന്നെ സങ്കക്കാര എങ്ങനെയാവും ഈ പ്രശ്‌നം പരിഹരിച്ച് ടീമിനെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോവുകയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.