അബുദാബിയില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന മിനി താരലേത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യമിട്ടേക്കാവുന്ന കളിക്കാരെ കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ക്യാപ്റ്റന്‍ സഞ്ജു സാംസണിനെയും നിതീഷ് റാണയയും നഷ്ടമായതോടെ മികച്ചൊരു മധ്യനിര ബാറ്ററെ അടുത്ത സീസണിലേക്കു അവര്‍ക്ക് ആവശ്യമായി വന്നിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി,
ലേലത്തില്‍ താരങ്ങള്‍ക്കായി മുടക്കാന്‍ 16.06 കോടി രൂപ മാത്രമാണ് ഇനി റോയല്‍സിന്റെ പഴ്‌സില്‍ ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ വലിയ തുക ഏതെങ്കിലും താരത്തിനായി മാറ്റിവയ്ക്കുകയെന്നതും അവര്‍ക്കു കടുപ്പമായിരിക്കും. ഒരു വിദേശ താരത്തെയടക്കം പരമാവധി ഒമ്പതു കളിക്കാരെ മാത്രമേ റോയല്‍സിനു വാങ്ങാന്‍ സാധിക്കുകയുള്ളൂ.

മധ്യനിര ശക്തമാക്കണം
രാജസ്ഥാന്‍ റോയല്‍സിന്റെ ഓക്ഷന്‍ ടാര്‍ഗറ്റുകളെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഏതൊക്കെ മേഖലയിലാണ് ഫ്രാഞ്ചൈസി മെച്ചപ്പെടാനുള്ളതെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടിയത്.
ഇപ്പോള്‍ ടീമിലുള്ള വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് ഒരു ബാക്കപ്പിനെ രാജസ്ഥാന്‍ റോയല്‍ലിനു ആവശ്യമായി വരും. ഡൊണോവന്‍ ഫെരേര ഇപ്പോള്‍ അവരുടെ സ്‌ക്വാഡിലുണ്ട്. പക്ഷെ മധ്യവിരയിലോ, താഴെയോ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരാളെ ലേലത്തില്‍ കണ്ടെത്തിയാല്‍ അതു നന്നായിരിക്കും.
അതൊരു ഇന്ത്യന്‍ താരമായിരിക്കുന്നതാവും കൂടുതല്‍ നല്ലത്. കാരണം നിതീഷ് റാണയെ ട്രേഡ് വിന്‍ഡോയില്‍ അവര്‍ പോവാന്‍ അനുവദിച്ചിരിക്കുകയാണ്. നിതീഷ് മാത്രല്ല, സഞ്ജു സാംസണും ടീമില്‍ നിന്നും ഇപ്പോള്‍ പോയിരിക്കുകയാണന്നും ചോപ്ര വിശദമാക്കി.
റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കാവുന്ന നാലു വിദേശ താരങ്ങള്‍ ആരൊക്കെയാവുമെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. നിതീഷ് റാണ പോയതോടെ രാജസ്ഥാന്‍ റോയല്‍സ് മധ്യനിരയില്‍ വേറെയും ഒഴിവ് വന്നിരിക്കുകയാണ്. ഇതു നികത്തണമെങ്കില്‍ പകരം ആരെട ടീമിലേക്കു കൊണ്ടു വരണമെന്നതിനെ കുറിച്ച് അവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
നാലു വിദേശ താരങ്ങളായി റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ ഇടം നേടിയേക്കുക സാം കറെന്‍, ജോഫ്ര ആര്‍ച്ചര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നാന്ദ്രെ ബര്‍ഗര്‍ എന്നിവരായേക്കും. മധ്യനിരയിലേക്കു ആരെയെങ്കിലും കൊണ്ടുവന്നാല്‍ മാത്രമേ റോയല്‍സിനു ഈ സെറ്റപ്പില്‍ കളിക്കാന്‍ സാധിക്കൂയെന്നും ചോപ്ര വിശദമാക്കി.
കറെന്‍, ഹെറ്റ്‌മെയര്‍, ആര്‍ച്ചര്‍, ബര്‍ഗര്‍ എന്നിവരെ കൂടാതെ റോയല്‍സ് സംഘത്തിലുള്ള മറ്റു മൂന്നു പേര്‍ സൗത്താഫ്രിക്കന്‍ താരങ്ങളായ ഡൊണോവന്‍ ഫെരേര, ക്വെന മഫാക്ക, ലുവാന്‍ ഡ്രെ പ്രെട്ടോറിയസ് എന്നിവരാണ്.
ആ രണ്ടു പേരെ ലഭിച്ചേക്കില്ല
രാജസ്ഥാന്‍ റോയല്‍സിനു ഐപിഎല്‍ മിനി താരലേലത്തില്‍ ലഭിക്കാനിടയില്ലാത്ത രണ്ടു കളിക്കാര്‍ ആരൊക്കെയാണെന്നും ആകാശ് ചോപ്ര പ്രവചിച്ചിരിക്കുകയാണ്. ഇന്ത്യന്‍ യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്ക്കു വേണ്ടി റോയല്‍സ് നീക്കം നടത്തിയേക്കുമെങ്കിലും അതു വിജയ കണ്ടേക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഞാന്‍ സ്പിന്നര്‍മാരിലേക്കാണ് നോക്കുന്നത്. ഇടംകൈയന്‍ സ്പിന്നറായി രവീന്ദ്ര ജഡേജയെ രാജസ്ഥാന്‍ റോയല്‍സിനു ലഭിച്ചിട്ടുണ്ട്. പക്ഷെ കുറഞ്ഞത് രണ്ടു പേരെ കൂടിയെങ്കിലും ഇനി ആവശ്യമാണ്. ഒരു ഓഫ് സ്പിന്നറെ കിട്ടിയാല്‍ ഒരു ലെഗ് സ്പിന്നറെ കൂടി വേണം.

ഏതൊക്കെ ലെഗ് സ്പിന്നര്‍മാരെയാവും ലേലത്തില്‍ അവര്‍ ലക്ഷ്യമിട്ടേക്കുക? കുറച്ചു സമയത്തേക്കു ലേലത്തില്‍ അവര്‍ രവി ബിഷ്‌നോയ്ക്കു വേണ്ടി ശ്രമം നടത്തും. പക്ഷെ റോയസിനു അവനെ കിട്ടില്ല. കാരണം അവരുടെ പഴ്‌സില്‍ അതിനു മാത്രം പണമില്ല.
രാഹുല്‍ ചാഹറിനു പിന്നാലെയും രാജസ്ഥാന്‍ റോയല്‍സ് പോയേക്കും. പക്ഷെ അവനെയും അവര്‍ക്കു ലഭിച്ചേക്കില്ല. ഈ രണ്ടു താരങ്ങളും രാജസ്ഥാനുമായി ബന്ധമുള്ളവരണ്. കരണ്‍ ശര്‍മയാണ് റോയല്‍സിന്റെ മറ്റൊരു ഓപ്ഷനായി ഞാന്‍ കാണുന്നത്. ഈ മൂന്നു താരങ്ങളിലൊരാളെ ഉറപ്പായും അവര്‍ക്കു ലഭിച്ചേ തീരുകയുള്ളൂ.
അവസാനം കരണ്‍ ശര്‍മയെ ആവും റോയല്‍സ് വാങ്ങുകയെന്നാണ് തനിക്കു തോന്നുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു 38 കാരനായ കരണ്‍. ഭേദപ്പെച്ച പ്രകടനം നടത്തിയിട്ടും അദ്ദേഹം റിലീസ് ചെയ്യപ്പെടുകയായിരുന്നു.