ഐപിഎല്ലിന്റെ മിനി താരലേലത്തിനു മുമ്പ് പഴ്‌സില്‍ ഏറ്റവും കുറച്ച് പണം ബാക്കിയുള്ള ടീമാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. വെറും 2.75 കോടി രൂപ മാത്രമേ ഇപ്പോള്‍ അവരുടെ പക്കല്‍ ശേഷിക്കുന്നുള്ളൂ. ഈ തുകയ്ക്കുള്ളില്‍ നില്‍ക്കുന്ന താരങ്ങളെ മാത്രമാണ് ലേലത്തില്‍ മുംബൈയ്ക്കു വാങ്ങാന്‍ സാധിക്കുക.
നിലവില്‍ 20 താരങ്ങളാണ് മുംബൈയുടെ സ്‌ക്വാഡിലുള്ളത്. പരമാവധി അഞ്ചു താരങ്ങളെ മാത്രമേ മുംബൈയ്ക്കു ഇനി സ്‌ക്വാഡിലേക്കു ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ വിദേശ താരം ഒന്നു മാത്രവുമാണ്. അടുത്ത ലേലത്തില്‍ മുംബൈയ്ക്കു ലക്ഷ്യമിടാവുന്ന അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ആരെയെല്ലാം വേണം?
ഐപിഎല്‍ ലേലത്തിനു മുന്നോടിയായി ഫാസ്റ്റ് ബൗളര്‍മാരായ റീസ് ടോപ്ലെയെയും ലിസാദ് വില്ല്യംസിനെയും മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്തിരുന്നു. ഇവര്‍ക്കു പകരം ഒരു വിദേശ പേസറെ ലേലത്തില്‍ മുംബൈയ്ക്കു നോട്ടമിടുകയും ചെയ്യാം. പക്ഷെ അതു ആരാവണമെന്നതു അവര്‍ ബുദ്ധിപൂര്‍വ്വം തീരുമാനിക്കണം. കാരണം ഒരു വിദേശ താരത്തിന്റെ ഒഴിവ് മാത്രമേ ഇപ്പോള്‍ മുംബൈയിലുള്ളൂ.
ട്രെന്റ് ബോള്‍ട്ടാണ് നിലവില്‍ അവരുടെ ഫസ്റ്റ് ചോയ്‌സ് വിദേശ പേസര്‍. മധ്യ ഓവറുകളില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്ന ഒരാളെയാണ് ഇനി മുംബൈയ്ക്കു വേണ്ടത്. ജെറാള്‍ഡ് കോട്‌സി, ആന്‍ട്രിച്ച് നോര്‍ക്കിയ, ജോഷ് ടോങ്, മാറ്റ് ഹെന്‍ട്രി, സ്‌പെന്‍സണ്‍ ജോണ്‍ എന്നിവരിലൊരാളെ ലേലത്തില്‍ അവര്‍ക്കു വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യാം.
സൗത്താഫ്രിക്കയുടെ റയാന്‍ റിക്കെല്‍റ്റനാണ് രോഹിത് ശര്‍മയ്‌ക്കൊപ്പം ഇപ്പോള്‍ മുംബൈയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍. കഴിഞ്ഞ സീസണില്‍ ഈ ജോടി ക്ലിക്കാവുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത തവണ റിക്കെല്‍റ്റണ്‍ ബാറ്റിങില്‍ പ്രതീക്ഷ കാത്തില്ലെങ്കില്‍ മുംബൈയ്ക്കു ബാക്കപ്പ് ഓപ്പണറായി ഒരാളെ ആവശ്യമാണ്.
ഇന്ത്യയുടെ യുവ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ പൃഥ്വി ഷാ ഈ റോളിനു അനുയോജ്യനാണ്. കഴിഞ്ഞ മെഗാ ലേലത്തില്‍ അദ്ദേഹം അണ്‍സോള്‍ഡായിരുന്നെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ താരം തകര്‍പ്പന്‍ ഫോമിലാണ്. അതിനാല്‍ പൃഥ്വിയെ ഉറപ്പായും മുംബൈയ്ക്കു പരിഗണിക്കാവുന്നതാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും റിലീസ് ചെയ്യപ്പെട്ട ഷെയ്ഖ് റഷീദാണ് അവടുടെ മറ്റൊരു ഓപ്ഷന്‍.
റോബിന്‍ മിന്‍സാണ് ഇപ്പോള്‍ മുംബൈയിലുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ സീസണില്‍ അവസര നല്‍കിയപ്പോള്‍ താരം നിറം മങ്ങി. അതിനാല്‍ ലേലത്തില്‍ അണ്‍ക്യാപ്ഡ് കീപ്പര്‍മാരായ വന്‍ഷ് ബേദി, ലുവ്‌നിത് സിസോഡിയ എന്നിവരിലൊരാളെ മുംബൈയ്ക്കു ലക്ഷ്യം വയ്ക്കാം. അടിസ്ഥാന വിലയ്ക്കു തന്നെ ഇവരെ വാങ്ങാനും സാധിച്ചേക്കും.

ഇന്ത്യന്‍ ഫാസ്റ്റ് ബൗളറാണ് ലേലത്തില്‍ മുംബൈയുടെ മറ്റൊരു ആവശ്യം. പഴ്‌സില്‍ പണം കുറവായതിനാല്‍ അണ്‍ക്യാപ്ഡ് പേസറായിരിക്കും നല്ല ഓപ്ഷന്‍. സിമര്‍ജീത് സിങ്, കമലേഷ് നാഗര്‍കോട്ടി, ചേതന്‍ സക്കാരിയ, ആകാശ് മധ്വാള്‍ എന്നിവരാണ് മുംബൈയ്ക്കു പരിഗണിക്കാവുന്നവര്‍. ഇവരില്‍ മധ്വാള്‍ നേരത്തേ ടീമിന്റെ ഭാഗമായതിനാല്‍ മുംബയ്ക്കു പ്രത്യേക താല്‍രപ്പര്യവുമുണ്ടാവും.
മുംബൈയുടെ അഞ്ചാമത്തെ ഓപ്ഷനെന്നത് ഒരു ഇന്ത്യന്‍ സ്പിന്നറെ വാങ്ങിക്കുയാണ്. കരണ്‍ ശര്‍മയെയും മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെയും മുംബൈ റിലീസ് ചെയ്തു കഴിഞ്ഞു. പകരം രാഹുല്‍ ചാഹറിനെയോ, കുമാര്‍ കാര്‍ത്തികേയയെയോ അവര്‍ക്കു ലേലത്തില്‍ പരിഗണിക്കാം. രണ്ടു പേരും നേരത്തേ മുംബൈയ്ക്കായി കളിച്ചവരുമാണ്.
നിലവിലെ മുംബൈ സ്‌ക്വാഡ്
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റയാന്‍ റിക്കെല്‍റ്റണ്‍ (വിക്കറ്റ് കീപ്പര്‍), റോബിന്‍ മിന്‍സ് (വിക്കറ്റ് കീപ്പര്‍), രാജ് ബവ, രഘു ശര്‍മ, മിച്ചെല്‍ സാന്റ്‌നര്‍, കോര്‍ബിന്‍ ബോഷ്, നമാന്‍ ധിര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, അല്ലാ ഗഫന്‍സര്‍, അശ്വനി കുമാര്‍, ദീപക് ചാഹര്‍, വില്‍ ജാക്‌സ്, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, മായങ്ക് മര്‍ക്കാണ്ഡേ, ശര്‍ദുല്‍ ടാക്കൂര്‍.