IPL 2026: ഒരാള്‍ക്ക് 10ല്‍ 10!! രണ്ടു പേര്‍ക്ക് വെറും 2 മാത്രം; നായകരുടെ റേറ്റിങറിയാം
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കിരീടധാരണത്തോടെ ഐപിഎല്ലിന്റെ 19ാം സീസണ്‍ അവസാനിച്ചിരിക്കുകയാണ്. 2025ലെ ഐപിഎല്ലില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെ തുടങ്ങിയ അവര്‍ ഒരിക്കല്‍ക്കൂടി തങ്ങളുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുകയായിരുന്നു.
നിലവില്‍ ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ള പത്തു ഫ്രാഞ്ചൈസികളില്‍ ഏറ്റവും ബെസ്റ്റ് തങ്ങളാണെന്നും ആര്‍സിബി അടിവരയിടുകയായിരുന്നു. ഈ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പത്തു ക്യാപ്റ്റന്‍മാര്‍ക്കും റേറ്റിങ് നല്‍കിയാല്‍ ഓരോരുത്തര്‍ക്കും എത്രയാവും ലഭിക്കുകയെന്നു നോക്കാം.

രജത് പാട്ടിദാര്‍ (10/10)
ഈ സീസണിലെ ഐപിഎല്‍ ക്യാപ്റ്റന്‍മാരില്‍ 10ല്‍ 10 റേറ്റിങ് അര്‍ഹിക്കുന്ന ഏക നായകന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ രജത് പാട്ടിദാറാണ്. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലുമെല്ലാം അദ്ദേഹം ടീമിനായി ഒരുപോലെ മികച്ച പ്രകടനം കാഴ്ച വച്ച സീസണാണിത്. 13 ഇന്നിങ്‌സുകളിലായി 501 റണ്‍സാണ് പാട്ടിദാര്‍ ഇത്തവണ സ്‌കോര്‍ ചെയ്തത്. 192.69 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റോടെയാണിത്.
ശുഭ്മന്‍ ഗില്‍ (9/10)
ക്യാപ്റ്റനെന്ന നിലയില്‍ കന്നി ഐപിഎല്‍ ട്രോഫി കൈയെത്തുദൂരത്ത് വഴുതിപ്പോയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മന്‍ ഗില്ലാണ് റേറ്റിങില്‍ രണ്ടാംസ്ഥാനത്ത്.
ഭാവിയില്‍ ടീം ഇന്ത്യയുടെ നായകസ്ഥാനത്തേക്കു വരാനുള്ള മികവ് തനിക്കുണ്ടെന്നു ജിടിക്കൊപ്പം അദ്ദേഹം കാണിച്ചു തരികയും ചെയ്തു. ബാറ്റിങിലും ഗില്‍ കസറുക തന്നെ ചെയ്തു. 732 റണ്‍സോടെ ഇത്തവണ റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുമെത്തി.
ഇഷാന്‍ (8.5/10) & കമ്മിന്‍സ് (7.5/10)
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു ഇത്തവണ രണ്ടു ക്യാപ്റ്റന്‍മാരുണ്ടായിരുന്നു. സീസണിന്റെ ആദ്യ പകുതിയില്‍ ഇഷാന്‍ കിഷനും പിന്നീട് പാറ്റ് കമ്മിന്‍സുമായിരുന്നു ടീമിനെ നയിച്ചത്. കമ്മിന്‍സിന്റെ അഭാവമാണ് ഇഷാനു താല്‍ക്കാലിക ക്യാപ്റ്റന്‍സി നല്‍കിയത്.
വളരെ മികച്ച രീതിയില്‍ ടീമിനെ നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ക്യാപ്റ്റനായ ഏഴിന്നിങ്‌സുകളില്‍ 238 റണ്‍സും ഇഷാന്‍ സ്‌കോര്‍ ചെയ്തു. എട്ടാമത്തെ മല്‍സരം മുതല്‍ നായകനായി തിരിച്ചെത്തിയ കമ്മിന്‍സ് ടീമിനെ പ്ലേഓഫിലെത്തിക്കുന്നതിലും ചുക്കാന്‍ പിടിച്ചു. പക്ഷെ എലിമിനേറ്ററില്‍ തോറ്റ് എസ്ആര്‍എച്ച് പുറത്താവുകയായിരുന്നു.
ശ്രേയസ് അയ്യര്‍ (7/10)
പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യരുടെ റേറ്റിങ് 10ല്‍ ഏഴാണ്. ഈ സീസണിന്റെ ആദ്യ പകുതിയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമാണ് പഞ്ചാബ്. ഒരു കളിയില്‍ പോലും അവര്‍ തോറ്റതുമില്ല. പക്ഷെ രണ്ടാം പകുതിയില്‍ തുടര്‍ച്ചയായി ആറു മാച്ചുകളില്‍ തോറ്റ് പഞ്ചാബ് പ്ലേഓഫ് പോലും കാണാതെ പുറത്താവുകയും ചെയ്തു.
മോശം ഫീല്‍ഡിങും ബൗളര്‍മാരുടെ ദയനീയ പ്രകടനവും അവര്‍ക്കു വിനയാവുകയായിരുന്നു. ശ്രേയസ് 498 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. കന്നി സെഞ്ച്വറിയും ഇതിലുള്‍പ്പെടും.
റിയാന്‍ പരാഗ് (6/10)
രാജസ്ഥാന്‍ റോയല്‍സിന്റെ ഫുള്‍ടൈം ക്യാപ്റ്റനായി റിയാന്‍ പരാഗിന്റെ ആദ്യത്തെ സീസണായിരുന്നു ഇത്. ടീമിനെ രണ്ടാം ക്വാളിഫയര്‍ വരെയെത്തിക്കാന്‍ അദ്ദേഹത്തിനായെങ്കിലും സ്വന്തം പ്രകടനത്തിന്റെ കാര്യത്തില്‍ നിരാശപ്പെടുത്തി. 309 റണ്‍സ് മാത്രമേ സീസണില്‍ പരാഗ് നേടിയുള്ളൂ.
അക്ഷര്‍ പട്ടേല്‍ (4/10)
വളരെ സന്തുലിതമായ സ്‌ക്വാഡിനെ ലഭിച്ചിട്ടും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പ്ലേഓഫില്‍ പോലുമത്തിക്കാന്‍ നായകനായ അക്ഷര്‍ പട്ടേലിനു സാധിച്ചില്ല. ഇതു ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പോരായ്മയാണ്.
ബാറ്റിങിലും ബൗളിങിലുമെലല്ലാം അക്ഷര്‍ ഫ്‌ളോപ്പായി മാറുകയും ചെയ്തു. 173 റണ്‍സ് മാത്രമേ സീസണില്‍ അദ്ദേഹം നേടിയുള്ളൂ. ബൗളിങില്‍ ലഭിച്ചത് 11 വിക്കറ്റുകളുമാണ്.
അജിങ്ക്യ രഹാനെ (3.5/10)
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കും ഇതു മോശം സീസണായിരുന്നു. സീസണിന്റെ ആദ്യ പകുതിയില്‍ ജയമില്ലാതെ വലഞ്ഞെങ്കിലും രണ്ടാപകുതിയില്‍ നല്ല തിരിച്ചുവരവാണ് കെകെആര്‍ നടത്തിയത്. പക്ഷെ രഹാനെയുടെ വ്യക്തിഗത പ്രകടനം നിരാശാജനകമായിരുന്നു. 335 റണ്‍സോടെയാണ് അദ്ദേഹം സീസണ്‍ അവസാനിപ്പിച്ചത്.
റുതുരാജ് ഗെയ്ക്വാദ് (3/10)
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദിന്റെ റേറ്റിങ് മൂന്നാണ്. ക്യാപ്റ്റന്‍സിയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ബാറ്റിങില്‍ അദ്ദേഹം വന്‍ പരാജയമായി മാറി.
14 മാച്ചുകളില്‍ നിന്നും 337 റണ്‍സ് മാത്രമേ റുതുരാജ് നേടിയുള്ളൂ. പല പ്രധാന താരങ്ങളും പരിക്കേറ്റ് പിന്‍മാറിയത് സിഎസ്‌കെയുടെ പ്രകടനത്തെ ഇത്തവണ സാരമായി ബാധിക്കുകയും ചെയ്തു.

ഹാര്‍ദിക് & റിഷഭ് (2/10)
ഈ സീസണിലെ ഏറ്റവും മോശം ക്യാപ്റ്റന്‍മാര്‍ മുംബൈ ഇന്ത്യന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ റിഷഭ് പന്തുമാണ്. വളരെ ശക്തമായ ടീമുണ്ടായിട്ടും ഹാര്‍ദിക്കിനു മുംബൈയെ ടോപ്പ് ഫൈവില്‍ പോലുമെത്തിക്കാന്‍ കഴിഞ്ഞില്ല.
ബാറ്റിങിലം ബൗളിങിലും അദ്ദേഹം നനഞ്ഞ പടക്കവുമായി മാറുകയും ചെയ്തു. 206 റണ്‍സും നാലു വിക്കറ്റും മാത്രമാണ് സീസണിലാകെ ഹാര്‍ദിക് നേടിയത്. റിഷഭും ഇത്തവണ തീര്‍ത്തും നിറംമങ്ങി. ബാറ്റിങില്‍ 312 റണ്‍സ് മാത്രമേ അദ്ദേഹം സകോര്‍ ചെയ്തുള്ളൂ. ക്യാപ്റ്റനെന്ന നിലയില്‍ എല്‍എസ്ജിയെ പ്രചോദിപ്പിക്കാനോ, മുന്നില്‍ നിന്നു നയിക്കാനോ അദ്ദേഹത്തിനു കഴിഞ്ഞതുമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

