ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായുള്ള താരലേലം ഡിസംബറില്‍ നടക്കാനിരിക്കുകയാണ്. ക്രിക്ക്ബസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസംബര്‍ 13നും 15നും ഇടയിലായിരിക്കും ലേലമെന്നാണ് സൂചനകള്‍. അതിനു മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് മുഴുവന്‍ ഫ്രാഞ്ചൈസികളും സമര്‍പ്പിക്കുകയും വേണം. അടുത്ത മാസം 15നായിരിക്കും അതിനുള്ള അവസാന തിയ്യതിയെന്നാണ് വിവരം.
മിനി ലേലത്തില്‍ ടീമിലെത്തിക്കേണ്ട കളിക്കാര്‍ ആരൊക്കെയാവണമെന്ന ചര്‍ച്ചകളായിരിക്കും ഫ്രാഞ്ചൈസികളില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. ലേലത്തില്‍ ഓരോ ടീമുകളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരൊക്കെയാവുമെന്നു പരിശോധിക്കാം.

ആര്‍സിബി
നിലവിലെ ചാംപ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് അതിശക്തമായ ടീമാണ് ഇപ്പോഴുള്ളത്. എങ്കിലും അടുത്ത സീസണിനു മുമ്പ് ഒരു കാര്യം അവര്‍ക്കു മെച്ചപ്പെടുത്തണം. മികച്ചൊരു മധ്യനിര ബാറ്ററെയാണ് ലേലത്തില്‍ ആര്‍സിബി നോട്ടമിടുക.
ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ലിയാം ലിവിങ്‌സ്റ്റണിനെ ഒഴിവാക്കിയ ശേഷം പകരം മറ്റൊരാളെ ഈ റോളിലെത്തിക്കാനായിരിക്കും ആര്‍സിബിയുടെ പ്ലാന്‍. കഴിഞ്ഞ ലേലത്തില്‍ 8.75 കോടിക്കു ആര്‍സിബിയിലെത്തിയ ലിവിങ്‌സ്റ്റണിനു 10 കളിയില്‍ നേടാനായത് വെറും 112 റണ്‍സാണ്.
മുംബൈ
അഞ്ചു തവണ ഐപിഎല്ലില്‍ ചംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു ആവശ്യം മികച്ചൊരു ഫിനിഷറെയാണ്. നേരത്തേ കരെണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയുമാണ് മുംബൈയ്ക്കായി ഈ റോളില്‍ മിന്നിച്ചത്. എന്നാല്‍ പൊള്ളാര്‍ഡിന്റെ വിരമിക്കലും ഹാര്‍ദിക്കിന്റെ ഫിനഷിങ് മികവിലുണ്ടായ ഇടിവും മുംബൈയെ ആശങ്കപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ സീസണില്‍ റോബിന്‍ മിന്‍സിനെ ഈ റോളില്‍ വളര്‍ത്തിയെടുക്കാന്‍ മുംബൈ ശ്രമിച്ചെങ്കിലും അതു വിജയം കണ്ടില്ല. കൂടുതല്‍ അനുഭവസമ്പത്തുള്ള ഒരു ഫിനിഷറെയാവും ലേലത്തില്‍ മുംബൈ നോട്ടമിടുക.
സിഎസ്‌കെ
ഐപിഎല്ലില്‍ അഞ്ചു തവണ കിരീടമുയര്‍ത്തിയ മറ്റൊരു ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മികച്ചൊരു ഫാസ്റ്റ് ബൗളറെയാണ് ആവശ്യം. ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളറായ മതീശ പതിരാനയുടെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു. ഖലീല്‍ അഹമ്മദ് മാത്രമാണ് പേസ് നിരയില്‍ തിളങ്ങിയത്. ഈ കാരണത്താല്‍ ചെന്നൈക്കു സ്പിന്നര്‍മാരെ കൂടുതലായി ആശ്രയിക്കേണ്ടിയും വന്നു.
കെകെആര്‍
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു അടുത്ത സീസണിലാവശ്യം ഒരു കിടിലന്‍ ഓപ്പണിങ് ബാറ്ററയെയാണ്. 2024ലെ സീസണിനു ശേഷം കൈവിട്ട ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററായ ഫില്‍ സാള്‍ട്ടിന്റെ പകരക്കാരനെ ടീമിലെത്തിക്കാന്‍ കെകെആറിനായിട്ടില്ല.
സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡികോക്കിനെ അവര്‍ കഴിഞ്ഞ തവണ പരീക്ഷിച്ചെങ്കിലും ഫ്‌ളോപ്പായിരുന്നു. വരാനിരിക്കുന്ന ലേലത്തില്‍ നല്ലൊരു ഓപ്പണിങ് ബാറ്ററെ കെകെആറിനു വാങ്ങിയേ തീരൂ. അതോടൊപ്പം ആന്ദ്രെ റസ്സലിനു ബാക്കപ്പായി ഒരു ഫിനിഷറും അവരുടെ ലിസ്റ്റിലുണ്ടാവും.
ഡിസി
ഡല്‍ഹി ക്യാപ്പിറ്റന്‍സിനു അടുത്ത സീസണില്‍ ഏറ്റവുമധികം ആവശ്യം ഓപ്പണിങ് ബാറ്ററെയാണ്. ഫാഫ് ഡുപ്ലെസിയും ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്കും ഓപ്പണിങില്‍ ക്ലിക്കായില്ല. രണ്ടു പേരെയും ലേലത്തിനു മുമ്പ് കൊല്‍ക്കത്ത കൈവിട്ടേക്കും.
വെറ്ററന്‍ താരമായ ഡുപ്ലെസി ഒമ്പതു മല്‍സരങ്ങളാണ് കഴിഞ്ഞ സീസണില്‍ കളിച്ചത്. വെറ്ററന്‍ താരമായ അദ്ദേഹത്തിനു 123.93 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 202 റണ്‍സ് മാത്രം. മഗ്യുര്‍ക്കാവട്ടെ ആറു കളിയില്‍ സ്‌കോര്‍ ചെയ്തത് വെറും 55 റണ്‍സാണ്.
പഞ്ചാബ്
കഴിഞ്ഞ ഐപിഎല്ലിലെ റണ്ണറപ്പായ പഞ്ചാബ് കിങ്സിനു ആവശ്യം പേസ് ബൗളിങില്‍ അര്‍ഷ്ദീപ് സിങിനു പിന്തുണയേകാന്‍ സാധിക്കുന്ന ഫാസ്റ്റ് ബൗളറെയാണ്. ബാറ്റിങില്‍ അവര്‍ക്കു പ്രശ്‌നങ്ങളൊന്നുമില്ല. പേസ് ബൗളിങാണ് അടുത്ത സീസണില്‍ പഞ്ചാബ് ശക്തിപ്പെടുത്തേണ്ടത്.

റോയല്‍സ്
രാജസ്ഥാന്‍ റോയല്‍സിനു ഒരുപാട് ഏരിയയില്‍ അടുത്ത സീസണില്‍ മെച്ചപ്പെടാനുണ്ട്. എങ്കിലും അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം മികച്ചൊരൂ ഫിനിഷറെയാണ്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കു പകരം നല്ലൊരു ഫിനിഷറെ ലേലത്തില്‍ അവര്‍ക്കു സ്വന്തമാക്കിയേ തീരൂ. ഫിനിഷിങിലെ പിഴവുകള്‍ കാരണം കഴിഞ്ഞ തവണ ചില മല്‍സരങ്ങിളില്‍ റോയല്‍സ് തോല്‍ക്കുകയും ചെയ്തിരുന്നു.
എല്‍എസ്ജി
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു ആവശ്യം പേസാക്രണത്തിനു ചുക്കാന്‍ പിടിക്കാന്‍ സാധിക്കുന്ന മികച്ചൊരു വിദേശ ഫാസ്റ്റ്ബൗളറെയാണ്. ടീമിലെ ഇന്ത്യന്‍ പേസര്‍മാരില്‍ പലരും പരിക്കിന്റെ പിടിയിലായതും മികച്ച വിദേശ പേസര്‍മാരുടെ അഭാവവും കഴിഞ്ഞ സീസില്‍ ലഖ്‌നൗവിനു തിരിച്ചടിയായിരുന്നു.
ഗുജറാത്ത്
ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനു ആവശ്യം മികച്ചൊരു മധ്യനിര ബാറ്ററെയാണ്. ഗില്‍- സായ് സുദര്‍ശന്‍ ഓപ്പണിങ് ജോടിയാണ് കഴിഞ്ഞ തവണ ജിടിയുടെ ഭൂരിഭാഗം റണസും നേടിയത്. മധ്യനിരയില്‍ കരീം ജനത്, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് എന്നിവരെയെല്ലാം അവര്‍ പരീക്ഷിച്ചെങ്കിലും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല.
ഹൈദരാബാദ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു ലേലത്തില്‍ പ്രധാനമായും വേണ്ടത് ഒരു ഫാസ്റ്റ് ബൗളറെയാണ്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മാത്രമാണ് അവരുടെ ടീമിലെ മികച്ച ഏക ഫാസ്റ്റ് ബൗളര്‍. കമ്മിന്‍സിനു മികച്ച പിന്തുണ നല്‍കാന്‍ കഴിയുന്ന ഒരു പേസറെ ഓറഞ്ച് ആര്‍മിക്കു കണ്ടെത്തിയേ തീരൂ.