ഐപിഎല്ലിന്റെ അടുത്ത സീസണില്‍ വമ്പന്‍ മാറ്റങ്ങളോടെയാവും രാജസ്ഥാന്‍ റോയല്‍സ് ടീം ആരാധകരുടെ മുന്നിലെത്തുക. അതിനു വേണ്ടിയുള്ള പടയൊരുക്കങ്ങള്‍ പുതിയ കോച്ച് കുമര്‍ സങ്കക്കാരയ്ക്കു കീഴില്‍ അവര്‍ തുടങ്ങിക്കഴിഞ്ഞു. നായകനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ അടുത്ത സീസണിനു മുമ്പ് ടീം വിടുമെന്നു ഉറപ്പായിരിക്കുകയാണ്.
ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹത്തെ മറ്റേതെങ്കിലും ഫ്രാഞ്ചൈസിക്കു വില്‍ക്കാനുള്ള നീക്കം റോയല്‍സ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതു ഫലം കണ്ടില്ലെങ്കില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന മിനി താരലേലത്തിനു മുമ്പ് സഞ്ജുവിനെ റിലീസ് ചെയ്യാനാണ് അവരുടെ പ്ലാന്‍.

അദ്ദേഹത്തിനു പകരം പുതിയ ക്യാപ്റ്റന്‍ റോയല്‍സ് ഇപ്പോള്‍ തീരുമാനിച്ചു കഴിഞ്ഞെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. മാത്രമല്ല, സഞ്ജുവിനൊപ്പം മറ്റൊരു യുവ സൂപ്പര്‍ താരവും ടീം വിടുമെന്നു സൂചനയുണ്ട്. ഇതേക്കുറിച്ച് കൂടുതലറിയാം.
ക്യാപ്റ്റന്‍സി ജയ്‌സ്വാളിന്
സഞ്ജു സാംസണിന്റെ പകരക്കാരനായി രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റനായി എത്തുക യുവ സൂപ്പര്‍ താരവും ഓപ്പണറുമായ യശസ്വി ജയ്‌സ്വാളായിരിക്കുമെന്നു റെവ്‌സ്‌പോര്‍ട്‌സിന്റെ (Revsportz) മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രോഹിത് ജുഗ്ലാനാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
സഞ്ജുവിനൊപ്പം യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേലും അടുത്ത സീസണിനു മുമ്പ് റോയല്‍സ് വിടാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. പക്ഷെ ജുറേലിന്റെ ഈ തീരുമാനത്തിനു പിന്നിലെ കാരണമെന്താണെന്നു ജുഗ്ലാന്‍ തുറന്നു പറഞ്ഞിട്ടില്ല.
നിലവില്‍ റോയല്‍സ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ്. കഴിഞ്ഞ സീസണില്‍ സഞ്ജു പരിക്കേറ്റ് പുറത്തായപ്പോള്‍ കുറച്ചു മല്‍സരങ്ങളില്‍ അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തിരുന്നു. സഞ്ജു ടീം വിട്ടാല്‍ അടുത്ത ക്യാപ്റ്റനായി ഫേവറിറ്റും പരാഗായിരുന്നു. പക്ഷെ റോയല്‍സിന്റെ നായകസ്ഥാനത്തേക്കു ജയ്‌സ്വാളിനും ഒരു മോഹമുണ്ട്.
സഞ്ജു പോയാല്‍ അതു പരാഗിനല്ല, ടീമിലെ സീനിയര്‍ താരമായ തനിക്കു തന്നെ നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ക്യാപ്റ്റന്‍സി നല്‍കിയില്ലെങ്കില്‍ ടീം വിടാനാണ് തീരുമാനമെന്നും ജയ്‌സ്വാള്‍ അറിയിച്ചു കഴിഞ്ഞു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തുന്നതിനായാണ് നായകസ്ഥാനം റോയല്‍സ് ഉറപ്പു നല്‍കിയതെന്നും മാധ്യമപ്രവര്‍ത്തകനായ ജുഗ്ലാന്‍ വെളിപ്പെടുത്തുന്നു.
തങ്ങള്‍ ഇതുവരെ പിന്തുടര്‍ന്ന വരുന്ന പോളിസിയും അടുത്ത സീസണില്‍ റോയല്‍സ് മാറ്റാന്‍ തയ്യാറെടുക്കുകയാണ്. യുവതാരങ്ങളെ കണ്ടെത്തുകയും അവരെ വളര്‍ത്തുകയും ചെയ്യുന്നതിനു പകരം വരാനിരിക്കുന്ന ലേലത്തില്‍ കഴിവ് തെളിയിച്ച മുതിര്‍ന്ന കളിക്കാരെ ടീമിലെത്തിക്കാനാണ് റോയല്‍സിന്റെ നീക്കം. കഴിഞ്ഞ കുറച്ചു സീസണുകളില്‍ ടീമിനേറ്റ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് ഈ മാറ്റം.

സഞ്ജുവിന്റെ പുതിയ ടീം
അടുത്ത ഐപിഎല്‍ സീസണില്‍ സഞ്ജുസ സാംസണിന്റെ പുതിയ ഫ്രാഞ്ചൈി ഏതാവുമെന്ന കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് അദ്ദേഹത്തെ സ്വന്തമാക്കാന്‍ ഏറ്റവുമാദ്യം താല്‍പ്പര്യം പ്രകടിപ്പിച്ച ടീം.
അതിനു ശേഷം രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സുമായി ചേര്‍ത്തും മലയാളി താരത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ കെകെആര്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും നടത്തിയില്ല. ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി ചേര്‍ത്താണ് സഞ്ജുവിന്റെ പേരില്‍ വാര്‍ത്തകള്‍ വരുന്നത്.
പുതിയ സീസണില്‍ ഡിസിയുടെ നായകസ്ഥാനം അദ്ദേഹത്തിനു ഓഫര്‍ ചെയ്തു കഴിഞ്ഞുവെന്നും കരാര്‍ സംബന്ധിച്ച് രണ്ടു കൂട്ടര്‍ക്കുമിടയില്‍ ചര്‍ച്ചകളും പുരോഗമിക്കുകയാണെന്നാണ് മാധ്യപ്രവര്‍ത്തകനായ രോഹിത് ജുഗ്ലാന്‍ അവകാശപ്പെട്ടത്. കഴിഞ്ഞ ഏഷ്യാ കപ്പിന്റെ സമയത്തു തന്നെ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.