ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ കോച്ച് റോളിലേക്കു കുമാര്‍ സങ്കക്കാര മടങ്ങിയെത്തുകയാണെങ്കിലും ടീം വിടാനുള്ള തീരുമാനത്തില്‍ നിന്നും നായകന്‍ സഞ്ജു സാംസണ്‍ പിന്‍മാറിയേക്കില്ലെന്നു റിപ്പോര്‍ട്ട്. റോയല്‍സ് വിടാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം ടീം മാനേജ്‌മെന്റിനെ അറിയിച്ചു കഴിഞ്ഞതായി നേരത്തേ തന്നെ വാര്‍ത്തകള്‍ വന്നിട്ടുള്ളതാണ്.
രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ച് സ്ഥാനത്തു നില്‍ക്കവെയായിരുന്നു സംഭവം. എന്നാല്‍ പിന്നീട് ദ്രാവിഡുമായുള്ള കരാര്‍ റോയല്‍സ് റദ്ദാക്കുകയും പകരം ടീം ഡയറക്ടറായ സങ്കക്കാരയെ വീണ്ടും കോച്ച് സ്ഥാനത്തേക്കു കൊണ്ടുവരാനുമുള്ള നീക്കം റോയല്‍സ് നടത്തുകയും ചെയ്തു.

സങ്കക്കാരയുമായി വളരെ നല്ല സൗഹൃദം പുലര്‍ത്തുന്നതിനാല്‍ തന്നെ റോയല്‍സ് വിടാനുള്ള തീരുമാനത്തില്‍ നിന്നും സഞ്ജു പിന്‍മാറിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു. പക്ഷെ പുതിയ തട്ടകത്തിലേക്കു മാറാനുള്ള തീരുമാനത്തില്‍ തന്നെ മലയാളി വിക്കറ്റ് കീപ്പര്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നാണ് വ്യക്തമാവുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും പുറത്തു വരികയാണ്.
ക്യാപ്റ്റന്‍സി ഓഫര്‍
അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മൂന്നു തവണ ജേതാക്കളായ കൊല്‍ക്കതത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവയിലൊരു ടീമിലേക്കാവും സഞ്ജു സാംസണ്‍ ചേക്കേറുകയെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പക്ഷെ അതിനുള്ള സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ച മട്ടാണ്,.
പകരം ഐപിഎല്ലില്‍ ഇനിയും കിരീടഭാഗ്യമുണ്ടായിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു സഞ്ജു ചേക്കേറാനുള്ള സാധ്യതകളാണ് തെളിയുന്നത്. റെവ്‌സ്‌പോര്‍ട്‌സിന്റ (Revsportz) മാധ്യമപ്രവര്‍ത്തകനായ രോഹിത് ജുഗ്ലാനാണ് ഇക്കാര്യം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.
അടുത്ത ഐപിഎല്‍ സീസണില്‍ പുതിയ ക്യാപ്റ്റനായി സഞ്ജുവിനെ കൊണ്ടുവരാനാണ് ഡിസിയുടെ പ്ലാന്‍. കഴിഞ്ഞ മെഗാ ലേലത്തില്‍ ശ്രേയസ് അയ്യരെ നായകനായി ടീമിലെത്തിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നെങ്കിലും ഇതു വിജയിച്ചില്ല. മോഹവിലയ്ക്കു പഞ്ചാബ് കിങ്‌സ് അദ്ദേഹത്തെ റാഞ്ചുകയായിരുന്നു.
നായകസ്ഥാനത്തേക്കു മികച്ച കളിക്കാരെയൊന്നും ലഭിക്കാതെ പോയതോടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ അവര്‍ നായകനാക്കുകയും ചെയ്തു. പക്ഷെ ഈ നീക്കം പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ല. സീസണില്‍ ഗംഭീരമായി തുടങ്ങിയ ശേഷം ഡിസി പിന്നീട് താഴേക്കു പോവുകയും ഒടുവില്‍ പ്ലേഓഫ് പോലുമെത്താതെ സീസണ്‍ അവസാനിപ്പിക്കുകയുമായിരുന്നു.
അക്ഷറിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം മാനേജ്‌മെന്റ് തൃപ്തരല്ല. അടുത്ത സീസണില്‍ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും മാറ്റി പകരം സഞ്ജുവിനെ ഈ റോള്‍ ഏല്‍പ്പിക്കാനാണ് ഡിസി തയ്യാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ഡിസി ചര്‍ച്ചയിലാണെന്നും റെവ്‌സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനാ രോഹിത് അവകാശപ്പെടുന്നു.

ദീര്‍ഘകാലത്തേക്കു ടീമിനെ നയിക്കാന്‍ സാധിക്കുന്ന ക്യാപ്റ്റനെയാണ് ഡിസിക്കു ആവശ്യം. സഞ്ജു ഈ റോളിലേക്കു പെര്‍ഫെക്ടായിരിക്കുമെന്നും ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നു. കൂടുമാറ്റവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. ഇതില്‍ ധാരണയിലെത്തിയാല്‍ അടുത്ത ഐപിഎല്ലില്‍ ഡിസിയുടെ നായകസ്ഥാനത്തു സഞ്ജുവിനെ കാണാം.
അദ്ദേഹത്തെ സംബന്ധിച്ച് ഡിസിയെന്നത് അപരിചിതരല്ല. നേരത്തേ അവര്‍ക്കായി രണ്ടു സീസണുകള്‍ സഞ്ജു കളിച്ചിട്ടുള്ളതാണ്. 2016, 17 സീസണികളിലായിരുന്നു ഇത്. ഒത്തുകളി വിവാദത്തിലകപ്പെട്ടതു കാരണം റോയല്‍സിനു രണ്ടു സീസണുകളില്‍ വിലക്ക് നേരിട്ടപ്പോള്‍ ലേലത്തില്‍ അദ്ദേഹം ഡല്‍ഹിയിലെത്തുകയായിരുന്നു. വിലക്കിനു ശേഷം 2018ലെ ഐപിഎല്ലില്‍ റോയല്‍സ് തിരിച്ചെത്തവെ അവര്‍ ടീമിലേക്കു തിരികെയെത്തിച്ച താരങ്ങളിലൊരാള്‍ സഞ്ജുവായിരുന്നു.