ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സി ഓപ്ഷനുകളെക്കുറിച്ച് നിരീക്ഷം നടത്തിയിരിക്കുകയാണ് ഇതിഹാസം അനില്‍ കുംബ്ലെയും വെടികെട്ട് ബാറ്ററായിരുന്ന റോബിന്‍ ഉത്തപ്പയും. ടീം വിട്ട ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിന്റെ പിന്‍ഗാമിയായി നായകസ്ഥാനത്ത് ആരു വരുമെന്ന കാര്യയത്തില്‍ ഇരുവര്‍ക്കും ഏറെക്കുറെ ഒരേ അഭിപ്രായം തന്നെയാണുള്ളത്.
നിലവിലെ വൈസ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ്, വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് നായകസ്ഥാനത്തേക്കു രംഗത്തുള്ളവര്‍. കൂടാതെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലും ഈ റോളിലേക്കു അവകാശവാദമുന്നയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അടുത്ത ക്യാപ്റ്റനാര്?
രാജസ്ഥാന്‍ റോയല്‍സ് ടീമിനെക്കുറിച്ച് ജിയോ ഹോട്‌സ്റ്റാറിന്റെ ഷോയില്‍ സംസാരിക്കവെയാണ് പുതിയ നായകനെപ്പറ്റി അനില്‍ കുംബ്ലെയും റോബിന്‍ ഉത്തപ്പയും ചില നിരീക്ഷണങ്ങള്‍ നടത്തിയത്. സഞ്ജു സാംസണിനു പകരം പുതിയ നായകനായി വന്നേക്കാവുന്ന രണ്ടു പേരെ ഇരുവരും ചൂണ്ടിക്കാണിക്കുകയും ചെയ്തു.
റോയസിന്റെ ലീഡര്‍ഷിപ്പിനെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചോദ്യങ്ങളുള്ളത്. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ റിയാന്‍ പരാഗിനും രവീന്ദ്ര ജഡേജയ്ക്കുമായിരിക്കും സാധ്യതയെന്നാണ് എനിക്കു തോന്നുന്നത്. യശസ്വി ജയ്‌സ്വാളിനു ഇതിനായി കുറച്ചധികം കാത്തിരിക്കേണ്ടിയും വരുമെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.
ഇതേ ഷോയില്‍ പങ്കെടുത്ത കുംബ്ലെയും ഇതിനോടു യോജിക്കുകയായിരുന്നു. അടുത്ത ഐപിഎല്‍ സീസണിനു മുമ്പ് ആര്‍ആര്‍ മാനേജ്‌മെന്റ് പുതിയ നായകനെ തിരഞ്ഞെടുത്ത ശേഷം ടീമിലെ ബാക്കിയുള്ളവരുമായി ഇക്കാര്യം ഫലപ്രദമായി ആശയവിനിമയം നടത്തുകയും വേണമെന്നും കുംബ്ലെ വ്യക്തമാക്കി.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം സഞ്ജുവിനു കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായപ്പോള്‍ പകരം ടീമിനെ നയിച്ചത് പരാഗാണ്. കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ അസ്സം ടീമിനെ നയിച്ച അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.
ഈ കാരണങ്ങളാല്‍ തന്നെ പുതിയ നായകന്റെ റോളിലേക്കു ഫേവറിറ്റും പരാഗായിരിക്കും. എന്നാല്‍ ട്രേഡ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിടും മുമ്പ് ജഡേജ റോയല്‍സിന്റെ ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതു ശരിയാണെങ്കില്‍ നായകസ്ഥാനം ജഡ്ഡുവിനെ ഏല്‍പ്പിക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായി മാറും. നേരത്തേ എംഎസ് ധോണിക്കു പകരം സിഎസ്‌കയെയുടെ പുതിയ ക്യാപ്റ്റന്‍സി ഏറ്റെടുത്തയാളാണ് ജഡ്ഡു. 2022ലെ സീണിലായിരുന്നു ഇത്.
എന്നാല്‍ ടീമിന്റെ ദയനീയ പ്രകടനം കാരണം സീസണിന്റെ പകുതിയില്‍ വച്ച് തന്നെ അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. ജഡ്ഡുവിനു കീഴില്‍ ആദ്യത്തെ എട്ടു മല്‍സങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ സിഎസ്‌കെയ്ക്കു ജയിക്കാനായുള്ളൂ.

പുതിയ സഞ്ജു
രാജസ്ഥാന്‍ റോയല്‍സിലെ പുതിയ സഞ്ജു സാംസണായി അനില്‍ കുംബ്ലെ തിരഞ്ഞെടുത്തത് യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേലിനെയാണ്. രാജസ്ഥാന്‍ റോയല്‍സിലേക്കു സഞ്ജു സാംസണ്‍ കൊണ്ടുവന്ന തരത്തിലുള്ള പേഴ്‌സനാലിറ്റി ആവര്‍ത്തിക്കണമെങ്കില്‍ അതിനു ഏറ്റവും അടുത്തു നില്‍ക്കുന്നയാള്‍ ധ്രുവ് ജുറേലാണ്.
അതിനപ്പുറം ടീം വളരെ ശക്തമാണ്. പ്രതിഭാശാലികളായ യുവതാരങ്ങളും കഴിവ് തെളിയിച്ചവരും മാച്ച് വിന്നര്‍മാരുമെല്ലാം അവരുടെ സ്‌ക്വാഡിലുണ്ട്. സീസണിന്റെ തുടക്കത്തില്‍ ജോഫ്ര ആര്‍ച്ചറെപ്പോലെയുള്ള കളിക്കാരുടെ ഫിറ്റ്‌നസ് വളരെ നിര്‍ണായകമാണ്.
ആത്യന്തികമായി അടുത്ത ക്യാപ്റ്റന്‍ ആരായിരിക്കണമെന്നത് ടീം മാനജ്‌മെന്റ് തിരിച്ചറിയുകയും ആശയവിനിമയം നടത്തുകയും വേണമെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.