അടുത്ത ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടായി മാറിയേക്കാവുന്ന താരത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ചെ്‌ന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും ട്രേഡ് വിന്‍ഡോയില്‍ റോയല്‍സ് സ്വന്തമാക്കിയ രവീന്ദ്ര ജഡേജയല്ല മറ്റൊരാളാവുംശരിക്കും കസറാന്‍ പോവുന്നതെന്നാണ് ചോപ്രയുടെ അഭിപ്രായം.
സഞ്ജു സാംസണിനു പകരം പുതിയ ക്യാപ്റ്റനായി ആരു വരുമെന്ന കാര്യത്തില്‍ അവ്യക്തത തുടരവെ ഇതിനു ഏറ്റവും അനുയോജ്യനായ താരത്തെയും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. റോയല്‍സിനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു ചോപ്ര.

അവന്‍ മിന്നിക്കും
രവീന്ദ്ര ജഡേജ്‌ക്കൊപ്പം ചെന്നൈസൂപ്പര്‍ കിങ്‌സില്‍ നിന്നും ട്രേഡില്‍ എത്തിയ ഇംഗ്ലണ്ടിന്റെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനായിരിക്കും രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ തുറുപ്പുചീട്ടായി മാറിയേക്കുകയെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. ഇതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുകയാണ്.
സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്തിരിക്കുകയാണ്. പകരം 18 കോടിയെന്ന അദ്ദേഹത്തിന്റെ തുകയ്ക്കു മൂന്നു താരങ്ങളെയും ടീമിലേക്കു കൊണ്ടു വന്നു. രവീന്ദ്ര ജഡജേ, സാം കറെന്‍, ഡൊണോവന്‍ ഫെറേറ (ഡിസിയില്‍ നിന്നും വാങ്ങി) എന്നിവരെയാണിത്. വളരെ മികച്ചൊരു ഡീലായി തന്നെ ഇതിനെ കാണാം.
സാം കറെന്‍ ഓള്‍റൗണ്ടറാണ്. ഡെത്ത് ഓവര്‍ ബൗളറല്ലെങ്കിലും റോയല്‍സിന്റെ ഹോംഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെ വലിയ ബൗണ്ടറികളുടെ ആനൂകൂല്യം മുതലെടുക്കാന്‍ സാധിക്കും. സ്ലോയോലും താഴ്ന്നതുമായ (low) പിച്ചുകളില്‍ കറെനു വളരെ മികച്ച പ്രകടനം പുറത്തെടുക്കാനും കഴിയുമെന്നും ചോപ്ര വ്യക്തമാക്കി.
അടുത്ത മാസം നടക്കാനിലിക്കുന്നു മിനി താരലേലത്തില്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ റോയല്‍സ് വാങ്ങേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് നിരയിലേക്കു നോക്കൂ.
ആരാണ് സ്പിന്നര്‍? അവര്‍ വനിന്ദു ഹസരംഗയെ റിലീസ് ചെയ്തു. ഇനി ലേലത്തില്‍ തിരികെ വാങ്ങാനും പോവുന്നില്ല. മഹീഷ് തീക്ഷണയാവട്ടെ അത്ര നന്നായി പന്തെറിയുന്ന ബൗളറുമാല്ല (ഹസരംഗയെ അല്ല, തീക്ഷണയെയാണ് റോയല്‍സ് റിലീസ് ചെയ്തത്).
ജോധ്പൂരില്‍ നിന്നുള്ള രവി ബിഷ്‌നോയ്ക്കു ജയ്പൂര്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനായി അടുത്ത സീസണില്‍ കളിക്കാന്‍ സാധിക്കും. ലേലത്തില്‍ അവനെ ടീമിലേക്കു കൊണ്ടുവരാനുള്ള ശക്തമായ നീക്കം റോയല്‍സ് നടത്തണം. കൂടാതെ രാഹുല്‍ ചാഹറിനെയോ, കരണ്‍ ശര്‍മയെയോ റോയല്‍സ് ലേലത്തില്‍ ലക്ഷ്യം വയ്ക്കുമെന്നും ചോപ്ര നിരീക്ഷിച്ചു.
ഒരു സ്പിന്നറെ മാത്രമല്ല മധ്യനിരയില്‍ ഒരു ഇന്ത്യന്‍ ബാറ്ററെയും റോയല്‍സിനു ആവശ്യമുണ്ടെന്നു അദ്ദേഹം പറയുന്നു. ഷിംറോണ്‍ ഹെറ്റ്‌മെയറിനു ബാക്കപ്പായി ഒരാളെ കൊണ്ടു വരേണ്ടതുണ്ട്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ഒരു ഓപ്ഷനാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

അടുത്ത ക്യാപ്റ്റനാര്?
രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റനായി ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിന്റെ പേരാണ് ആകാശ് ചോപ്ര എടുത്തു പറഞ്ഞത്. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. പക്ഷെ പതുതായി എത്തിയ രവീന്ദ്ര ജഡേജയും നിലവില്‍ ടീമിന്റെ ഭാഗമായ യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍ എന്നവരും ക്യാപ്റ്റന്‍സി ആഗ്രഹിക്കുന്നവരാണ്.
ആരെയാവും രാജസ്ഥാന്‍ റോയല്‍സ് ഇനി ക്യാപ്റ്റനാക്കുക? റിയാന്‍ പരാഗ് ഈ റോളിലേക്കു ഓട്ടോമാറ്റിക്ക് ചോയ്‌സാണ്. കാരണം കഴിഞ്ഞ സീസണില്‍ അവന്‍ ടീമിനെ നയിച്ചതുമാണ്. റിയാനോടുള്ള റോയല്‍സിന്റെ ഇഷ്ടം എല്ലാവല്‍ക്കുമറിയാം.
ശമ്പളം നാലു കോടി വെട്ടിക്കുറച്ചാണ് (14 കോടി) രവീന്ദ്ര ജഡേജ വന്നിരിക്കുന്നത്. ക്യാപ്റ്റന്‍സി ഓഫര്‍ ചെയ്തതു കൊണ്ടായിരിക്കാം അദ്ദേഹം പ്രതിഫലം കുറയ്ക്കാനും തയ്യാറായത്. യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍സി അര്‍ഹിക്കുന്നയാളാണെന്നു തനിക്കു തോന്നുന്നതായും ചോപ്ര കൂട്ടിച്ചേര്‍ത്തു.