ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നും ഭാവി ക്യാപ്റ്റനെന്നുമെല്ലാം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നയാളാണ് വെടികെട്ട് ബാറ്റര്‍ പൃഥ്വി ഷാ. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പിന്‍ഗാമിയായും അദ്ദേഹം വാഴ്ത്തപ്പെട്ടിരുന്നു. എന്നാല്‍ കരിയറിലും ജീവിതത്തിലുമെല്ലാം സംഭവിച്ച പാളിച്ചകള്‍ പൃഥ്വിയെ ഇപ്പോള്‍ അപ്രത്യക്ഷനാക്കിയിരിക്കുകയാണ്.
ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ഐപിഎല്ലില്‍ പോലും അദ്ദേഹത്തെ കാണാതായി. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ മുംബൈയ്ക്കു പോലും വേണ്ടാത്ത താരമായി പൃഥ്വി മാറിയിരിക്കുകയാണ്.
പക്ഷെ കരിയര്‍ ശക്തമായി തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ഏതു ടീമിനോടൊപ്പമാണ് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വി.

തിരിച്ചുവരവ് ആര്‍ക്കൊപ്പം?
ചെന്നൈ സൂപ്പര്‍ കിങ്‌സോ, രാജസ്ഥാന്‍ റോയല്‍സോയല്ല മറിച്ച് അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനായി കളിച്ച് ഐപിഎല്ലില്‍ തിരിച്ചുവരവ് നടത്താനാണ് ആഗ്രഹമെന്നു പൃഥ്വി ഷാ വെളിപ്പെടുത്തി. ഇതിനു പിന്നിലെ കാരണമെന്താണെന്നു അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ന്യൂസ് 24നോടു സംസാരിക്കുയായിരുന്നു താരം.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കണമെന്നാണ് എന്റെ ആഗ്രഹം, ഞാന്‍ ഇവിടെ നിന്നു (മുംബൈ) തന്നെ ആയതിനാല്‍ അവസരം കിട്ടിയാല്‍ അവര്‍ക്കു വേണ്ടി കളിക്കണമെന്നും പൃഥ്വി തുറന്നു പറഞ്ഞു.
ഐപിഎല്ലില്‍ കരിയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മാത്രമേ 25കാരനായ താരം ഇതുവരെ കളിച്ചിട്ടുള്ളൂ. ഏഴു വര്‍ഷം അദ്ദേഹം ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നു. ഈ കാലയളവില്‍ 79 മല്‍സരങ്ങളില്‍ കളിച്ച പൃഥ്വി 147 സ്‌ട്രൈക്ക് റേറ്റില്‍ 1283 റണ്‍സും സ്‌കോര്‍ ചെയ്തു.
2024ലെ സീസണിനു ശേഷമാണ് അദ്ദേഹത്തെ ഡിസി ഒഴിവാക്കിയത്. സമാപിച്ച സീസണിനു മുന്നോടിയായുള്ള മെഗ ലേലത്തില്‍ പൃഥ്വിയും ഉള്‍പ്പെ്ട്ടിരുന്നെങ്കിലും ഒരു ഫ്രാഞ്ചൈസി പോലും അദ്ദേഹത്തെ വാങ്ങാന്‍ തയ്യാറായില്ല. ഇതോടെ കരിയറിലാദ്യമായി ഒരു സീസണ്‍ പൃഥ്വിക്കു പുറത്തിരുന്ന് കാണേണ്ടിയും വന്നു.
ഫിറ്റ്‌നസിലുണ്ടായ ഇടിവ്
ഫോമിലും ഫിറ്റ്‌നസിലുമുണ്ടായ ഇടിവും കളിക്കളത്തിനു പുറത്തുണ്ടായ ചില വിവാദങ്ങളുമാണ് പൃഥ്വി ഷായുടെ കരിയര്‍ ഇപ്പോള്‍ അനിശ്ചിതത്വത്തിലാവാനുള്ള പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മല്‍സരത്തിലാണ് അദ്ദേഹം അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. ഈ കളിയില്‍ ഏഴു ബോളില്‍ നിന്നും 13 റണ്‍സുമായി താരം പുറത്താവുകയും ചെയ്തു.

തന്റെ ഫിറ്റ്‌നസില്‍ സംഭവിച്ച ഇടിവിനു പിന്നിലെ യഥാര്‍ഥ കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വി. തന്റെ മോശം ആഹാരശൈലി കൊണ്ടാണ് ഇതു സംഭവിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ഞാനൊരു വലിയ ഭക്ഷണപ്രിയനാണ്. എനിക്കു അക്കാര്യത്തില്‍ നിയന്ത്രണമില്ലന്നതാണ് യാഥാര്‍ഥ്യം.
പക്ഷെ പാനി പുരി, വഡാ പാവ് പോലെയുള്ള ജങ്ക് ഫുഡുകളില്‍ എനിക്കു വലിയ താല്‍പ്പര്യമില്ല. ഒരു സയമയത്തു ഞാന്‍ ഒരുപാട് ഭക്ഷണം കഴിക്കുകയും അതിനു ശേഷം ചെറിയൊരു മടക്കവുമുണ്ടായിരുന്നു. കുറച്ചു കാലം പരിശീലനം നടത്തിയില്ലെങ്കില്‍ ശരീരഭാരം വര്‍ധിക്കുന്നതും കാണാമായിരുന്നതായി പൃഥ്വി കൂട്ടിച്ചേര്‍ത്തു.
2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ഐസിസിയുടെ അണ്ടര്‍ ലോകകപ്പി്ല്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ കൂടിയാണ് പൃഥ്വി. ഈ ടീമിനെ പരിശീലിപ്പിച്ചതാവട്ടെ രാഹുല്‍ ദ്രാവിഡുമായിരുന്നു. അന്നു ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മന്‍ ഗില്‍ ഇപ്പോള്‍ സീനിയര്‍ ടീമിന്റെ നായകസ്ഥാനത്തു എത്തി നില്‍ക്കുമ്പോള്‍ പൃഥ്വി ദേശീയ ടീമിന്റെ ഏഴയലത്തു പോലും ഇപ്പോഴില്ലെന്നതാണ് കൗതുകകരമായ കാര്യം.