രാജസ്ഥാന്‍ റോയല്‍സുമായുള്ള 11 വര്‍ഷങ്ങള്‍ നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ സഞ്ജു സാംസണിനെ പ്രേരിപ്പിച്ചതിനു പിന്നിലെ കാരണം ഒടുവില്‍ പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ മെഗാ ലേലത്തിനുമുമ്പ് റോയല്‍സ് മാനേജ്‌മെന്റ് എടുത്ത ചില തീരുമാനങ്ങളില്‍ അദ്ദേഹത്തിനു അതൃപ്തിയും നിരാശയുമുണ്ടായിരുന്നു. അതിനു ശേഷമാണ് റോയല്‍സുമായുള്ള സഞ്ജുവിന്റെ ബന്ധത്തിലും വിള്ളല്‍ വീഴുന്നത്.
ടീമിലെ ഏറ്റവും പ്രധാനപ്പെട്ട നാലു കളിക്കാരെയാണ് മെഗാ ലേലത്തിനു മുമ്പ് റോയല്‍സ് കൈവിട്ടത്. ഇംഗ്ലണ്ട് സൂപ്പര്‍താരവും മുന്‍ ക്യാപ്റ്റനുമായ ജോസ് ബട്‌ലര്‍, ഇന്ത്യയുടെ സൂപ്പര്‍ സ്പിന്‍ ജോടികളായ യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍, ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് എന്നിവരാണിത്. ഇവരില്‍ ബട്‌ലറെ കൈവിട്ടതാണ് ഇപ്പോള്‍ സഞ്ജു ടീം വിടാനുള്ള പ്രധാന കാരണമെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍
സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നിരവധി കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടിലുള്ളത്. അതില്‍ പ്രധാനപ്പെട്ടത് താന്‍ ജ്യേഷ്ഠനെപ്പോലെ ബഹുമാനത്തോടെ കണ്ടിരുന്ന ജോസ് ബട്‌ലറെ നിലനിര്‍ത്താതെ ടീമില്‍ നിന്നുമൊഴിവാക്കിയതാണ്. കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പാണ് ബട്‌ലറെ റോയല്‍സ് കൈവിട്ടത്.
ടീം മാനേജ്‌മെന്റിന്റെ ഈ നീക്കം വലിയ സര്‍പ്രൈസ് തന്നെയായിരുന്നു. ദീര്‍ഘകാലമായി തങ്ങള്‍ക്കൊപ്പമുള്ള, ടീമിന്റെ ബാറ്റിങ് നെടുംതൂണ്‍ കൂടിയായ ബട്‌ലറെ അദ്ദേഹം ഉറപ്പായും റോയല്‍സില്‍ തുടരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ അതുണ്ടായില്ല. ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തില്‍ സഞ്ജുവിനു വലിയ അമര്‍ഷവും നിരാശയുമുണ്ടായിരുന്നുവെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടിലുള്ളത്.
ആറു കളിക്കാരെയാണ് മെഗാ ലേലത്തിനു മുമ്പ് നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ക്കു അനുവാദമുണ്ടായിരുന്നത്. 18 കോടി വീതം നല്‍കി സഞ്ജുവിനെയും യശസ്വി ജയ്‌സ്വാളിനെയും നിലനിര്‍ത്തിയ റോയല്‍സ് റിയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറേല്‍ (14 കോടി), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി) എന്നിവരെയും കൈവിട്ടില്ല.
നിയമപ്രകാരം അനുവദിക്കപ്പെട്ട ആറു കളിക്കാരെയും നിലനിര്‍ത്തിയതിനാല്‍ പിന്നീട് മെഗാ ലേലത്തില്‍ ആര്‍ടിഎം കാര്‍ഡ് ഉപയോഗിച്ച് ബട്‌ലറെ തിരികെ വാങ്ങാനും റോയല്‍സിനായില്ല. ഇതോടെ ലേലത്തില്‍ അദ്ദേഹത്തെ 15.75 കോടി രൂപയ്ക്കു ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കുകയും ചെയ്തു. തകര്‍പ്പന്‍ പ്രകടനത്തിലൂടെ തന്നെ പുറത്താക്കിയ റോയല്‍സിനു ഉഗ്രന്‍ മറുപടിയാണ് പിന്നീട് ബട്‌ലര്‍ നല്‍കിയത്.

നിരാശ തുറന്നു പറഞ്ഞു
ജോസ് ബട്‌ലറെ രാജസ്ഥാന്‍ റോയല്‍സില്‍ നിലനിര്‍ത്താന്‍ കഴിയാതെ പോയതിന്റെ നിരാശ പിന്നീട് സഞ്ജു സാംസണ്‍ പല അഭിമുഖങ്ങളിലും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ജോസ് ബട്‌ലര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ ഏഴു വര്‍ഷം രാജസ്ഥാന്‍ റോയല്‍സില്‍ ഒരുമിച്ചു കളിച്ചു. ഈ സമയത്തു ഞങ്ങളുടെ ബാറ്റിങ് കൂട്ടുകെട്ട് സമയം വളരെ ദൈര്‍ഘ്യമേറിയതായിരുന്നു. ഇതു കാരണം ഞങ്ങള്‍ക്കു പരസ്പരം വളരെ നന്നായി അടുത്തറിയാന്‍ സാധിക്കുകയും ചെയ്തു.
ബട്‌ലര്‍ എനിക്കു ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയായിരുന്നു. എനിക്കു എന്തെങ്കിലും സംശയങ്ങള്‍ വരുമ്പോള്‍ അദ്ദേഹത്തോടാണ് സംസാരിക്കാറുള്ളത്. 2021ല്‍ ഞാന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റമായപ്പോള്‍ അദ്ദേഹം വൈസ് ക്യാപ്റ്റനായിരുന്നു. മികച്ച ക്യാപ്റ്റനായി മാറാന്‍ ബട്‌ലര്‍ എന്നെ ഏറെ സഹായിക്കുകയും ചെയ്തതായും സഞ്ജു വെളിപ്പെടുത്തിയിരുന്നു.
ബട്‌ലറെ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ അനുവദിച്ചത് എന്നെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളിയുയര്‍ത്തിയ തീരുമാനങ്ങളിലൊന്നായിരുന്നു. ഐപിഎല്ലില്‍ ഒരു കാര്യം എനിക്കു മാറ്റാന്‍ സാധിക്കുകയാണെങ്കില്‍ ഓരോ മൂന്നു വര്‍ഷം കഴിയുന്തോറും കളിക്കാരെ റിലീസ് ചെയ്യുന്ന നിയമമാണ് മാറ്റുക.
ചില പോസിറ്റീവുകള്‍ അതിലുണ്ടെങ്കിലും വ്യക്തിപരമായി നോക്കിയാല്‍ വര്‍ഷങ്ങളായി നിങ്ങള്‍ കെട്ടിപ്പടുത്ത ബന്ധമാണ് അതിലൂടെ നഷ്ടമാവുന്നത്. ബട്‌ലര്‍ ഈ കുടുംബത്തിന്റെ ഭാഗമായിരുന്നു. കൂടുതലായി ഇനി താന്‍ എന്തു പറയാനാണെന്നും സഞ്ജു ചോദിച്ചിരുന്നു. 2018 മുതല്‍ 2024 വരെ റോയല്‍സിന്റെ കുപ്പായമണിഞ്ഞ ശേഷമാണ് ബട്‌ലറുടെ പടിയിറങ്ങി. നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു.