ഐപിഎല്ലിന്റെ 19ാം സീസണിനെ കുറിച്ച് ചില വമ്പന്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഫിനിഷറും വിക്കറ്റ് കീപ്പറുമായ ജിതേഷ് ശര്‍മ. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയെയും വിക്കറ്റ് വേട്ടയില്‍ പര്‍പ്പിള്‍ ക്യാപ്പ് ആര്‍ക്കായിരിക്കുമെന്ന് എല്ലാം അദ്ദേഹം പ്രവചിച്ചിരിക്കുകയാണ്.
കൂടാതെ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്താനിടയുള്ള നാലു ടീമുകളയും ജിതേഷ് പ്രവചിച്ചു കഴിഞ്ഞു.
കഴിഞ്ഞ സീസണില്‍ രജത് പാട്ടിധാര്‍ നയിച്ച ആര്‍സിബി ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. ഫിനിഷര്‍ റോളില്‍ ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകളും ജിതേഷ് കാഴ്ചവയ്ക്കുകയും ചെയ്തു. അന്നു നിര്‍ത്തിയ ഇടത്തു നിന്നു തന്നെ ഇത്തവണ തുടങ്ങാനായിരിക്കും ജിതേഷിന്റെയും ആര്‍സിബിയുടെയും ലക്ഷ്യം.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂവിലെ ടീംഗവും ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും റണ്‍മെഷീനുമായ വിരാട് കോലിലെയെയാണ് ഇത്തവണ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായി ജിതേഷ് ശര്‍മ പ്രവചിച്ചത്. പ്രശസ്ത യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബഡിയയുടെ പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയപ്പോഴാണ് പുതിയ ഐപിഎല്‍ സീസണിനെ കുറിച്ച് ചില പ്രവചനങ്ങള്‍ നടത്താന്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടത്.

ഏറ്റവുമധികം റണ്‍സടിച്ച് ഓറഞ്ച് ക്യാപ്പ് ആരാവു കൈക്കലാക്കുമെന്നു പ്രവചിക്കാന്‍ ജിതേഷിനു അധികസമയം വേണ്ടിവന്നില്ല. ഇന്ത്യക്കു വേണ്ടി അവസാനമായി കൡച്ച ഏകദിന പരമ്പരകളില്‍ സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ കോലി ഗംഭീര ഫോമിലായിരുന്നു.
ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പവും അദ്ദേഹം ഈ ഫോം ആവര്‍ത്തിക്കുമെന്ന ഉറച്ച വിശ്വാസമാണ് ജിതേഷിനുള്ളത്. നിലവിലെ കോലിയുടെ ഫോം പരിഗണിക്കുമ്പോള്‍ 973 റണ്‍സെന്ന ഒരു സീസണിലെ ഓള്‍ടൈം റെക്കോര്‍ഡ് പോലും ഈ ഐപിഎല്ലില്‍ കോലി തകര്‍ത്തേക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
അതേസമയം, ഏറ്റവമധികം വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയായി മാറുന്ന ബൗളര്‍ ഇന്ത്യയുടെ മിസ്റ്ററി സ്പിന്നറും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരവുമായ വരുണ്‍ ചക്രവര്‍ത്തിയാവുമെന്നാണ് ജിതേഷിന്റെ പ്രവചനം.

ഈ ഫോര്‍മാറ്റില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബൗളറായ വരുണ്‍ കെകെആറിന്റെ തുറുപ്പുചീട്ടുമാണ്. ഫ്രാഞ്ചൈസിക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍മാരുടെ നിരയിലും അദ്ദേഹമുണ്ട്.

പക്ഷെ സമാപിച്ച ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി വരുണിന്റെ പ്രകടനം മോശമായിരുന്നു. പ്രത്യേകിച്ചും സൂപ്പര്‍ എട്ട് മുതല്‍റ ഫൈനല്‍ വരെ ബൗളിങ് നിരയിലെ ഏറ്റവും വലിയ ചെണ്ടയായും അദ്ദേഹം മാറി.
ലോകകപ്പിലെ ഈ തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്താനുള്ള അവസരമാണ് വരുണിനു ലഭിച്ചിരിക്കുന്നത്. ഇതിനു അദ്ദേഹത്തിന് സാധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനവും വൈകാതെ നഷ്ടമായേക്കും.
ഈ ഐപിഎല്‍ സീസണില്‍ പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ കളിക്കുന്ന ടീമുകള്‍ ആരൊക്കെയായിരിക്കുമെന്നും ജിതേഷ് ശര്‍മ പ്രവചിച്ചിരിക്കുകയാണ്. അഞ്ചു തവണ ജേതാക്കളായ റുതുരാജ് ഗെയ്ക്വാദിന്റെ ചെന്നൈ സൂര്‍ കിങ്‌സ് ഇക്കൂട്ടത്തില്‍ ഇല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
പ്ലേഓഫിലെത്തുന്ന ആദ്യ ടീമായി ജിതേഷ് തിരഞ്ഞെടുത്തത് സ്വന്തം ഫ്രാഞ്ചൈസിയും നിലവിലെ ജേതാക്കളുമായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തന്നെയാണ്. അതിനു ശേഷം ജിതേഷ് തിരഞ്ഞെടുത്ത മറ്റൊരു ടീം കഴിഞ്ഞ തവണത്തെ റണ്ണറപ്പും തന്റെ മുന്‍ ഫ്രാഞ്ചൈസിയുമായ പഞ്ചാബ് കിങ്‌സിനെയാണ്.
അഞ്ചു തവണ കിരീടമുയര്‍ത്തിയ ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സാണ് അദ്ദേഹത്തിന്റെ പ്രവചനത്തിലെ മൂന്നാമത്തെ ടീം. കഴിഞ്ഞ എഡിഷനിലും അവര്‍ പ്ലേഓഫിലുണ്ടായിരുന്നു. പ്രവചനത്തിലെ നാലാമത്തെയും അവസാനത്തെയും ടീം മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ്.