മുംബൈ: സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ കിടിലന്‍ സെഞ്ച്വറി കുറിച്ച ക്വിന്റണ്‍ ഡികോക്കിനും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍സിന്റെ കഷ്ടകാലം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായ നാലാം പരാജയത്തിലേക്കു മൂക്കുംകുത്തി വീണിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാര്‍. ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സ് ഏഴു വിക്കറ്റിനാണ് മുംബൈയെ വാംഖഡെയില്‍ വാരിക്കളഞ്ഞത്.
ഈ സീസണില്‍ തോല്‍വിയറിയാത്ത ഏക ടീമെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിച്ച പഞ്ചാബ് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കും കയറി. 196 റണ്‍സിന്റെ ലക്ഷ്യമാണ് പഞ്ചാബിനു മുംബൈ നല്‍കിയത്.
പക്ഷെ ബൗളിങ് നിര വീണ്ടും ദുരന്തമായപ്പോള്‍ അവര്‍ മറ്റൊരു തോല്‍വിയിലേക്കും വീണു. വെറും 16.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടത്തിലാണ് പഞ്ചാബ് ജയത്തിലേക്കു കുതിച്ചെത്തിയത്.

പ്രഭ്‌സിമ്രന്‍ സിങിന്റെയും (80*) ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ശ്രേസിന്റെയും (66) ഇന്നിങ്‌സുകളാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്. വെറും39 ബോളില്‍ 11 ഫോറും രണ്ടു സിക്‌സറുമടങ്ങുന്നതാണ് പ്രഭ്‌സിമ്രന്റെ ഇന്നിങ്‌സ്. ശ്രേയസാവട്ടെ 35 ബോളിലാണ് അഞ്ചു ഫോറും നാലു സിക്‌സുമടക്കം 66 റണ്‍സ് അടിച്ചെടുത്തത്.
പ്രിയാന്‍ഷ് ആര്യ (15), കൂപ്പര്‍ കോണ്‍ലി (17) എന്നിവരെ അഞ്ചോവറിനിടെ മടക്കിയപ്പോള്‍ പഞ്ചാബ് രണ്ടിനു 45 റണ്‍സെന്ന നിലയിലായിരുന്നു. പക്ഷെ മൂന്നാം വിക്കറ്റില്‍ പ്രഭ്‌സിമ്രന്‍- ശ്രേയസ് സഖ്യം 66 ബോളില്‍ 139 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ മല്‍സരവും മുംബൈയില്‍ നിന്നും വഴുതിപ്പോയി.
പരിക്കേറ്റ രോഹിത് ശര്‍മയ്ക്കു പകരം പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണ ക്വി്ന്റണ്‍ ഡികോക്കിന്റെ (112) ഗംഭീര സെഞ്ച്വറിയിലേറിയാണ് മുംബൈ ഇന്ത്യന്‍സ് ആറു വിക്കറ്റിനു 196 റണ്‍സിലെത്തിയത്. 60 ബോളുകള്‍ നേരിട്ട അദ്ദേഹം എട്ടു ഫോറും ഏഴു കൂറ്റന്‍ സിക്‌സറുമടിച്ചു.
നാലാം നമ്പറിലേക്കു ബാറ്റിങില്‍ പ്രൊമോഷന്‍ ലഭിച്ച നമാന്‍ ധിറാണ് (50) മുംബൈയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. മറ്റാരും 15 റണ്‍സ് പോലും തികച്ചില്ല. ഒരു ഘട്ടത്തില്‍ മുംബൈ രണ്ടു വിക്കറ്റിനു 12 റണ്‍സന് നിലയില്‍ പതറിയിരുന്നു.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡികോക്ക്- ധിര്‍ ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റി. 68 ബോളില്‍ 122 റണ്‍സാണ് ഇരുവരും ടീം സ്‌കോറിലേക്കു ചേര്‍ത്തത്. ഇവര്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ മുംബൈ 220-230 റണ്‍സെങ്കിലും നേടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

എന്നാല്‍ അവസാന ഓവറുകളില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ പഞ്ചാബ് അവരെ 196ല്‍ പിടിച്ചുകെട്ടുകയും ചെയ്തു. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളെടുത്തു.
വാംഖഡെയില്‍ ടോസിനു ശേഷം പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് ബൗളിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ കളിയിലെ അതേ ടീമിനെ തന്നെ പഞ്ചാബ് നിലനിര്‍ത്തി. എന്നാല്‍ മുംബൈ ടീമില്‍ വലിയ മാറ്റങ്ങളുണ്ടായിരുന്നു.
പരിക്കേറ്റ മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു മുംബൈ വിശ്രമം നല്‍കി. പകരം ക്വിന്റണ്‍ ഡികോക്കാണ് ഓപ്പണിങിലെത്തിയത്. മിച്ചെല്‍ സാന്റ്്‌നര്‍ക്കു പകരം പുതുമുഖമായ മായങ്ക് റാവത്തും ടീമിലേക്കു വന്നു. ട്രെന്റ് ബോള്‍ട്ടിനു പകരം അല്ലാ ഗസന്‍ഫറിനെയും കളിപ്പിക്കുകയായിരുന്നു.
പ്ലെയിങ് 11
മുംബൈ ഇന്ത്യന്‍സ്- റയാന്‍ റിക്കെല്‍റ്റണ്‍, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഷെര്‍ഫയ്ന്‍ റൂഥര്‍ഫോര്‍ഡ്, നമാന്‍ ധിര്‍, ഷര്‍ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, മായങ്ക് റാവത്ത്.
പഞ്ചാബ് കിങ്‌സ്- പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോണ്‍ലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, മാര്‍ക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിംഗ്, മാര്‍ക്കോ യാന്‍സണ്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, വിജയ്കുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍.