Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതിയ ഓപ്പണിങ് ജോടി!! ഒപ്പം ഇവരും, അടുത്ത മാച്ചില്‍ ഈ മാറ്റം വരുത്തൂ, സിഎസ്‌കെ സൂപ്പറാവും

ചെന്നൈ: 19ാം ഐപിഎല്‍ സീസണ്‍ വന്‍ ഷോക്കുമായാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങിയിരിക്കുന്നത്. പ്രഥമ സീസണിലെ വിജയികളായ രാജസ്ഥാന്‍ റോയല്‍സിനോടു എട്ടു വിക്കറ്റിനാണ് റുതുരാജ് ഗെയ്ക്വാദും സംഘവും കീഴടങ്ങിയത്. ഈ പരാജയം അക്ഷരാര്‍ഥത്തില്‍ സിഎസ്‌കെയുടെ കണ്ണു തുറപ്പിക്കുന്നതാണ്.

ചില മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ കഴിഞ്ഞ തവണ പത്താം സ്ഥാനത്തേക്കു വീണതു പോലെ വലിയൊരു ദുരന്തമാണ് അവരെ കാത്തിരിക്കുന്നത്. വെള്ളിയാഴ്ച ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ കരുത്തരായ പഞ്ചാബ് കിങ്‌സുമായാണ് സിഎസ്‌കെയുടെ അടുത്ത മല്‍സരം.

SANJU RUTURAJ

ഏറ്റവും മികച്ച ലൈനപ്പിനെ തന്നെ ഈ കളിയില്‍ അവര്‍ അണിനിരത്തിയേ തീരൂ. എങ്കില്‍ മാത്രമേ പഞ്ചാബിനെ മറികടന്ന് സീസണിലെ ആദ്യ വിജയം കൊയ്യാന്‍ സിഎസ്‌കെയുടെ മഞ്ഞപ്പടയ്ക്കു സാധിക്കുകയൂള്ളൂ. ടീം കോമ്പിനേഷനില്‍ അവര്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഓപ്പണിങില്‍ മാറ്റം

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും താനുമായിരിക്കും ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ജോടികളെന്നു ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് നേരത്തേ തന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്. രാജസ്ഥാന്‍ റോയല്‍സുമായുള്ള ആദ്യ കളിയില്‍ ഈ കോമ്പിനേഷന്‍ അവര്‍ പരീക്ഷിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.

ആറു റണ്‍സ് വീതമാണ് സഞ്ജുവിനും റുതുരാജിനും നേടാനായത്. മൂന്നാം നമ്പറിലേക്കു മാറ്റപ്പെട്ട യുവതാരം ആയുഷ് മാത്രെ ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു. ഈ ടോപ്പ് ത്രീയില്‍ സിഎസ്‌കെ അഴിച്ചുപണി നടത്തിയേ തീരൂ. ഓപ്പണിങ് ദൗത്യം സഞ്ജു- മാത്രെ സഖ്യത്തെ ഏല്‍പ്പിച്ച ശേഷം റൂതു മൂന്നിലേക്കു മാറണം.

കാരണം ഓപ്പണര്‍മാരെ തുടക്കത്തില്‍ നഷ്ടമായാല്‍ ആങ്കര്‍ റോള്‍ ഏറ്റെടുത്ത് അവസാനം വരെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരാള്‍ വേണം. ഈ റോള്‍ റുതുവില്‍ ഭദ്രമാണ്. പകരം അദ്ദേഹം ഓപ്പണറായി കളിച്ച് പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാന്‍ ശ്രമിച്ച് പുറത്തായാല്‍ ബാറ്റിങ് നിരയുടെ താളം തെറ്റും.

റോയല്‍സിനെതിരേ കണ്ടതും ഇതാണ്. പവര്‍പ്ലേ മുതലാക്കാനാണ് റുതുരാജ് തനിക്കു അ്ത്ര ചേരാത്ത ഓവര്‍ അഗ്രഷന്‍ കാണിച്ചത്. ഫലമാവട്ടെ ക്ലീന്‍ ബൗള്‍ഡാവുകയും ചെയ്തു. അദ്ദേഹത്തേക്കാള്‍ ഓപ്പണിങ് റോള്‍ യോജിക്കുന്നത് സഞ്ജുവിനും മാത്രെയ്ക്കുമാണ്, അതിവേഗം സ്‌കോര്‍ ചെയ്ത് പവര്‍പ്ലേ മുതലാക്കാനും ഇവര്‍ക്കാവും.

ഓപ്പണിങ് ജോടി നല്ലൊരു തുടക്കം നല്‍കിയാല്‍ മധ്യ ഓവറുകളില്‍ ഇന്നിങ്‌സിനു സ്ഥിരത നല്‍കി വലിയൊരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സിഎസ്‌കെയ്ക്കു സാധിക്കും. അതിനാല്‍ സഞ്ജു, മാത്രെ, റുതുരാജ് ടോപ്പ് ത്രീ തന്നെയാണ് ഇനി മുന്നോട്ടുള്ള മല്‍സരങ്ങളില്‍ സിഎസ്‌കെയ്ക്കു ബെസ്‌റ്റെന്നു പറയാം.

മധ്യനിര, ബൗളിങ്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മധ്യനിരയിലും മാറ്റങ്ങള്‍ അനിവാര്യമാണ്. നാലാം നമ്പറില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാത്യു ഷോര്‍ട്ടിനെ പിന്‍വലിച്ച് സര്‍ഫറാസ് ഖാനെ കളിപ്പിക്കണം. കഴിഞ്ഞ കളിയില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോഴാണ് ഇംപാക് സബായി അദ്ദേഹത്തെ പരീക്ഷിച്ചത്. പക്ഷെ സബായി കളിക്കേണ്ടയാളല്ല സര്‍ഫറാസ്. നിലവിലെ ഫോമില്‍ അദ്ദേഹം ഉറപ്പായും ഇലവനില്‍ വേണം.

പരിക്കുകാരണം ഡെവാള്‍ഡ് ബ്രെവിസ് അടുത്ത മല്‍സരവും കളിച്ചേക്കില്ല. അങ്ങനെയെങ്കില്‍ ശിവം ദുബെയാണ് അഞ്ചില്‍ കളിക്കേണ്ടത്. അതില്‍ താഴെ അദ്ദേഹത്തെ കളിപ്പിക്കാതിരിക്കുന്നതായിരിക്കും നല്ലത്.

ആറാമനായി യുവതാരം കാര്‍ത്തിക് ശര്‍മ തന്നെ തുടരണം. കഴിഞ്ഞ കളിയിലൂടെ അരങ്ങേറിയ അദ്ദേഹം മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തേണ്ടയാളാണ് കാര്‍ത്തിക്.

ഏഴാമനായി പുതുമുഖ ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറിനെ പരീക്ഷിക്കാന്‍ സിഎസ്‌കെ തയ്യാറാവണം. ഫിനിഷിങില്‍ തിളങ്ങുന്നതിനൊപ്പം പാര്‍ട്ട്‌ടൈം ബൗളറായും അദ്ദേഹം ടീമിനു മുതല്‍ക്കൂട്ടാവും.

എട്ടില്‍ ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജാമി ഒവേര്‍ട്ടനെ സിഎസ്‌കെ നിലനിര്‍ത്തണം. മോശം ഫോമിലുള്ള അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദിനു ബ്രേക്ക് നല്‍കി പകരം വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ അക്കീല്‍ ഹൊസെയ്‌നാണ് ടീമില്‍ വേണ്ടയാള്‍. പേസ് വിഭാഗത്തില്‍ മാറ്റ് ഹെന്‍ട്രിയും ഖലീല്‍ അഹമ്മദുമുണ്ടാവും.

ചെന്നൈയുടെ ബെസ്റ്റ് 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് മാത്രെ, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍, ജാമി ഒവേര്‍ട്ടന്‍, അക്കീല്‍ ഹൊസെയ്ന്‍, മാറ്റ് ഹെന്‍ട്രി, ഖലീല്‍ അഹമ്മദ്.
ഇംപാക്ട് പ്ലെയര്‍- രാഹുല്‍ ചാഹര്‍.

Story first published: Tuesday, March 31, 2026, 20:07 [IST]
Other articles published on Mar 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+