ലഖ്നൗ: രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയം കൊയ്തിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെ അവരുടെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ ഏഴു വിക്കറ്റിനാണ് ജിടി തകര്‍ത്തുവിട്ടത്.
ഉജ്ജ്വല ബൗളിങിലൂടെ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിനെ 164 റണ്‍സില്‍ ഒതുക്കിയപ്പോള്‍ തന്നെ ജിടി വിജയമുറപ്പിച്ചിരുന്നു. റണ്‍ചേസില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (56) മുന്നില്‍ നിന്നും പട നയിക്കുകയും ജോസ് ബട്‌ലര്‍ (60) മികച്ച പിന്തുണയും നല്‍കിയതോടെ ജിടി അനായാസം വിജയത്തിലെത്തി. 18.4 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ജിടി വിജയ റണ്‍സ് കുറിക്കുകയായിരുന്നു.

40 ബോളില്‍ ആറു ഫോറും ഒരു സിക്‌സുമുള്‍പ്പെട്ടതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ബട്‌ലറാവട്ടെ 37 ബോളില്‍ 11 ഫോറുമടിച്ചു. സായ് സുദര്‍ശന്‍ (15) ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായങ്കിലും രണ്ടാം വിക്കറ്റില്‍ ഗില്‍- ബട്‌ലര്‍ ജോടി 84 റണ്‍സിന്റെ കൂട്ടുകെട്ടുമായി ജിടിയുടെ വിജയത്തിനു അടിത്തറയിട്ടു. 58 ബോളുകളിലാണിത്.
മല്‍സരം എല്‍എസ്ജിയില്‍ നിന്നും വഴുതിപ്പോയതും ഇതോടെയാണ്. ടീം സ്‌കോര്‍ 129ല്‍ വച്ച് ഗില്‍ പുറത്താവുമ്പോഴേക്കും ജിടി വിജയമുറപ്പാക്കിയിരുന്നു. ഗില്ലും ബട്‌ലറും അടുത്തടുത്ത ഇടവേളയില്‍ പുറത്തായെങ്കിലും വാഷിങ്ടണ്‍ സുന്ദര്‍ (21*), രാഹുല്‍ തെവാട്ടിയ (10*) എന്നിവര്‍ ചേര്‍ന്ന് ജിടിയുടെ വിജയം പൂര്‍ത്തിയാക്കുകും ചെയ്തു.
സ്വന്തം കാണിതള്‍ക്കു മുന്നില്‍ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എട്ടു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 164 റണ്‍സെന്ന ടോട്ടലിലെത്തിയത്. ബാറ്റിങില്‍ തുടക്കം മുതല്‍ അവര്‍ക്കു പാളിയ മല്‍സരമാണിത്. മികച്ച കൂട്ടുകെട്ടുകളൊന്നും ലഖ്‌നൗ ഇന്നിങ്‌സിലുണ്ടായില്ല. മാത്രമല്ല കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളും വീണു കൊണ്ടിരുന്നു.
എല്‍എസ്ജി നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാന്‍ കഴിഞ്ഞില്ല. 30ന് മുകളില്‍ ആരും നേടിയില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. 30 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമാണ് ടോപ്‌സ്‌കോറര്‍. മാറ്റാരെയും 20 തികയ്ക്കാന്‍ ജിടി ബൗളര്‍മാര്‍ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു.

നാലോവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ പിഴുത പ്രസിദ്ധ് കൃഷ്ണയാണ് എല്‍എസ്ജി ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. അശോക് ശര്‍മ രണ്ടു വിക്കറ്റുകളുമായി മികച്ച പിന്തുണയും നല്‍കി.
ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ ടോസിനു ശേഷം ജിടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മല്‍സരത്തിലെ അതേ ടീമിനെ തന്നെ ജിടി ഈ കളിയിലും നിലനിര്‍ത്തി. ഡിസിയും ഇതു തന്നെയാണ് ചെയ്തത്.
ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള സീസണിലെ ആദ്യ മല്‍സരം തോറ്റു കൊണ്ടായിരുന്നു ലഖ്‌നൗവിന്റെ തുടക്കം. ആറു വിക്കറ്റിന്റ വലിയ പരാജയമാണ് അവര്‍ക്കു നേരിട്ടത്. എന്നാല്‍ തുടര്‍ന്നുള്ള രണ്ടു കളിയും ജയിച്ച് എല്‍എസ്ജി ശക്തമായ തിരിച്ചുവരവ് നടത്തി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചു വിക്കറ്റിനാണ് അവര്‍ തുരത്തിയത്. മൂന്നാം റൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് എല്‍എസ്ജ നേടിയത്. തോലിയുടെ വക്കില്‍ നനിന്നും മുകുള്‍ ചൗധരിയുടെ (27 ബോളില്‍ 54*) അവിശ്വസനീയ ഇന്നിങ്‌സ് അവര്‍ക്കു നാടകീയ ജയം സമ്മാനിച്ചു.
അതേസമയം, രണ്ടു തുടര്‍ പരാജയങ്ങളുമായാണ് ജിടി ഈ സീസണാരംഭിച്ചത്. ആദ്യ മാച്ചില്‍ പഞ്ചാബ് കിങ്‌സിനോടു മൂന്നു വിക്കറ്റിനു കീഴടങ്ങിയ അവര്‍ രണ്ടാം റൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനോടു വെറും ആറു റണ്‍സിനും പൊരുതിവീണു. ഒടുവില്‍ മൂന്നാം റൗണ്ടില്‍ ഭാഗ്യം ജിടിയെ തേടിയെത്തി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ വെറും ഒരു റണ്ണിനായിരുന്നു ജിടിയുടെ ത്രസിപ്പിക്കുന്ന ജയം.
പ്ലെയിങ് ഇലവന്‍
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- മിച്ചെല്‍ മാര്‍ഷ്, ഐഡന്‍ മര്‍ക്രം, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) ആയുഷ് ബഡോണി, നിക്കോളാസ് പൂരന്‍, അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി, മുഹമ്മദ് ഷമി, ആവേശ് ഖാന്‍, ദിഗ്വേഷ് സിംഗ് റാത്തി, പ്രിന്‍സ് യാദവ്.
ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്സ്, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, അശോക് ശര്‍മ, പ്രസിദ്ധ് കൃഷ്ണ.