Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മാര്‍ഷ് ഷോയില്‍ സൂപ്പര്‍ എല്‍എസ്ജി!! മധുര പ്രതികാരം; ചെന്നൈയുടെ പ്ലേഓഫ് സ്വാഹ?

ലഖ്‌നൗ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ച് ഐപിഎല്ലിലെ 59ാം മാച്ചില്‍ ലഖ്‌നൗ സൂപ്പല്‍ ജയന്റ്‌സിനു തകര്‍പ്പന്‍ ജയം. ദിവസങ്ങള്‍ക്കു മുമ്പ് ചെപ്പോക്കിലേറ്റ തോല്‍വിക്കു ഹോംഗ്രൗണ്ടില്‍ എല്‍എസ്ജി കണക്കുതീര്‍ക്കുകയായിരുന്നു.

ഏഴു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് സിഎസ്‌കെയ്ക്കു മേല്‍ റിഷഭ് പന്തും സംഘവും ആഘോഷിച്ചത്. ഹാട്രിക് ജയങ്ങള്‍ക്കു ശേഷം ചെന്നൈക്കു നേരിട്ട ആദ്യ പരാജയം കൂടിയാണിത്. ഈ തോല്‍വിയോടെ അഞ്ചാം സ്ഥാനത്തു നിന്നും സിഎസ്‌കെ ആറിലേക്കും വീണു.

ഇനിയുള്ള രണ്ടു കളികള്‍ അവര്‍ക്കു ഡുഓര്‍ ഡൈ ആയി മാറിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരുമായുള്ള അടുത്ത രണ്ടു മാച്ചും ജയിച്ചാല്‍ മാത്രമേ അവര്‍ക്കു പ്ലേഓഫ് സാധ്യതയുള്ളൂ. അതോടൊപ്പം മറ്റു മല്‍സരഫലങ്ങള്‍ അനുകൂലമാവുകയും വേണം.

MITCHELL MARSH

പേസും ബൗണ്‍സുമുള്ള എകാന സ്റ്റേഡിയത്തിലെ പിച്ചില്‍ 188 റണ്‍സിന്റെ വിജയലക്ഷ്യമാണ് എല്‍എസ്ജിക്കു ചെന്നൈ നല്‍കിയത്. ഈ ടോട്ടല്‍ അവര്‍ക്കു വെല്ലുവിളിയാവുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

പക്ഷെ ഓപ്പണര്‍ മിച്ചെല്‍ മാര്‍ഷ് (38 ബോളില്‍ 90) കൊടുങ്കാറ്റായപ്പോള്‍ വെറും 16.4 ഓവറില്‍ മൂന്നു എല്‍എസ്ജി വിജയത്തിലേക്കു കുതിച്ചെത്തി. ഒമ്പതു ഫോറുകളും ഏഴു സിക്‌സും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ജോഷ് ഇംഗ്ലിസ് (36), നിക്കോളാസ് പൂരന്‍ (17 ബോളില്‍ 32*) എന്നിവരുടെ സ്‌കോറുകളും എല്‍എസ്ജിയുടെ ചേസ് എളുപ്പമാക്കി. ആദ്യ വിക്കറ്റില്‍ മാര്‍ഷ്- ഇംഗ്ലിസ് ജോടി വെറും 11.4 ഓവറില്‍ 135 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ സിഎസ്‌കെയില്‍ നിന്നും കളി വഴുതിപ്പോയിരുന്നു. എത്ര ഓവറില്‍ എല്‍എസ്ജി ജയിക്കുമെന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ.

കരകയറ്റി കാര്‍ത്തിക്

ടോസിനു ശേഷം ബാറ്റിങനു അയക്കപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 187 റണ്‍സെന്ന ടോട്ടലിലെത്തിയത്. മുന്‍നിര ഫ്‌ളോപ്പായെങ്കിലും കാര്‍ത്തിക് ശര്‍മയുടെ (71) കിടിലന്‍ ഇന്നിങ്‌സ് സിഎസ്‌കെയുടെ രക്ഷയ്‌ക്കെത്തി. വെറും 42 ബോളില്‍ ആറു ഫോറുകളും അഞ്ചു സിക്‌സുമുള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

ശിവെ ദുബെ (16 ബോളില്‍ 32*) ഫിനിഷിളില്‍ തിളങ്ങിയപ്പോള്‍ ഡെവാള്‍ഡ് ബ്രെവിസ് (25), സഞ്ജു സാംസണ്‍ (20) എന്നിവര്‍ ചെറിയ സംഭാവനകള്‍ നല്‍കി. പക്ഷെ കഴിഞ്ഞ മാച്ചിലെ വെടിക്കെട്ട് വീരന്‍ ഉര്‍വില്‍ പട്ടേല്‍ (6), ക്യാപ്റ്റന്‍ റുതിരാജ് ഗെയ്ക്വാദ് (13) എന്നിവര്‍ നിരാശപ്പെടുത്തി.

KARTIK SHARMA

എട്ട് ഓവറിവനുള്ളില്‍ മൂന്ന് മുന്‍നിര ബാറ്റര്‍മാരയെും നഷ്ടമായ സിഎസ്‌കെ മൂന്നിനു 52 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. തുടര്‍ന്നായിരുന്നു സിഎസ്‌കെയെ രക്ഷിച്ച കൂട്ടുകെട്ട്. കാര്‍ത്തിക്- ബ്രെവിസ് ജോടി 70 മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ സിഎസ്‌കെ കരകയറി. വെറും 44 ബോളിലാണിത്.

15ാം ഓവറില്‍ ബ്രെവിസ് മടങ്ങുമ്പോഴേക്കും സിഎസ്‌കെ 122 റണ്‍സിലെത്തിയിരുന്നു. സീസണിലെ ആദ്യ മല്‍സരം കളിച്ച പേസര്‍ ആകാശ് സിങാണ് മൂന്നു വിക്കറ്റുമായി സിഎസ്‌കെ മുന്‍നിരയെ തകര്‍ത്തത്.

ടോസിനു ശേഷം എല്‍എസ്ജി നായകന്‍ റിഷഭ് പന്ത് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു ടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങിയത്. പരിക്കേറ്റ് പിന്‍മാറിയ ജാമി ഒവേര്‍ട്ടനു പകരം ഓസ്‌ട്രേലിയന്‍ പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സന്‍ ഈ കളിയിലൂടെ അരങ്ങേറി. അക്കീല്‍ ഹൊസെയ്‌നു പകരം ഗുര്‍ജപ്‌നീത് സിങും കളിച്ചു. എല്‍എസ്ജിയിലും മാറ്റങ്ങളുണ്ടായിരുന്നു. അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി, ആകാശ് സിങ് തുടങ്ങിയവരാണ് ഇലവനിലെത്തിയത്.

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് സിഎസ്‌കെയും എല്‍എസ്ജിയും കൊമ്പുകോര്‍ത്തത്. ഈ മാസം 10ന് ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന മാച്ചില്‍ അഞ്ചു വിക്കറ്റിന്റെ ജയം കൊയ്യാന്‍ ചെന്നൈക്കായിരുന്നു. തുടക്കത്തില്‍ അല്‍പ്പം പതറിയെങ്കിലും ബൗളിങ് മികവില്‍ കളിയിലേക്കു തിരിച്ചുവന്നാണ് സിഎസ്‌കെ ജയിച്ചുകയറിയത്.

പ്ലെയിങ് ഇലവന്‍

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- മിച്ചെല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, ഐഡന്‍ മര്‍ക്രം, ഋഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മുകുള്‍ ചൗധരി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മുഹമ്മദ് ഷാമി, മായങ്ക് യാദവ്, ആകാശ് മഹാരാജ് സിംഗ്, പ്രിന്‍സ് യാദവ്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ്മ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീര്‍, അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മുകേഷ് ചൗധരി.

Story first published: Friday, May 15, 2026, 16:20 [IST]
Other articles published on May 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+