നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തമാക്കിയ ഐപിഎല്‍ ട്രോഫി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാവും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു അടുത്ത സീസണില്‍ ഇറങ്ങുക. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ മികവ് നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് ആര്‍സിബിയെ ഒരു കംപ്ലീറ്റ് ടീമാക്കി മാറ്റിയത്.
ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്തിക്കഴിഞ്ഞ ആര്‍സിബി അടുത്ത സീസണില്‍ അതില്‍ കാര്യമായ അഴിച്ചുപണികള്‍ക്കൊന്നും മുതിരാന്‍ സാധ്യതയില്ല. വളരെ ചെറിയ മാറ്റങ്ങള്‍ മാത്രമേ പുതിയ സീസണില്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഡിസംബറിലെ മിനി താരലേലത്തിനു മുമ്പ് ആര്‍സിബി ഒഴിവാക്കാനിടയുള്ള ചില കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ലിയാം ലിവിങ്‌സ്റ്റണ്‍
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ലിയാം ലിവിങ്‌സ്റ്റണാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഒഴിവാക്കാന്‍ സാധ്യതയുള്ള ഒരു താരം. കഴിഞ്ഞ സീസണില്‍ ആര്‍സിബി നിരയിലെ ഫ്‌ളോപ്പുകളിലൊരാളായിരുന്നു അദ്ദേഹം.
മെഗാ ലേലത്തില്‍ 8.75 കോടി രൂപയ്ക്കു ആര്‍സിബി ടീമിലെത്തിയ ലിവിങ്സ്റ്റണിനു യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായില്ല. 10 മല്‍സരങ്ങളില്‍ നിന്നു 16 എന്ന മോശം ശരാശരിയില്‍ 116 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ബാറ്റിങില്‍ മാത്രമല്ല, ബൗളിങിലും ലിവിങ്സ്റ്റണ്‍ യാതൊരു ചലനവുമുണ്ടാക്കിയില്ലെന്നു കാണാം.
അഞ്ചിന്നിങ്‌സുകളിലാണ് അദ്ദേഹത്തിനു ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചത്. നേടിയതാവട്ടെ വെറും രണ്ടു വിക്കറ്റുകള്‍ മാത്രം. അതിനാല്‍ ലേലത്തില്‍ ലിവിങ്സ്റ്റണിനെ റിലീസ് ചെയ്ത് ഒമ്പതു കോടിയോളം രൂപ പഴ്‌സിലേക്കു തിരികെ കൊണ്ടുവരാനായിരിക്കും ആര്‍സിബിയുടെ ശ്രമം.
ബ്ലെസിങ് മുസറബാനി
സിംബാബ്‌വെയില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ ബ്ലെസിങ് മുസറബാനിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു റിലീസ് ചെയ്യാനിടയുള്ള രണ്ടാമത്തെ താരം. ദേശീയ ടീമിന്റെ മല്‍സരങ്ങളുമായി ബന്ധപ്പെട്ട് പ്ലേഓഫിനു മുമ്പ് പിന്‍മാറിയ സൗത്താഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിക്കു പകരമാണ് മുസറബാനിയെ ആര്‍സിബി ടീമിലെത്തിച്ചത്. അടിസ്ഥാന വിലസയായ 75 ലക്ഷം രൂപയ്ക്കായിരുന്നു ഇത്.
പക്ഷെ സീസണില്‍ ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ മുസറബാനിക്കു അവസരം ലഭിച്ചില്ല. എന്‍ഗിഡിയുടെ പകരം താല്‍ക്കാലികമായി എത്തിയതിനാല്‍ തന്നെ അദ്ദേഹത്ത അടുത്ത സീസണില്‍ ആര്‍സിബിക്കു ആവശ്യം വരില്ല. അതുകൊണ്ടു തന്നെ മുസറബാനിയെ റിലീസ് ചെയ്യാനായിരിക്കും ഫ്രാഞ്ചൈസി ശ്രമിച്ചേക്കുക.

മായങ്ക് അഗര്‍വാള്‍
മുന്‍നിര ബാറ്ററും പഞ്ചാബ് കിങ്‌സിന്റെ മുന്‍ ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാളാണ് റോയല്‍ ചാലഞ്ചേ്‌സ് ബെംഗളൂരു കൈവിട്ടേക്കാവുന്ന മൂന്നാമത്തെയാള്‍. കഴിഞ്ഞ മെഗാ ലേലത്തില്‍ അദ്ദേഹത്തെ ആരു വാങ്ങിയിരുന്നില്ല. എന്നാല്‍ മറുനാടന്‍ മലയാളി താരം ദേവ്ദവത്ത് പടിക്കല്‍ പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ പകരക്കാരനായി മായങ്കിനെ ആര്‍സിബി കൊണ്ടു വരികയായിരുന്നു.
അഞ്ചു മല്‍സരങ്ങളില്‍ മായങ്കിനു കളിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. പക്ഷെ വെറും 95 റണ്‍സ് മാത്രമേ താരത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. അടുത്ത സീസണില്‍ ദേവ്ദത്ത് ആര്‍സിബി ടീമില്‍ മടങ്ങിയെത്തും. അപ്പോള്‍ മായങ്കിനു ആവശ്യവും വരില്ല. അദ്ദേഹത്തെ റിലീസ് ചെയ്യുന്നതിലൂടെ ഒരു കോടി പഴ്‌സിലേക്കു തിരികെയെത്തിക്കാനും ആര്‍സിബിക്കു സാധിക്കും.
ആര്‍സിബി സ്ക്വാഡ്
രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), വിരാട് കോലി, യാഷ് ദയാല്‍, ജോഷ് ഹേസല്‍വുഡ്, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ്മ, ലിയാം ലിവിംഗ്സ്റ്റണ്‍, റാസിഖ് ദാര്‍, സുയാഷ് ശര്‍മ, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, സ്വപ്നില്‍ സിംഗ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, നുവാന്‍ തുഷാര, മനോജ് ഭാണ്ഡഗെ, ജേക്കബ് ബെതെല്‍, ദേവ്ദത്ത് പടിക്കല്‍, സ്വാസ്തിക് ചിക്കാര, ലുംഗി എന്‍ഗിഡി, അഭിമന്യു സ്വിങ്, മോഹിത് റാട്ടി.