'കപിലും വിവ് റിച്ചാര്‍ഡ്‌സും മാറി നില്‍ക്കും... ഇനി ആരും വരാനും പോണില്ല'; വൈഭവിനെ പുകഴ്ത്തി ശ്രീകാന്ത്
ക്രിക്കറ്റ് ലോകത്തെ തന്റെ വിസ്‌ഫോടനാത്മകമായ ബാറ്റിംഗ് പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്നത് തുടരുകയാണ് 15 കാരനായ വൈഭവ് സൂര്യവംശി. ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കരനാണ് വൈഭവ് സൂര്യവംശി. വിരാട് കോലി, രോഹിത് ശര്‍മ്മ തുടങ്ങിയ മഹാരഥന്‍മാരും സഞ്ജു സാംസണ്‍, ഹെന്റിച്ച് ക്ലാസന്‍, ഇഷന്‍ കിഷന്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളും കളംവാഴുമ്പോഴാണ് വൈഭവിന്റെ മിന്നുന്ന പ്രകടനം.
ഇന്നലെ മുള്ളന്‍പൂരില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 47 റണ്‍സിന്റെ വിജയം സമ്മാനിച്ചതും വൈഭവായിരുന്നു. വൈഭവ് സൂര്യവംശി 29 പന്തില്‍ നിന്ന് 97 റണ്‍സ് ആണ് ഇന്നലെ അടിച്ചെടുത്തത്. ഇതോടെ യൂണിവേഴ്‌സല്‍ ബേബി ബോസ് എന്ന വിശേഷണവും താരത്തെ തേടിയെത്തി. വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍ ആണ് യൂണിവേഴ്‌സല്‍ ബോസ് എന്ന് അറിയപ്പെടുന്നത്.

ഇപ്പോഴിതാ മുന്‍താരവും ക്രിക്കറ്റ് വിദഗ്ധനുമായ ക്രിസ് ശ്രീകാന്ത് വൈഭവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ബാറ്റ്സ്മാന്‍ എന്ന ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡ് (59) ഇന്നലെയോടെ സൂര്യവംശി തകര്‍ത്തു. ബുധനാഴ്ച 12 സിക്സറുകള്‍ നേടിയതോടെ ടൂര്‍ണമെന്റില്‍ താരത്തിന്റെ സിക്സറുകളുടെ എണ്ണം 65 ആയി.
കരിയറിന്റെ തുടക്കത്തില്‍ തന്നെ ഗെയ്ലിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമായ നേട്ടമാണെന്ന് ശ്രീകാന്ത് പറഞ്ഞു. വിവ് റിച്ചാര്‍ഡ്സിനോ കപില്‍ ദേവിനോ പോലും ഇത്രയും സ്ഥിരതയോടെ ബൗളിംഗ് ആക്രമണങ്ങളെ തകര്‍ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇനി യൂണിവേഴ്സ് ബോസ് അല്ലെങ്കില്‍ ക്രിക്കറ്റിന്റെ ദൈവം എന്ന രീതിയില്‍ അദ്ദേഹത്തിന് എന്ത് പേര് നല്‍കാമെന്നതിനെക്കുറിച്ചാണ് ചര്‍ച്ച. ലോകം മുഴുവന്‍ അദ്ദേഹത്തെ പ്രശംസിക്കുന്നു. ഗെയ്ല്‍ തന്റെ കരിയറില്‍ ചെയ്തത്, ഈ കുട്ടി തന്റെ രണ്ടാം സീസണില്‍ അടിക്കുകയാണ്. ഈ കുട്ടി ചെയ്യുന്നതിനെ മറികടക്കാന്‍ ആര്‍ക്കും കഴിയില്ല. അവന്‍ വെറുതെ അടിച്ച് പറത്തുകയല്ല, വളരെ ബുദ്ധിപൂര്‍വ്വമായ ക്രിക്കറ്റ് കളിക്കുകയാണ്,' ശ്രീകാന്ത് പറഞ്ഞു.
'ഈ സീസണില്‍ തുടര്‍ച്ചയായ ഇന്നിംഗ്സുകളില്‍ അദ്ദേഹം പരാജയപ്പെട്ടിട്ടില്ല, 15 ഇന്നിംഗ്സുകളില്‍ 11ലും അദ്ദേഹം മികച്ച സ്‌കോര്‍ നേടിയിട്ടുണ്ട്. ആദ്യ മുഴുവന്‍ സീസണില്‍ തന്നെ അദ്ദേഹം ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിട്ടുണ്ട്. വിവ് റിച്ചാര്‍ഡ്സിനെയും കപില്‍ ദേവിനെയും പോലെ ആക്രമണങ്ങള്‍ തകര്‍ക്കുന്ന നിരവധി കളിക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെപ്പോലെ സ്ഫോടനാത്മകമായ ഒരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. വിവ് റിച്ചാര്‍ഡ്സും കപിലും പോലും ഇതുപോലെ സ്ഥിരമായി ആക്രമിച്ച് കളിച്ചിട്ടില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സീസണ്‍ അവസാനിക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കപ്പെടുന്നത് വൈഭവ് സൂര്യവംശി ആയിരിക്കും എന്നും ശ്രീകാന്ത് പറഞ്ഞു. 2016 ലെ ഐപിഎല്‍ വിരാട് കോലിയുടെ (973 റണ്‍സ്) ബാറ്റിംഗ് മികവിലൂടെ ഓര്‍മ്മിക്കപ്പെടുന്നത് പോലെ സൂര്യവംശിയുടെ ബാറ്റിംഗ് മികവിലൂടെ ഈ സീസണും ഓര്‍മ്മിക്കപ്പെടുമെന്ന് ശ്രീകാന്ത് പറഞ്ഞു. ഇത് സൂര്യവംശിയുടെ ഐപിഎല്‍ ആണ്,
വെള്ളിയാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ക്വാളിഫയര്‍ 2 ല്‍ വൈഭവില്‍ നിന്ന് മറ്റൊരു അത്ഭുതകരമായ പ്രകടനം കാണാമെന്നും അദ്ദേഹം പ്രവചിച്ചു. 'മുന്‍ മത്സരത്തില്‍ ഒരു ബൗളര്‍ അദ്ദേഹത്തെ പുറത്താക്കുമ്പോഴെല്ലാം, അദ്ദേഹം പ്രത്യേകമായി അവരെ ലക്ഷ്യം വയ്ക്കുകയും തകര്‍ക്കുകയും ചെയ്യും. കഴിഞ്ഞ തവണ ജിടിക്കെതിരെ, സിറാജ് അദ്ദേഹത്തെ പുറത്താക്കിയ ശേഷം തുറിച്ചുനോക്കും.
ഇത് സൂര്യവംശിയുടെ മനസിലുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, സിറാജിന് സൂര്യവംശിയില്‍ നിന്ന് 'മോശം അനുഭവം' നേരിടേണ്ടി വന്നേക്കാം,' ശ്രീകാന്ത് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


