ബെംഗളൂരു: ഐപിഎല്‍ കിരീടം കാത്തുസൂക്ഷിക്കുകയെന്ന വലിയ ചാലഞ്ചുമായാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇത്തവണയിറങ്ങുക. 17 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടാണ് കഴിഞ്ഞ തവണ അവര്‍ കന്നിക്കിരീടത്തില്‍ മുത്തമിട്ടത്. രജത് പാട്ടിധാര്‍ അവരുടെ ലക്കി ക്യാപ്റ്റനാവുകയും ചെയ്തു.
കഴിഞ്ഞ എഡിഷനില്‍ ചാംപ്യന്‍മാരായ കോര്‍ ഗ്രൂപ്പിനെ നിലനിര്‍ത്തിയാണ് ആര്‍സിബി ഈ സീസണിനു കച്ചമുറുക്കുന്നത്. അതുകൊണ്ടു തന്നെ വളരെ മികച്ചൊരു സീസണ്‍ തന്നെ അവരില്‍ നിന്നും പ്രതീക്ഷിക്കുകയും ചെയ്യാം. കൂടാതെ കഴിഞ്ഞ മിനി ലേലത്തില്‍ മികച്ച ചില താരങ്ങളെ കൂടി ടീമിലേക്കു ആര്‍സിബി കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

സീസണിനു മുന്നോടിയായി കഴിഞ്ഞ ദിവസം പരിശീലന മല്‍സരം കളിച്ചിരിക്കുകയാണ് ആര്‍സിബി. ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ഇപ്പോള്‍ പുറത്തു വരികയും ചെയ്തിരിക്കുകയാണ്.

photocredit/X
രണ്ടു ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം ഇന്‍ട്രാ സ്‌ക്വാഡ് മാച്ചില്‍ ഏറ്റുമുട്ടിയത്. ഇതിന്റെ ചില ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരികയും ചെയ്തിട്ടുണ്ട്. ഈ മല്‍സരത്തില്‍ ഏറ്റവു മികച്ച പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ രജത് പാട്ടിധാറാണെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നും വ്യക്തമാവുന്നത്.
പക്ഷെ ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങളൊന്നും തന്നെ വരികയും ചെയ്തിട്ടില്ല. രജത്‌നേഷന്‍ എന്ന പേരിലുള്ള ഒരു എക്‌സ് യൂസര്‍ അക്കൗണ്ടിലാണ് ആര്‍സിബിയുടെ പരിശീലന മല്‍സരത്തില്‍ താരങ്ങളുടെ പ്രകടനത്തെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ പോസ്റ്റ് പ്രകാരം ബാറ്റിങില്‍ മിന്നിച്ചത് പാട്ടിധാറാണ്. വെറും 28 ബോളില്‍ അദ്ദേഹം പുറത്താവാതെ 78 റണ്‍സ് അടിച്ചതായും ഈ പോസ്റ്റില്‍ പറയുന്നു. ബാറ്റിങില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ മറ്റു രണ്ടു പേര്‍ പുതുതായി ടീമിനൊപ്പം ചേര്‍ന്ന ഇടംകൈയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് റിലീസ് ചെയ്ത ശേഷം ആര്‍സിബിയിലേക്കു വന്ന വെങ്കടേഷ് 21 ബോളില്‍ 46 റണ്‍സ് അടിച്ചെടുത്ത് പുറത്തായി. ജിതേഷാവട്ടെ വെറും 12 ബോളില്‍ 32 റണ്‍സും വാരിക്കൂട്ടി. മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 18 ബോളില്‍ 22 റണ്‍സ് നേടി.

പക്ഷെ ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിക്കു ബാറ്റിങില്‍ പ്രതീക്ഷിച്ചതുപോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ലെന്നും ഈ പോസ്റ്റില്‍ അവകാശപ്പെടുന്നു. അഞ്ചു ബോളില്‍ വെറും 10 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാന്‍ സാധിച്ചുള്ളൂവെന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പക്ഷെ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
അതേസമയം, ഈ സീസണില്‍ കോലിയുടെ പ്രകടനം ആര്‍സിബിക്ക് ഏറെ നിര്‍ണായകമായിരിക്കും. കാരണം അവരുടെ ബാറ്റിങിലെ നെടുംതൂണാണ് അദ്ദേഹം. കോലിയുടെ ബാറ്റ് തീതുപ്പിയാല്‍ മാത്രമേ ആര്‍സിബിക്കു കിരീട നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ചെറിയൊരു ബ്രേക്കിനു ശേഷം ഐപിഎല്ലിലേക്കുള്ള കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഐപിഎല്‍.
ഈ വര്‍ഷമാദ്യം ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ജനുവരി 18നു ഇന്‍ഡോറില്‍ നടന്ന മല്‍സരത്തില്‍ 54ാം ഏകദിന സെഞ്ച്വറിയുമായി കോലി കസറുകയും ചെയ്തു. 108 ബോളില്‍ 124 റണ്‍സാണ് അദ്ദേഹം അടിച്ചെടത്തത്. പക്ഷെ ഈ മല്‍സരത്തില്‍ ഇന്ത്യ 41 റണ്‍സിന്റെ പരാജയമേറ്റുവാങ്ങി.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കോലി മിന്നുന്ന ഫോമിലായിരുന്നു. 15 ഇന്നിങ്‌സുകളില്‍ നിന്നും 54.75 ശരാശരിയില്‍ അദ്ദേഹം അടിച്ചെടുത്തത് 657 റണ്‍സാണ്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സടിച്ച മൂന്നാമത്തെ താരവും കോലിയായിരുന്നു.