IPL 2026: അവസാന ജയം ഡിസിക്ക്, കെകെആറിനെ വീഴ്ത്തി; ഇനി പ്ലേഓഫ്
കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേഓഫ് പ്രവേശനത്തോടെ അപ്രസക്തമായി മാറിയ ഐപില്ലിലെ അവസാന ലീഗ് മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ജയം. മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അവരുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ 40 റണ്‍സിനാണ് ഡിസി തകര്‍ത്തുവിട്ടത്.
ഇതോടെ ഈ സീസണിലെ ലീഗ് മല്‍സരങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്. ഇനി പ്ലേഓഫ് പോരാട്ടങ്ങളാണ് വരാനിരിക്കുന്നത്. തിങ്കളാഴ്ച ഒരു ദിവസത്തെ ബ്രേക്കിനു ശേഷം ചൊവ്വാഴ്ച ക്വാളിഫയര്‍ വണ്ണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. ബുധനാഴ്ച എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റ എതിരാളികള്‍ രാജസ്ഥാന്‍ റോയല്‍സുമാണ്.

204 റണ്‍സിന്റെ ലക്ഷ്യമാണ് കെകെആറിനു ഡിസി നല്‍കിയത്. ഒരു സമയത്തു കൊല്‍ക്കത്ത എളുപ്പം ജയിക്കുമെന്നു കരുതിയെങ്കിലും കൂട്ടത്തകര്‍ച്ച നേരിട്ട അവര്‍ പരാജയത്തിലേക്കു കൂപ്പുകുത്തി. വെറും 35 റണ്‍സിനിടെ കെകെആര്‍ കളഞ്ഞുകുളിച്ചത് ഏഴു വിക്കറ്റുകളാണ്.
14ാം ഓവറലില്‍ മൂന്നിന് 127 റണ്‍സെന്ന ശക്തമായ നിലിയില്‍ നിന്നാണ് 18ാം ഓവറാവുമ്പോഴേക്കും ഒമ്പതിന് 155 റണ്‍സിലേക്കു കെകെആര്‍ കൂപ്പുകുത്തി. 18.4 ഓവറില്‍ 163ന് അവര്‍ കൂടാരംകയറുകയും ചെയ്തു. കൈവെള്ളയിലായിരുന്ന ഈ മല്‍സരം നഷ്ടപ്പെടുത്തിയതിനു സ്വയം പഴിക്കുക മാത്രമേ അവര്‍ക്കു വഴിയുള്ളൂ.
ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ (63) ഇന്നിങ്‌സ് മാറ്റി നിര്‍ത്തിയാല്‍ മറ്റാരും കൊല്‍ക്കത്ത ബാറ്റിങ് നിരയില്‍ പൊരുതിനോക്കിയില്ല. 39 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമുള്‍പ്പെടുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. റോവ്മന്‍ പവെല്‍ (29), മനീഷ് പാണ്ഡെ (25), ഫിന്‍ അലന്‍ (20) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.
മൂന്നു വിക്കറ്റുകള്‍ വീതം പങ്കിട്ട ലുംഗി എന്‍ഗിഡിയും കുല്‍ദീപ് യാദവുമാണ് കെകെആറിന്റെ കഥ കഴിച്ചത്. മിച്ചെല്‍ സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റുകളും പിഴുതു. ഈ ജയം ഡിസിയെ (14 പോയിന്റ്) ലീഗില്‍ ആറാമത് ഫിനിഷ് ചെയ്യാനും സഹായിച്ചു. കെകെആര്‍ (13) ഏഴാമതുമാണ്.
രാഹുലിലേറി ഡിസി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി ക്യാപ്പിറ്റല്‍സ് അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 203 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇതിനു അവരെ സഹായിച്ചതാവട്ടെ കെഎല്‍ രാഹുലിന്റെ (60) അഗ്രസീവ് ഫിഫ്റ്റിയാണ്. വെറും 30 ബോളുകളിലാണിത്. അഞ്ചു ഫോറും നാലു സിക്‌സറും ഇതിലുള്‍പ്പെടും.
ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും (39) മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചു. 25 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കമാണിത്. ഡേവിഡ് മില്ലര്‍ (19 ബോളില്‍ 28), സാഹില്‍ പരാഖ് (17 ബോളില്‍ 24), അഭിഷേക് പൊറേല്‍ (18 ബോളില്‍ 22) എന്നിവരും ഭേദപ്പെട്ട ഇന്നിങ്‌സുകള്‍ കാഴ്ചവച്ചു.

ഈ സീസണില്‍ രണ്ടാം തവണയാണ് കെകെആറും ഡിസിയും ശക്തി പരീക്ഷിച്ചത്. നേരത്തേ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌സി സ്റ്റേഡിയത്തില്‍ ഇരുവരും മാറ്റുരച്ചിരുന്നു. അന്നു എട്ടു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് കെകെആര്‍ സ്വന്തമാക്കിയത്. ഫിന്‍ അലെന്റെ 47 ബോള്‍ സെഞ്ച്വറി ടീമിന്റെ ജയത്തിന് അടിത്തറയിടുകയും ചെയ്തു.
പ്ലെയിങ് ഇലവന്‍
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, കാമറൂണ്‍ ഗ്രീന്‍, റോവ്മന്‍ പവല്‍, റിങ്കു സിംഗ്, തേജസ്വി ദാഹിയ (വിക്കറ്റ് കീപ്പര്‍), അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍, സൗരഭ് ദുബെ, വരുണ്‍ ചക്രവര്‍ത്തി, കാര്‍ത്തിക് ത്യാഗി, ഫിന്‍ അലന്‍.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, സാഹില്‍ പരാഖ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ്മ, മാധവ് തിവാരി, ആക്വിബ് നബി ദാര്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

