ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായുള്ള ട്രേഡ് വിന്‍ഡോയില്‍ താരങ്ങളുടെ കൂടുമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. മിനി താരലേലമാണ് അടുത്ത ഐപിഎല്ലിനു മുന്നോടിയായി നടക്കാനിരിക്കുന്നത്. അതുകൊണ്ടു തന്നെ ലേലത്തില്‍ കൂടുതല്‍ ഓപ്ഷനുകളും ടീമുകള്‍ക്കു ലഭിക്കില്ല. കാരണം നിലവിലെ സംഘത്തിലെ വളരെ കുറച്ചു പേരെ മാത്രമേ ഭൂരിഭാഗം ഫ്രാഞ്ചൈസികളും ഒഴിവാക്കാനാടുമിടയുള്ളൂ.
അതിനാല്‍ ട്രേഡിങ് വിന്‍ഡോയില്‍ മറ്റു ഫ്രാഞ്ചൈസികളില്‍ താരങ്ങളെ വാങ്ങുകയെന്നതായിരിക്കും ടീമുകളുടെ പ്രധാന പ്ലാന്‍. താരങ്ങളെ പരസ്പരം കൈമാറിയും ക്യാഷ് മാത്രം നല്‍കിയുമെല്ലാം കളിക്കാരെ ടീമിലേക്കു കൊണ്ടുവരാനുള്ള അവസരമാണിത്. രാജസ്ഥാന്‍ റോയല്‍സിന്റെ അഗ്രസീവ് ഓപ്പണറും യുവ സൂപ്പര്‍ താരവുമായ യശസ്വി ജയ്‌സ്വാളിനെ പല ടീമുകളും ഇപ്പോള്‍ നോട്ടമിടുന്നുണ്ട്.
നിലവിലെ സഹചര്യത്തില്‍ അദ്ദേഹത്തെ റോയല്‍സ് കൈവിടാനുള്ള സാധ്യത തീരെ കുറവാണ്. എന്നാല്‍ 2026ല്‍ ക്യാപ്റ്റന്‍സി നല്‍കാമെന്ന മോഹനവാഗ്ദാനം നല്‍കി ചില ഫ്രാഞ്ചൈസികള്‍ ജയ്‌സ്വാളിനെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചേക്കും. ആരൊക്കെയാണ് ഈ ഫ്രാഞ്ചൈസികളെന്നു നമുക്കു നോക്കാം.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ഐപിഎല്ലില്‍ ഇനിയും കിരീട ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്നായ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് യശസ്വി ജയ്‌സാളിനു നായകസ്ഥാനം ഓഫര്‍ ചെയ്‌തേക്കാവുന്ന ഒരു ടീം. ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് കഴിഞ്ഞ സീസണില്‍ ഡിസിയെ നയിച്ചത്. നന്നായി തന്നെ സീസണ്‍ ആരംഭിക്കാന്‍ അവര്‍ക്കായെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോയി. പ്ലേഓഫ് പോലും കാണാന്‍ സാധിക്കാതെ അഞ്ചാംസ്ഥാനത്താണ് ഡിസി ഫിനിഷ് ചെയ്തത്.
ഓപ്പണിങും ക്യാപ്റ്റന്‍സിയുമായിരുന്നു അവരുടെ പ്രശ്‌നങ്ങള്‍. ഓപ്പണിങില്‍ പല കോമ്പിനേഷനുകളും അവര്‍ പരീക്ഷിച്ചെങ്കിലും ക്ലിക്കായില്ല. ജയ്‌സ്വാളിനെ കൊണ്ടുവരാനായാല്‍ ഓപ്പണിങിലെ പ്രശ്‌നങ്ങള്‍ ഡിസിക്കു പരിഹരിക്കാം. കൂടാതെ അക്ഷറിനെ മാറ്റി നായകസ്ഥാനവും അദ്ദേഹത്തെ ഏ്ല്‍പ്പിക്കാവുന്നതാണ്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
മൂന്നു തവണ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് യശസ്വി ജയ്‌സ്വാളിനുന നായകസ്ഥാനം ഓഫര്‍ ചെയ്യാനിടയുള്ള രണ്ടാമത്തെ ടീം. അജിങ്ക്യ രഹാനെയായിരുന്നു കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ചത്. ബാറ്റിങില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ക്യാപ്റ്റന്‍സിയില്‍ അദ്ദേഹം നിരാശപ്പെടുത്തി.
അതിനാല്‍ അടുത്ത സീസണില്‍ പുതിയൊരു നായകനെ നോട്ടമിടുകയാണ് കെകെആര്‍ ടീം. ക്യാപ്റ്റന്‍ മാത്രമല്ല കെകെആറിന്റെ കഴിഞ്ഞ സീസണിലെ ഓപ്പണിങും പരാജയമായി മാറി. സുനില്‍ നരെയ്‌നൊപ്പം ആദ്യം ക്വിന്റണ്‍ ഡികോക്കിനെയും പിന്നീട് റഹ്മാനുള്ള ഗുര്‍ബാസിനെയും പരീക്ഷിച്ചെങ്കിലും രണ്ടു കോംബോയും ക്ലിക്കായില്ല.
അതിനാല്‍ ജയ്‌സ്വാളിനെ സ്വന്തമാക്കാനായാല്‍ അടുത്ത സീസണില്‍ കെകെആറിന്റെ ഓപ്പണിങ് കിടുവാകും. നരെയ്‌നും ജയ്‌സ്വാളും ചേര്‍ന്നുള്ള ഓപ്പണിങ് ജോടി എതിര്‍ ടീമിന്റെ പേടിസ്വപ്‌നമായി മാറുമെന്നതില്‍ സംശയമില്ല.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ഈ ലിസ്റ്റിലെ മൂന്നാമത്തെ ടീം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ്. ചരിത്രത്തിലെ എക്കാലത്തെയും വലിയ തുകയ്ക്കു മെഗാ ലേലത്തില്‍ വാങ്ങിയ റിഷഭ് പന്താണ് കഴിഞ്ഞ സീസണില്‍ എല്‍എസ്ജിയെ നയിച്ചത്. പക്ഷെ ക്യാപ്റ്റന്‍സിയിും ബാറ്റിങിലും ഇത്രയും വലിയ തുകയോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനായില്ല.
ക്യാപ്റ്റന്‍സിയുടെയും വലിയ പ്രതിഫലത്തിന്റെയും സമ്മര്‍ദ്ദം റിഷഭിനെ ബാധിക്കുകയും ചെയ്തു. സീസണിലെ അവസാന മല്‍സരത്തില്‍ സെഞ്ച്വറിയടിച്ചെങ്കിലും അദ്ദേഹം ആകെ നേടിയത് 269 റണ്‍സാണ്.
ജയ്സ്വാളാവട്ടെ സമ്മര്‍ദ്ദഘട്ടങ്ങളിലാണ് പലപ്പോഴും ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്. അതിനാല്‍ അടുത്ത സീസണില്‍ അദ്ദേഹത്തെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ച ശേഷം റിഷഭിനെ വെറു വിക്കറ്റ്കീപ്പറായി പരീക്ഷിച്ചാല്‍ അതു എല്‍എസ്ജിക്കു ഗുണം ചെയ്‌തേക്കും.