ഐപിഎല്‍ മിനി താരലേലത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്്‌സിന്റെ ഒരു തീരുമാനം ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ ചീഫ് സെലക്ടറുമായ കെ ശ്രീകാന്ത്. ലേലത്തില്‍ ഇത്തവണ പഴ്‌സില്‍ ഏറ്റവുമധികം പണം ബാക്കിയുണ്ടായിരുന്നത് കെകെആറിന്റെ പഴ്‌സിലായിരുന്നു. അതുകൊണ്ടു തന്നെ ലേലത്തില്‍ ചില വമ്പന്‍ വാങ്ങലുകള്‍ നടത്തിയതും അവരാണ്.
മിനി ലേലത്തിലെ ഏറ്റവും വിലയേറിയ ട്രേഡ് നടത്തിയതും അവര്‍ തന്നെയാണ്. ഓസ്‌ട്രേലിയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ 25.20 കോടി രൂപയ്ക്കായിരുന്നു കെകെആര്‍ വാങ്ങിയത്. ലേലത്തിന്റെ ചരിത്രത്തില്‍ ഒരു വിദേശ താരത്തിനു ലഭിച്ച ഏറ്റവും വലിയ തുകയും കൂടിയായിരുന്നു ഇത്.

ചോദ്യം ചെയ്ത് ശ്രീകാന്ത്
ശ്രീലങ്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ മതീശ പതിരാനയ്ക്കു വേണ്ടി ലേലത്തില്‍ 18 കോടി മുടക്കിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തീരുമാനത്തെയാണ് കെ ശ്രീകാന്ത് ചോദ്യം ചെയ്തിരിക്കുന്നത്. ഐപിഎല്‍ മിനി ലേലത്തെ കുറച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം. ഇത്ര വലിയൊരു തുക ലങ്കന്‍ താരത്തിനായി അവര്‍ ചെലവഴിച്ചത് കണ്ടപ്പോള്‍ ആശ്ചര്യമാണ് തോന്നിയതെന്നും ശ്രീകാന്ത് പറയുന്നു.
മതീശ പതിരാന യഥാര്‍ഥത്തില്‍ വലിയൊരു റിസ്‌ക്ക് തന്നെയാണ്. അവന്‍ യഥാര്‍ഥത്തില്‍ ഹിറ്റ് ഓര്‍ മിസ് തരത്തിലുള്ള ബൗളറാണ്. പക്ഷെ ബംഗ്ലാദേശ് പേസറായ മുസ്തഫിസുര്‍ റഹ്മാനെയും ലേലത്തില്‍ വാങ്ങിയതിലൂടെ വളരെ സ്മാര്‍ട്ടായ നീക്കമാണ് കെകെആര്‍ നടത്തിയത്. പതിരാനയുടെ ബാക്കപ്പിനെയാണ് മുസ്ഫിസുറിലൂടെ അവര്‍ക്കു ലഭിച്ചത്.
ഡ്വയ്ന്‍ ബ്രാവോ അവരുടെ പരിശീലക സംഘത്തിലുള്ളതിനാല്‍ പതിരാന കെകെആറിലേക്കു പോവുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ പതിരാനയ്ക്കു ലഭിച്ച ഉയര്‍ന്ന വിലയും ലേലത്തില്‍ അവനു വേണ്ടി ഒരുപാട് ടീമുകളും രംഗത്തിറങ്ങിയതു കണ്ട്‌പ്പോള്‍ അദ്ഭുതം തോന്നിയെന്നും ശ്രീകാന്ത് വ്യക്തമാക്കി.
2022 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഭാഗമാണ് പതിരാന. മധ്യ ഓവറുകളിലും ഡെത്തിലുമെല്ലാം പിന്നീട് അവരുടെ നിര്‍ണാായക താരമായി അദ്ദേഹം മാറിയതും പിന്നീട് കണ്ടു. സിഎസ്‌കെയ്ക്കായി 32 മല്‍സരങ്ങളാണ് പതിരാന കളിച്ചത്. 8.68 ഇക്കോണമി റേറ്റില്‍ 47 വിക്കറ്റുകള്‍ പോക്കറ്റിലാക്കുകയും ചെയ്തു.
2023ലായിരുന്നു പതിരാനയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 12 കളിയില്‍ നിന്നും 8.01 ഇക്കോണമി റേറ്റില്‍ 19 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു സീസണുകള്‍ 13 വിക്കറ്റുകള്‍ വീതമാണ് ലങ്കന്‍ പേസര്‍ വീഴ്ത്തിയത്.
പക്ഷെ അവസാന സീസണില്‍ തിരാനയുടെ പ്രകടനം നിരാശപ്പെടുത്തി. 10.14 ഇക്കോണമി റേറ്റിലാണ് അദ്ദേഹം റണ്‍സ് വിട്ടുകൊടുത്തത്. പരിക്കുകളും ലങ്കന്‍ പേസറെ വേട്ടയാടിയിരുന്നു.

എല്‍എസ്ജിയുടെ നീക്കം
മിനി താരലേലത്തില്‍ മതീശ പതിരാനയ്ക്കു വേണ്ടി ഏറെ നേരം ബിഡ് നടത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്റസിന്റെ തീരുമാനത്തിലും കെ ശ്രീകാന്ത് സംശയം പ്രകടപ്പിച്ചിരിക്കുകയാണ്. ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളറുടെ വില 18 കോടി വരെയെത്താനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.
മതീശ പതിരാനയ്ക്കായി 18 കോടി വരെ ലേലത്തിസല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോയിരുന്നു. ഇത്ര തുകയൊക്കെ ബിഡ് വിളിക്കാന്‍ അവന്‍ അത്ര മാത്രം വലിയ ബൗളറാണോ? കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പതിരാനയുടെ പ്രകടനം വെറും ശരാശരിയായിരുന്ന.
ഒരൊറ്റ സീസണിലെ മോശം പ്രകടനം കാരണം നിരവധി താരങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക് ഒരു സീസണിലാണ് മോശം പ്രകടനം നടത്തിയത്. എന്നാല്‍ ഇപ്പോള്‍ അവന്‍ ചിത്രത്തില്‍ പോലുമില്ല. ഡെവന്‍ കോണ്‍വേയും ആങ്ങനെ തന്നെയാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.