ഐപിഎല്ലില്‍ പോരാട്ടങ്ങള്‍ നാലാം റൗണ്ടിലെത്തി നില്‍ക്കുകയാണ്. ഇന്ത്യന്‍ ടി20 ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി താരങ്ങള്‍ തമ്മില്‍ പോരും മുറുകിയിട്ടുണ്ട്. ചില വമ്പന്‍ താരങ്ങള്‍ക്കു പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിയാതെ പോയപ്പോള്‍ ചിലരാവട്ടെ സര്‍പ്രൈസ് പ്രകടനത്തിലൂടെ കൈയടിയും നേടുകയാണ്.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനൊപ്പം ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ധ്രുവ്, ജുറേല്‍, ജിതേഷ് ശര്‍മ, പ്രഭ്‌സിമ്രന്‍ സിങ് തുടങ്ങിയവരാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍. ഇവരില്‍ ആരൊക്കെയാണ് ശ്രദ്ധേയമായ പ്രകടനങ്ങളുമായി മുന്നിട്ടുനില്‍ക്കുന്നതെന്നു നോക്കാം.

ഐപിഎല്ലില്‍ ആദ്യ നാലു റൗണ്ടുകള്‍ക്കു ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ക്കു റാങ്കിങ് നല്‍കിയാല്‍ അവിടെ തലപ്പത്ത് ഒരു സര്‍പ്രൈസ് താരത്തെ തന്നെ നമുക്കു കാണാം. രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ മൂന്നാം നമ്പറും ഫസ്റ്റ് ചോയ്‌സ് കീപ്പറുമായ ധ്രുവ് ജുറേലാണിത്.
പ്രവചനങ്ങള്‍ തെറ്റിക്കുന്ന പ്രകടമാണ് ആര്‍ആറിനായി അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ജുറേല്‍ ഇപ്പോള്‍ നാലാമതുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. റോയല്‍സ് ഈ സീസണില്‍ അപരാജിത കുതിപ്പ് നടത്തവെ നാലിന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 176 റണ്‍സാണ്.
58.66 ശരാശരിയില്‍ 181.44 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണിത്. കണ്ടു ഫിഫറ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടുന്നു. ഇവ രണ്ടും വലിയ ഇംപാക്ടുണ്ടാക്കുന്ന ഇന്നിങ്‌സുകളുമായിുരുന്നു. ഉയര്‍ന്ന സ്‌കോറാവട്ടെ പുറത്താവാതെ നേടിയ 81 റണ്‍സുമാണ്. ജുറേല്‍ കഴിഞ്ഞാല്‍ കീപ്പര്‍മാരില്‍ മിന്നിച്ചത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുമാണ്.
ആദ്യ മൂന്നു മല്‍സങ്ങള്‍ക്കു ശേഷം കീപ്പര്‍മാരില്‍ ഏറ്റവും പിറകിലായിരുന്നു അദ്ദേഹം. കാരണം വെറും 22 റണ്‍സ് മാത്രമേ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ നാലാം റൗണ്ടിലെ കിടിലന്‍ സെഞ്ച്വറിയോടെ (115*) വമ്പന്‍ കുതിപ്പാണ് സഞ്ജു നടത്തിയത്. നാലിന്നിങ്‌സുകളില്‍ നിന്നും 45.66 ശരാശരിയില്‍ 137 റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. 182.66 സ്‌ട്രൈക്ക് റേറ്റിലാണിത്.
ജുറേലും സഞ്ജുവും കഴിഞ്ഞാല്‍ ഈ ലിസ്റ്റിലെ മൂന്നാമന്‍ പഞ്ചാബ് കിങ്‌സിന്റെ ഓപ്പണിങ് ബാറ്റര്‍ കൂടിയായ പ്രഭ്‌സിമ്രന്‍ സിങാണ്. മൂന്നിന്നിങ്‌സുകളിലായി 43.66 ശരാശരിയില്‍ 157.83 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 131 റണ്‍സാണ്. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കാന്‍ സാധിക്കുന്നുവെന്നതാണ് പ്രഭ്‌സിമ്രനെ അപകടകാരിയാക്കുന്നത്.

കീപ്പര്‍മാരുടെ ലിസ്റ്റിലെ നാലാമന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കൂടിയായ ഇഷാന്‍ കിഷനാണ്. ആദ്യ മാച്ചില്‍ 80 റണ്‍സോടെ ഗംഭീരമായി അദ്ദേഹം തുടങ്ങിയെങ്കിലും പിന്നീടുള്ള കളികളില്‍ ഫോം താഴേക്കു പോയി. നാലിന്നിങ്‌സുകളില്‍ നിന്നും 30.50 ശരാശരിയില്‍ 179.41 സ്‌ട്രൈക്ക് റേറ്റില്‍ 122 റണ്‍സാണ് ഇഷാന്റെ അക്കൗണ്ടിലുള്ളത്.
ഇഷാനു ശേഷം അഞ്ചില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലാണ്. നാലിന്നുങ്‌സുകളില്‍ ഒന്നില്‍ മാത്രമേ അദ്ദേഹം തിളങ്ങിയിട്ടുള്ളൂ. 27.75 ശരാശരിയില്‍ 168 സ്‌ട്രൈക്ക് റേറ്റില്‍ രാഹുല്‍ നേടിയത് 111 റണ്‍സാണ്. ഇതില്‍ 92 റണ്‍സും ഒരൊറ്റ മാച്ചില്‍ നിന്നുമാണ്.
ആറാമതാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്ത്. നാലിന്നിങ്‌സുകളില്‍ നിന്നും നേടിയതാവട്ടെ വെറും 103 റണ്‍സ് മാത്രം. ഉയര്‍ന്ന സ്‌കോര്‍ 68 റണ്‍സുമാണ്. ഏറ്റവും പിറകിലാണ് ജിതേഷ് ശര്‍മയുള്ളത്. മൂന്നു മാച്ചിലെടുത്തത് അഞ്ചു റണ്‍സ് മാത്രം.