ബെംഗളൂരു: ഐപിഎല്ലില്‍ ഇത്തവണ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്രാക്ടീസ് മാച്ചില്‍ റണ്‍മഴ. ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍, ജിതേഷ് ശര്‍മ, ദേവ്ദത്ത് പടിക്കല്‍, ക്രുനാല്‍ പാണ്ഡ്യ തുടങ്ങിയവരെല്ലാം അഗ്രസീവ് ഫിഫ്റ്റികളുമായി മിന്നിക്കുകയും ചെയ്തു.

പ്രധാന ബാറ്റര്‍മാരുടെയെല്ലാം ഫോം പുതിയ സീസണില്‍ ആര്‍സിബിയുടെ പ്രതീക്ഷകളും വാനോളം വര്‍ധിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച ഉദ്ഘാടന മല്‍സരത്തില്‍ തന്നെ ആര്‍സിബിയെ ഇത്തവണ കാണാം. മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അവരുടെ എതിരാളികള്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ നിലവിലെ സ്‌ക്വാഡിലുള്ളവര്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇന്‍ട്രാ സ്‌ക്വാഡ് മാച്ചില്‍ കൊമ്പുകോര്‍ത്തത്. ഒരു ടീമിനെ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ നയിച്ചപ്പോള്‍ മറ്റൊരു ടീമിന്റെ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ടീം വെങ്കി നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റികള്‍ മാത്രം നഷ്ടത്തില്‍ വാരിക്കൂട്ടിയത് 234 റണ്‍സാണ്. അവരുടെ ബാറ്റിങ് നിരയില്‍ ഏറ്റവും മികച്ചുനിന്നത് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയായിരുന്നു. സ്‌ഫോടനാത്മക ഫിഫ്റ്റി കുറിച്ചാണ് താരം ക്രീസ് വിട്ടത്.

വെറും 37 ബോളില്‍ ജിതേഷ് വാരൂക്കൂട്ടിയത് 81 റണ്‍സാണ്. വിരാട് കോലിയടക്കമുള്ളവരെ നിഷ്പ്രഭരാക്കിയാണ് അദ്ദേഹം ടീം വെങ്കിയുടെ അമരക്കാരനായത്. മറ്റാരും അവരുടെ ബാറ്റിങ് നിരയില്‍ ഫിഫ്റ്റി നേടിയില്ല. ഓസ്‌ട്രേലിയയുടെ വമ്പനടിക്കാരനായ ബാറ്റര്‍ ടിം ഡേവിഡ് 14 ബോളില്‍ 36 റണ്‍സ് അടിച്ചെടുത്തു.
ക്യാപ്റ്റന്‍ വെങ്കടേഷും മോശമാക്കിയില്ല. പുതുതായി ഈ സീസണില്‍ ടീമിനോടൊപ്പം ചേര്‍ന്ന് അദ്ദേഹം 16 ബോളില്‍ 30 റണ്‍സ് സ്‌കോര്‍ ചെയ്തു,
കോലിക്കി 12 ബോളില്‍ 29 റണ്‍സെടുക്കാനേ ആയുള്ളൂ.
ആര്‍സിബി ടീമിന്റെ പരിശീലന മല്‍സരത്തിന്റെ വീഡിയോ കാണാം
ക്രുനാലിന്റെ ടീമില്‍ ബൗളിങ് നിരയില്‍ ഭുവനേശ്വര്‍ കുമാറടക്കമുള്ളവരുണ്ടായിരുന്നു. ഭുവിയെ കൂടാതെ പുതുമുഖങ്ങളായ അഭിനന്ദന്‍ സിങ്, മങ്കേഷ് കുമാര്‍ തുടങ്ങിയവരെല്ലാം നല്ല ബൗളിങ് കാഴ്ചവച്ചുവെന്നാണ് ആര്‍സിബി പങ്കുവച്ച വീഡിയോയില്‍ ക്രുനാല്‍ പറയുന്നത്.

235 റണ്‍സിന്റെ കൂറ്റന്‍ ടോട്ടല്‍ ക്രുനാലിന്റെ ടീമിനു ചേസ് ചെയ്യാന്‍ സാധിച്ചേക്കില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ ടീം ക്രുനാലും ഇതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു. ആര്‍സിബി ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍ രജത് പാട്ടിധാറടക്കം ഈ ടീമിന്റെ ഭാഗമായിരുന്നു. കിടിലന്‍ ഫിഫ്റ്റിയോടെ അദ്ദേഹം മിന്നിക്കുകയും ചെയ്തു.

പാട്ടിധാറിനെ കൂടാതെ മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍, ക്രുനാല്‍ എന്നിവരും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കണ്ടെത്തി. 33 ബോളില്‍ 63 റണ്‍സാണ് ദേവ്ദത്ത് സ്‌കോര്‍ ചെയ്തത്. ക്രുനാല്‍ 33 ബോളില്‍ 58 റണ്‍സും അടിച്ചെടുത്തു.
പക്ഷെ ടീം ക്രുനാലിന്റെ ശരിക്കുള്ള ഹീറോ പാട്ടിധാറായിരുന്നു. 25 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 74 റണ്‍സാണ്. ഇതോടെ അവരുടെ ടീം 236 റണ്‍സെന്ന വലിയ ടോട്ടല്‍ എളുപ്പത്തില്‍ മറികടക്കുകയുമായിരുന്നു.