ഐപിഎല്ലിന്റെ ട്രേഡിങ് വിന്‍ഡോയില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ ശക്തമായിരിക്കുകയാണ്. റോയല്‍സ് തയ്യാറാണെങ്കില്‍ മലയാളി താരത്തെ വാങ്ങാന്‍ തങ്ങള്‍ ശ്രമിക്കുമെന്നു സിഎസ്‌കെ ഔദ്യോഗികമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പക്ഷെ സഞ്ജുവോ, റോയല്‍സോ ഇതുമായി ബന്ധപ്പെട്ട് ഇനിയും മനസ്സ് തുറന്നിട്ടില്ല.
കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുടെ വരവോടെ റോയല്‍സിന്റെ മുന്‍നിര ബാറ്റിങ് ഇപ്പോള്‍ കൂടുതല്‍ സെറ്റായിരിക്കുകയാണ്. കൂടാതെ കീപ്പര്‍ റോളിലേക്കു ധ്രുവ്
ജുറേലും ഇപ്പോള്‍ തയ്യാറായി നില്‍ക്കുന്നു.
അതുകൊണ്ട തന്നെ സഞ്ജുവിനെ വില്‍ക്കാനുള്ള നീക്കം റോയല്‍സിന്റെ ഭാഗത്തു നിന്നുണ്ടായാലും അദ്ഭുതപ്പെടാനില്ല. അദ്ദേഹത്തിനു പകരം റോയല്‍സിനു നോട്ടമിടാവുന്ന മൂന്ന കീപ്പര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

ഇഷാന്‍ കിഷന്‍
ഇന്ത്യന്‍ ടീമില്‍ നിന്നും ഇപ്പോള്‍ പൂര്‍ണമായും അപ്രത്യക്ഷനായ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് രാജസ്ഥാന്‍ റോയല്‍സ് റാഞ്ചാനിടയുള്ള ഒരാള്‍. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് അദ്ദേഹമുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനു ശേഷം ഇഷാനെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടിരുന്നു. തുടര്‍ന്നാണ് മെഗാ ലേലത്തില്‍ 11.25 കോടിക്കു ഇഷാനെ എസ്ആര്‍എച്ച് വാങ്ങിയത്.
പക്ഷെ ഓറഞ്ച് കുപ്പായത്തില്‍ അദ്ദേഹത്തിനു ആദ്യത്തെ സീസണില്‍ മൂല്യത്തിനൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. 14 മല്‍സരങ്ങില്‍ നിന്നും 354 റണ്‍സാണ് ഇഷാനു നേടാനായത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഇവ മാറ്റി നിര്‍ത്താല്‍ ശേഷിച്ച 12 മല്‍സരങ്ങളിലും അദ്ദേഹം ബാറ്റിങില്‍ നിറംമങ്ങി. അതിനാല്‍ നല്ലൊരു ഓഫര്‍ വന്നാല്‍ ഇഷാനെ വില്‍ക്കാന്‍ എസ്ആര്‍എച്ച് തയ്യാറായേക്കും.
ഓപ്പണിങില്‍ യശസ്വി ജയ്‌സ്വാള്‍- വൈഭവ് സൂര്യവംശിയുള്ളതിനാല്‍ റോയല്‍സിനു സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പര്‍ ഇഷാനെ ധൈര്യമായി ഏല്‍പ്പിക്കുകയും ചെയ്യാം. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ടീമിനു മുതല്‍ക്കൂട്ടായി മാറും.
ക്വിന്റണ്‍ ഡികോക്ക്
സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണറും നിലവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗവുമായ ക്വിന്റണ്‍ ഡികോക്കാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. കഴിഞ്ഞ മെഗാലേലത്തില്‍ 3.6 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ കെകെആര്‍ വാങ്ങിയത്. ഫില്‍ സാള്‍ട്ടിന്റെ പകരക്കാരനായിട്ടായിരുന്നു ഇത്. പക്ഷെ കെകെആറില്‍ ഡികോക്ക് വന്‍ പരാജയമായി മാറി.
21.71 ശരാശരിയില്‍ വെറും 152 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. ഇതേ തുടര്‍ന്നു പകരം അഫ്ഗാനിസ്താന്‍ വിക്കറ്റ് കീപ്പര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ ടീമിലേക്കു കൊണ്ടുവരാന്‍ കെകെആര്‍ നിര്‍ബന്ധിതരുമായി മാറി. ഡികോക്കിനെ അടുത്ത സീസണിനു മുമ്പ് എത്രയും വേഗം ഒഴിവാക്കുകയായിരിക്കും ഇനി കെകെആറിന്റെ പ്ലാന്‍.
ട്രേഡിങ് വിന്‍ഡോയില്‍ റോയല്‍സിനു തീര്‍ച്ചയായും അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കാവുന്നതാണ്. വളരെ മികച്ച വിക്കറ്റ്കീപ്പറും അഗ്രസീവ് ബാറ്ററുമാണ് ഡികോക്ക്. അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരാനുള്ള ശേഷിയും അദ്ദേഹത്തിനുണ്ട്.

റിഷഭ് പന്ത്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ് മൂന്നാത്തെ താരം. റിഷഭിനെ എല്‍എസ്ജി വില്‍ക്കാന്‍ തയ്യാറാവുമോയെന്നത് ഇപ്പോഴും വ്യക്തമല്ല. പക്ഷെ കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനായി തങ്ങള്‍ മുടക്കിയ 27 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുക കുറച്ചു കടന്നു പോയെന്നു എല്‍എസ്ജിക്കു ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്.
ഇത്രയും വലിയ പ്രതിഫലം റിഷഭിനും വലിയൊരു ഭാരമായി മാറി. അതു അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിച്ചു. 24.45 ശരാശരിയില്‍ 269 റണ്‍സ് മാത്രമാണ് റിഷഭിനു നേടാനായത്. സീസണിലെ അവസാന കളിയിലെ സെഞ്ച്വറി ഇല്ലായിരുന്നെങ്കില്‍ പ്രകടനം കൂടുതല്‍ പരിതാപകരമായി മാറിയേനെ.
റിഷഭിനെ ഒഴിവാക്കിയ ശേഷം ലഭിക്കുന്ന 27 കോടി രൂപയ്ക്കു രണ്ടോ, മൂന്നോ കളിക്കാരെ അടുത്ത ലേലത്തില്‍ എല്‍എസ്ജിക്കു വാങ്ങാം. അതിനാല്‍ അദ്ദേഹത്തെ കൈവിടുന്നതിനെ കുറിച്ച് ഫ്രാഞ്ചൈസി ഗൗരവമായി തന്നെ ആലോചിച്ചേക്കും. റോയല്‍സിനെ സംബന്ധിച്ച് സഞ്ജുവിനു പകരം നായകസ്ഥാനത്തേക്കും പരിഗണിക്കാവുന്നയാളാണ് റിഷഭ്.