19ാം ഐപിഎല്‍ സീസണിന്റെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. പത്തു ടീമുകളും ഓരോ മല്‍സരങ്ങള്‍ വീതം കളിക്കുകയും ചെയ്തു. ചില വമ്പന്‍ ടീമുകള്‍ ആരാധകരുട പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന കളി തന്നെ കാഴ്ചവച്ചപ്പോള്‍ ചിലരാവട്ടെ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു നിലവില്‍ ഏറ്റവുമധികം മല്‍സരം നടക്കുന്ന റോളുകളിലൊന്നാണ് വിക്കറ്റ് കീപ്പറുടേത്. നിലവില്‍ ഈ റോളുകള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഭദ്രവുമാണ്. അവസാനമായി ടി20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ഇരുവരുമാണ് കീപ്പര്‍ റോളിലുണ്ടായിരുന്നത്.

എങ്കിലും കീപ്പര്‍ സ്ഥാനം മോഹിച്ച് വേറെയും ചിലര്‍ പുറത്തു കാത്തുനില്‍ക്കുകയാണ്. റിഷഭ് പന്ത്, ജിതേഷ് ശര്‍മ, കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍ എന്നിവരാണിത്. ഇത്തവണ ഐപിഎല്ലിലെ ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഈ കീപ്പര്‍മാരുടെ പ്രകടനം എങ്ങനെ ആയിരുന്നുവെന്നു നോക്കാം.

ഇന്ത്യയുടെ ആറു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യ റൗണ്ടില്‍ മിന്നിച്ചത് സണ്‍റൈസഴ്‌സ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ഇടംകൈയന്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ മാത്രമാണെന്നു കാണാം. ശേഷിച്ച അഞ്ചു പേരും ബാറ്റിങില്‍ സമ്പൂര്‍ണ പരാജയമായി തീര്‍ന്നു.
നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുളള ഉദ്ഘാടന മല്‍സരത്തിലാണ് എസ്ആര്‍എച്ചിന്റെ ഓറഞ്ച് കുപ്പായത്തില്‍ ഇഷാനെ കണ്ടത്. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെ അദ്ദേഹം തുടങ്ങുകയായിരുന്നു. ടീം ആറു വിക്കറ്റിനു തോറ്റെങ്കിലും തകര്‍പ്പന്‍ ഇന്നിങ്‌സുമായി ഇഷാന്‍ തലയെടുപ്പോടെ നിന്നു.
വെറും 38 ബോളില്‍ ഇഷാന്‍ വാരിക്കൂട്ടിയത് 80 റണ്‍സാണ്. എട്ടു ഫോറുകളും അഞ്ചു സിക്‌സറും ഇതിലുള്‍പ്പെടുന്നു. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി എസ്ആര്‍എച്ചിനെ അദ്ദേഹം മുന്നില്‍ നിന്നു നയിച്ചെങ്കിലും ജയിക്കാന്‍ ഇതു മതിയായിരുന്നില്ല. ടീം പരാജയപ്പെട്ടെങ്കിലും ഇഷാന്റെ പ്രകടനം ഈ മല്‍സരത്തില്‍ ഏറെ കൈയടിയും നേടി.

എന്നാല്‍ ബാക്കിയുള്ള അഞ്ചു ഇന്ത്യന്‍ കീപ്പര്‍മാരുടെ സ്‌കോറുകള്‍ കൂട്ടിയാല്‍ പോലും അതു ഇഷാന്‍ നേടിയ റണ്‍സിന്റെ പകുതി പോലുമെത്തില്ലെന്നതാണ് പരിതാപകരമായ കാര്യം. രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറിയ ശേഷം കന്നി മല്‍സരമാണ് സഞ്ജു സാംസണ്‍ കളിച്ചത്.
അതു റോയല്‍സിനെതിരേ തന്നെയാണെന്നത് മറ്റൊരു കൗതുകം. പക്ഷെ തന്റെ മുന്‍ ടീമിനെതിരേ അദ്ദേഹം തീര്‍ത്തും നിരാശപ്പെടത്തി. ഏഴു ബോളില്‍ ആറു റണ്‍സ് മാത്രമെടുത്ത സഞ്ജു പേസര്‍ നാന്ദ്രെ ബര്‍ഗറുടെ ബൗളിങില്‍ ബൗള്‍ഡാവുകയായിരുന്നു.
ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തിനു ശേഷം മലയാളി സൂപ്പര്‍ താരം കളിച്ച ആദ്യ മല്‍ സരം കൂടിയായിരുന്നു ഇത്. എന്നാല്‍ ലോകകപ്പിലെആ മാജിക്കല്‍ ടച്ച് നഷ്ടമായതു പോലെയാണ് അദ്ദേഹം കാണപ്പെട്ടത്

ആര്‍സിബിക്കായി കഴിഞ്ഞ സീസണില്‍ മിന്നിച്ച താരമാണ് ജിതേഷ് ശര്‍മ. ഫിനിഷര്‍ റോളില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ അദ്ദേഹം പുറത്തെടുക്കുകയും ചെയ്തു. പക്ഷെ ഇത്തവണ ഗോള്‍ഡന്‍ ഡെക്കുമായാണ് ജിതേഷ് തുടങ്ങിയത്. എസ്ആര്‍എച്ചുമായുള്ള മല്‍സരത്തിലായിരുന്നു ഇത്.
ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമല്ലാത്ത റിഷഭ് പന്തും നനഞ്ഞ പടക്കമായി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഓപ്പണിങ് റോളിലേക്കു അദ്ദേഹം സ്വയം പ്രൊമോട്ട് ചെയ്‌തെങ്കിലും ഒമ്പതു ബോളില്‍ ഏഴു റണ്‍സ് മാത്രമേ നേടിയുള്ളൂ. സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഗഹുലിന്റെയും തുടക്കം പാളി. എല്‍എസ്ജിക്കെതിരേ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു.
രാജസ്ഥന്‍ റോയല്‍സിനായി കളിച്ച ധ്രുവ് ജുറേലിനും കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. സിഎസ്‌കെയ്‌ക്കെതിരേ മൂന്നാം നമ്പറില്‍ കളിച്ച അദ്ദേഹം ഒമ്പതു ബോളില്‍ 18 റണ്‍സുമായി പുറത്താവുകയായിരുന്നു.