രാഹുലിന്റെ വിക്കറ്റ് ഹേസല്‍വുഡിനല്ല!! ശരിക്കുമത് കോലിയുടേത്, മാരക പ്ലാന്‍ ഇങ്ങനെ; വീഡിയോ വൈറല്‍
ഡല്‍ഹി: ഐപിഎല്‍ തിങ്കളാഴ്ച രാത്രി നടന്ന തീര്‍ത്തും ഏകപക്ഷീയമായ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ വാരിക്കളഞ്ഞിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചഴ്‌സ് ബെംഗളൂരൂ. ഈ സീസണിലെ ഏറ്റവും ചെറിയ സ്‌കോറിനു കൂടാരം കയറിയ ഡിസിയെ ഒമ്പതു വിക്കറ്റിനാണ് അവര്‍ മുക്കിയത്.
ആദ്യം ബാറ്റിങിനു അയക്കപ്പെട്ട ഡിസിയെ വെറും 75 റണ്‍സിനു ആര്‍സിബി എറിഞ്ഞിടുകയായിരുന്നു. കേവലം 16.3 ഓവര്‍ കൊണ്ടു തന്നെ അവരുടെ ഇന്നിങ്‌സും അവസാനിച്ചു. പഞ്ചാബ് കിങ്‌സുമായുള്ള തൊട്ടുമുമ്പത്തെ മാച്ചില്‍ ഈ സീസണിലെ ഏറ്റവുമുയര്‍ന്ന സ്‌കോറായ 264 റണ്‍സ് വാരിക്കൂട്ടിയ ശേഷമാണ് ഡിസിക്കു ഇങ്ങനെയൊരു കൂട്ടത്തകര്‍ച്ച നേരിട്ടത്.
സ്റ്റാര്‍ ബാറ്ററും ടീമിലെ ഏറ്റവും സീനിയര്‍ താരവുമായ കെഎല്‍ രാഹുലടക്കം എല്ലാവരും ഒരുപോലെ ഫ്‌ളോപ്പായതാണ് ആര്‍സിബിക്കെതിരേ ഡിസിയുടെ കൂട്ടത്തകര്‍ച്ചയ്ക്കു കാരണം. വെറും ഒരു റണ്‍സാണ് രാഹുലിനു നേടാനായത്.
ഈ മല്‍സരത്തില്‍ അദ്ദേഹത്തെ പുറത്താക്കിയ വിരാട് കോലിയുടെ ഒരു മാസ്റ്റര്‍ സ്‌ട്രോക്കാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഇതിന്റ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Photocredit/X
കോലിയുടെ പ്ലാനിങ്
ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ വിക്കറ്റ് കുറിക്കപ്പെട്ടത് ജോഷ് ഹേസല്‍വുഡിന്റെ പേരിലാണെങ്കിലും ശരിക്കും അതിന്റെ അവകാശി വിരാട് കോലിയാണ്. അദ്ദേഹത്തിന്റെ പ്ലാനിങ് അനുസരിച്ച് ബൗള്‍ ചെയ്തതു കൊണ്ടാണ് രാഹുലിന്റെ വമ്പന്‍ വിക്കറ്റ് തുടക്കത്തില്‍ തന്നെ പിഴുതെടുക്കാന്‍ ഡിസിക്കു സാധിച്ചത്.
അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ സ്വപ്‌നതുല്യമായിരുന്നു ആര്‍സിബിയുടെ തുടക്കം. അരങ്ങേറ്റ മല്‍സരം കളിക്കാനിറങ്ങിയ ഡിസിയുടെ യുവതാരം സാഹില്‍ പരാഖിനെ ഇന്നിങ്‌സിലെ പണ്ടാമത്തെ ബോളില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ബോള്‍ ചെയ്യേണ്ട ഏരിയയെ കുറിച്ച് ഹേസല്‍വുഡിനു നിര്‍ദേശം നല്‍കുന്ന കോലി. വീഡിയോ കാണാം
അതിനു ശേഷമായിരുന്നു രാഹുലിനെതിരേ എവിടെയാണ് ബോള്‍ പിച്ച് ചെയ്യിക്കേണ്ടതെന്നു കോലി പിച്ചില്‍ കൈ വച്ച് ഹേസല്‍വുഡിന് കാണിച്ചുകൊടുത്തത്. അടുത്ത ഓവര്‍ എറിയാനിരുന്നതും ഓസ്‌ട്രേലിയന്‍ പേസറായിരുന്നു.

മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ കൂടിയായ കോലിയുടെ നിര്‍ദേശം ഹേസല്‍വുഡ് അതേ പടി പാലിച്ചപ്പോള്‍ രണ്ടാം ഓവറിലെ ആദ്യ ബോളില്‍ തന്നെ രാഹുല്‍ വീഴുകയും ചെയ്തു. ഓഫ്സ്റ്റംപിനു പുറത്തായി ഒരു ബാക്ക് ഓഫ് എ ലെങ്ത്ത് ബോളായിരുന്നു ഹേസല്‍വുഡ് പരീക്ഷിച്ചത്.
രാഹുല്‍ വളരെ പെട്ടെന്നു തന്നെ യാതൊരു ബാലന്‍സുമില്ലാതെ ഒരു പുള്‍ ഷോട്ടിനു ശ്രമിക്കുകയും ചെയ്തു. പക്ഷെ ടൈമിങ് പാടെ പാളി. ടോപ് എഡ്ജായ ബോള്‍ നേരെ മുകളിലേക്കുയര്‍ന്നു. വിക്കറ്റിനു പിന്നില്‍ ജിതേഷ് ശര്‍മ അതു അനായാസം പിടികൂടുകയുമായിരുന്നു. ഇതോടെ മൂന്നു ബോളില്‍ ഒരു റണ്‍സ് മാത്രമെടുത്ത് രാഹുല്‍ ക്രീസ് വിടുകയും ചെയ്തു.
അതേസമയം, ഡിസിക്കെതിരായ വമ്പന്‍ ജയത്തോടെ വീണ്ടുമൊരു പ്ലേഓഫിനു തൊട്ടരികെ എത്തിയ ആര്‍സിബി പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തു.
എട്ടു മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റാണ് അവര്‍ക്കുള്ളത്. ആറെണ്ണത്തില്‍ ജയിച്ച ആര്‍സിബി ഒന്നില്‍ മാത്രമേ തോറ്റിട്ടുള്ളൂ. ഇനി ശേഷിക്കുന്ന ആറു മല്‍സരങ്ങളില്‍ രണ്ടെണ്ണം കൂടി ജയിച്ചാല്‍ 16 പോയിന്റുമായി ആര്‍സിബിക്കു പ്ലേഓഫിലേക്കു മുന്നേറാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications